വീട് വാഗ്ദാനം നല്‍കി പറ്റിച്ചെന്ന ആരോപണം; ചിലര്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് മഞ്ജു വാര്യര്‍ – UKMALAYALEE

വീട് വാഗ്ദാനം നല്‍കി പറ്റിച്ചെന്ന ആരോപണം; ചിലര്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് മഞ്ജു വാര്യര്‍

Wednesday 13 February 2019 2:51 AM UTC

വയനാട്  Feb 13: മഞ്ജു വാര്യര്‍ വീടു നല്‍കാമെന്ന് പറഞ്ഞ് പറ്റിച്ചെന്ന് ആരോപിച്ച് വയനാട് പരക്കുനി കോളനിയിലെ ആദിവാസികള്‍ നടിയുടെ വീടിനു മുന്നില്‍ കുടില്‍ കെട്ടി സമരത്തിനൊരുങ്ങുന്ന സാഹചര്യത്തില്‍ ഒത്തുതീര്‍പ്പിനായി സര്‍ക്കാര്‍ ഇടപെടുന്നു.

മഞ്ജുവുമായി ചര്‍ച്ച നടത്തിയ മന്ത്രി എ.കെ.ബാലന്‍ സമരക്കാരുമായി ഫോണില്‍ സംസാരിച്ചതായാണു വിവരം. ബുധനാഴ്ച്ച മുതല്‍ തൃശൂരിലെ മഞ്ജുവാര്യറുടെ വീടിന് മുന്നില്‍ കുടില്‍ കെട്ടി സമരം നടത്തുമെന്നാണ് ആദിവാസികള്‍ നേരത്തെ അറിയിച്ചിരുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഒത്തുതീര്‍പ്പിനായുള്ള സര്‍ക്കാര്‍ ഇടപെടല്‍.

ഒന്നര വര്‍ഷം മുമ്പ് വീട് നിര്‍മ്മിച്ച് നല്‍കാമെന്ന് പറഞ്ഞ വാഗ്ദാനം മഞ്ജു ഇതുവരെ പാലിച്ചില്ലെന്നാണ് ആദിവാസികള്‍ പറയുന്നത്. മഞ്ജു വാര്യറുടെ വാഗ്ദാനത്തെ തുടര്‍ന്ന് ജില്ലാ ഭരണകൂടവുമായി ചര്‍ച്ച ചെയ്ത് പദ്ധതി തയ്യാറാക്കിയിരുന്നു.

എന്നാല്‍ ഒന്നര വര്‍ഷം പിന്നിട്ടിട്ടും പ്രാരംഭ പ്രവര്‍ത്തനം പോലും നടത്തില്ലെന്നാണ് ആദിവാസികളുടെ ആക്ഷേപം. വാഗ്ദാനം വിശ്വസിച്ച കോളനിവാസികള്‍ക്കു കേന്ദ്രസംസ്ഥാന സര്‍ക്കാരുകളില്‍നിന്നു ലഭിക്കേണ്ടിയിരുന്ന സഹായം നിഷേധിക്കപ്പെട്ടതായും ഇവര്‍ പറയുന്നു.

അതേസമയം, കോളനിയില്‍ സര്‍ക്കാര്‍ പദ്ധതികള്‍ ഒന്നും ഈ പേരില്‍ മുടങ്ങില്ലെന്നു മന്ത്രി വ്യക്തമാക്കി. ആദിവാസി സഹോദരന്‍മാരെ ചിലര്‍ തെറ്റിദ്ധരിപ്പിച്ചു സമരത്തിനിറക്കുകയാണെന്നാണ് മഞ്ജു ഇതിനോട് പ്രതികരിച്ചത്.

ആദിവാസി സമൂഹത്തിന്റെ നന്മയ്ക്കും പുരോഗതിക്കും വേണ്ടി എന്നും ഒപ്പം നിന്നു പ്രവര്‍ത്തിക്കുമെന്നും അവര്‍ വ്യക്തമാക്കി.

CLICK TO FOLLOW UKMALAYALEE.COM