വെള്ളം ഇറങ്ങിയപ്പോള്‍ പിരിവിന്റെ വേലിയേറ്റം – UKMALAYALEE
foto

വെള്ളം ഇറങ്ങിയപ്പോള്‍ പിരിവിന്റെ വേലിയേറ്റം

Wednesday 19 September 2018 1:24 AM UTC

ലപ്പുഴ Sept 19 : പ്രളയാനന്തരകേരളത്തില്‍ പിരിവുപ്രളയം! മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി നിറയ്‌ക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളും ഇടതുസംഘടനകളും കൈമെയ്‌ മറന്നു രംഗത്തുണ്ട്‌.

ദുരിതാശ്വാസത്തിന്റെ ക്രെഡിറ്റ്‌ ഭരണപക്ഷത്തിന്റെ “അക്കൗണ്ടില്‍” പോകാതിരിക്കാന്‍ സമാന്തരനീക്കങ്ങളുമായി പ്രതിപക്ഷവും കച്ചകെട്ടിയിറങ്ങി. ഇതോടെ കീശ കീറിയ അവസ്‌ഥയിലാണു ജനം.

ജീവനക്കാരെ ധര്‍മസങ്കടത്തിലാക്കിയ സര്‍ക്കാരിന്റെ സാലറി ചലഞ്ചിനെതിരേ ഹൈക്കോടതിക്കുതന്നെ പ്രതികരിക്കേണ്ടിവന്നു. പ്രളയബാധിതര്‍ക്ക്‌ 1001 വീടുകള്‍ എന്ന പദ്ധതിയുമായാണു കോണ്‍ഗ്രസിന്റെ സമാന്തരപിരിവ്‌.

അഞ്ചുലക്ഷം രൂപ വീതം ചെലവിട്ട്‌ 1001 വീടുകള്‍ നിര്‍മിച്ചുനല്‍കുകയാണു ലക്ഷ്യം.

കേരളസന്ദര്‍ശനത്തിനിടെ കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണു പദ്ധതി ഉദ്‌ഘാടനം ചെയ്‌തത്‌.

മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തലയും കെ.പി.സി.സി. അധ്യക്ഷന്‍ എം.എം ഹസനും ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഓരോ വീടുകള്‍ നിര്‍മിച്ചുനല്‍കാന്‍ അന്നുതന്നെ സമ്മതപത്രം െകെമാറി.

ഇനിയും ഏകദേശം 975 വീടുകള്‍ നിര്‍മിക്കാന്‍ 48.75 കോടി രൂപ പിരിച്ചെടുക്കണം.പ്രളയത്തില്‍ ഏറെ നഷ്‌ടം സഹിച്ച വ്യാപാരികള്‍ക്കും പിരിവുകാരില്‍നിന്നു മോചനമില്ല. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക്‌ 500 കോടി രൂപയുടെ സാധനങ്ങള്‍ നല്‍കിയതായാണു കേരള വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ കണക്ക്‌.

സര്‍ക്കാരും രാഷ്‌ട്രീയകക്ഷികളും ചോദിച്ചുവാങ്ങിയതും വ്യാപാരികള്‍ സ്വമേധയാ നല്‍കിയതും ഇതിലുള്‍പ്പെടും. എന്നിട്ടും പിരിവിന്റെ പേരില്‍ വ്യാപാരികളെ പീഡിപ്പിക്കുകയാണെന്നു സമിതി ജനറല്‍ സെക്രട്ടറി രാജു അപ്‌സര ആരോപിച്ചു.

വ്യാപാരികളെ പിഴിയാന്‍ എല്ലാ രാഷ്‌ട്രീയകക്ഷികളും രംഗത്തുണ്ട്‌. മന്ത്രിമാര്‍, എം.എല്‍.എമാര്‍ തുടങ്ങി, നഗരസഭാ കൗണ്‍സിലര്‍മാരും പഞ്ചായത്ത്‌ അംഗങ്ങളും വരെ പിരിവിനിറങ്ങുമ്പോള്‍, കടയ്‌ക്കു ഷട്ടറിട്ട്‌ ഓടിയൊളിക്കേണ്ട അവസ്‌ഥയാണെന്നു വ്യാപാരികള്‍ പറയുന്നു.

ഇതിനു പുറമേ വാണിജ്യനികുതി, ലേബര്‍ ഓഫീസ്‌ എന്നിവിടങ്ങളില്‍നിന്നും പിരിവിനായി സമ്മര്‍ദമുണ്ട്‌. ഓണവിപണി പ്രളയത്തില്‍ മുങ്ങിയതോടെ പ്രതിസന്ധിയിലായ സ്വര്‍ണ-വസ്‌ത്രവ്യാപാരികളില്‍നിന്നും കണ്ണുരുട്ടി കോടികള്‍ സമാഹരിക്കാന്‍ ജനപ്രതിനിധികള്‍ മുന്നിലുണ്ട്‌.

മുഖ്യമന്ത്രിയുടെ സാലറി ചലഞ്ച്‌ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കു പുറമേ പെന്‍ഷന്‍കാരും നിര്‍ബന്ധിതരായിരിക്കുകയാണ്‌.

സര്‍ക്കാര്‍ ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളം ദുരിതാശ്വാസനിധിയിലേക്ക്‌ ഉറപ്പാക്കാന്‍ തന്ത്രങ്ങള്‍ പലതാണ്‌. വകുപ്പുമേധാവികള്‍ മുഖേന ജീവനക്കാരെ സമ്മര്‍ദത്തിലാക്കുകയാണ്‌ അതിലൊന്ന്‌.

പ്രളയബാധിതപ്രദേശങ്ങളിലും സര്‍ക്കാര്‍വക പിരിവ്‌ തകൃതിയായി നടന്നു. ഇവിടങ്ങളിലെ സ്‌കൂളുകള്‍ കേന്ദ്രീകരിച്ചുപോലും ധനസമാഹരണം നടത്തിയതു വന്‍പ്രതിഷേധത്തിനിടയാക്കി.

പ്രളയത്തില്‍ തകര്‍ന്നടിഞ്ഞ വിനോദസഞ്ചാരമേഖലയ്‌ക്കും പിരിവ്‌ കൂനിന്മേല്‍ കുരുവായി.

പോരാതെ രാഷ്‌ട്രീയ പിരിവും വരും. സി.പി.എമ്മും സി.പി.ഐയും സംസ്‌ഥാനജാഥകള്‍ക്കുള്ള തയാറെടുപ്പിലാണ്‌. സി.പി.ഐ. മണ്ഡലം അടിസ്‌ഥാനത്തില്‍ നടത്തുന്ന വാഹനജാഥയ്‌ക്ക്‌ അടുത്തമാസം തുടക്കമാകും. സി.പി.എമ്മും ജാഥയ്‌ക്കുള്ള തയാറെടുപ്പിലാണ്‌.

CLICK TO FOLLOW UKMALAYALEE.COM