വേണമെങ്കില്‍ പണമടയ്‌ക്കണമെന്നു കേന്ദ്രം സൗജന്യ മണ്ണെണ്ണ തരില്ല – UKMALAYALEE

വേണമെങ്കില്‍ പണമടയ്‌ക്കണമെന്നു കേന്ദ്രം സൗജന്യ മണ്ണെണ്ണ തരില്ല

Monday 27 August 2018 11:47 PM UTC

തിരുവനന്തപുരം Aug 28: പ്രളയബാധിതര്‍ക്കുള്ള അരിക്കു പുറമേ മണ്ണെണ്ണയ്‌ക്കും ഉയര്‍ന്നവില നല്‍കണമെന്നു കേന്ദ്രസര്‍ക്കാര്‍.

കേരളത്തിനു സൗജന്യ അരി നല്‍കില്ലെന്ന കേന്ദ്രപ്രഖ്യാപനത്തിനു പിന്നാലെയാണ്‌ അധിക മണ്ണെണ്ണയ്‌ക്കും സബ്‌സിഡി നല്‍കാനാവില്ലെന്നു കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ അറിയിപ്പ്‌.

12,000 കിലോ ലിറ്റര്‍ മണ്ണെണ്ണയാണു കേരളം കേന്ദ്രത്തോടാവശ്യപ്പെട്ടത്‌. എന്നാല്‍, ഇതിനു സബ്‌സിഡി നല്‍കാനാവില്ലെന്നാണു കേന്ദ്രത്തിന്റെ നിലപാട്‌.

സബ്‌സിഡി കൂടാതെ, ലിറ്ററിന്‌ 70 രൂപയാണു കേരളം നല്‍കേണ്ടിവരുക. സബ്‌സിഡി ലഭിച്ചിരുന്നെങ്കില്‍ ലിറ്ററിന്‌ 29 രൂപ മാത്രം നല്‍കേണ്ട സ്‌ഥാനത്താണിത്‌.

പ്രളയദുരന്തം നേരിടാന്‍ സൗജന്യ അരി അനുവദിക്കാനാവില്ലെന്നു കേന്ദ്ര ഭക്ഷ്യമന്ത്രാലയം സംസ്‌ഥാന ഭക്ഷ്യസുരക്ഷാവകുപ്പിനെ അറിയിച്ചിരുന്നു. അരിക്കു കിലോഗ്രാമിന്‌ 25 രൂപയാണു കേന്ദ്രം ആവശ്യപ്പെട്ടത്‌. ഇതുപ്രകാരം സംസ്‌ഥാനത്തിന്‌ 233 കോടി രൂപയുടെ ബാധ്യതയുണ്ടാകും.

അരി എഫ്‌.സി.ഐ. ഗോഡൗണില്‍നിന്ന്‌ എടുക്കാന്‍ തത്‌കാലം പണം നല്‍കേണ്ട. എന്നാല്‍, കേന്ദ്രം സംസ്‌ഥാനത്തിന്‌ അനുവദിക്കുന്ന ഫണ്ടില്‍നിന്ന്‌ ഈ തുക ഈടാക്കുമെന്നും ഭക്ഷ്യമന്ത്രാലയം അറിയിച്ചിരുന്നു.

സംഭവം വിവാദമായതോടെ, ആദ്യ ഉത്തരവ്‌ പിന്‍വലിക്കുമെന്നു കേന്ദ്രമന്ത്രി രാംവിലാസ്‌ പാസ്വാന്‍ അറിയിച്ചിരുന്നെങ്കിലും ഇതുസംബന്ധിച്ച അറിയിപ്പ്‌ കേരളത്തിനു ലഭിച്ചിട്ടില്ല.

മണ്ണെണ്ണയ്‌ക്കു സബ്‌സിഡി ആവശ്യപ്പെട്ടു പ്രധാനമന്ത്രിക്കും െപട്രോളിയം മന്ത്രാലയത്തിനും സംസ്‌ഥാനസര്‍ക്കാര്‍ വീണ്ടും കത്ത്‌ നല്‍കും.

CLICK TO FOLLOW UKMALAYALEE.COM