വീട്ടിലെത്തിയപ്പോള്‍ കൈയാങ്കളി; കനകദുര്‍ഗ ആശുപത്രിയില്‍ – UKMALAYALEE

വീട്ടിലെത്തിയപ്പോള്‍ കൈയാങ്കളി; കനകദുര്‍ഗ ആശുപത്രിയില്‍

Wednesday 16 January 2019 12:06 PM UTC

മലപ്പുറം/മഞ്ചേരി Jan 16: ശബരിമല ദര്‍ശനം നടത്തി വിവാദനായികയായ കനകദുര്‍ഗ(38) തിരിച്ചെത്തിയപ്പോള്‍ അങ്ങാടിപ്പുറത്തെ വീട്ടില്‍ കൈയാങ്കളി.

ഭര്‍തൃമാതാവ്‌ സുമതിയമ്മ (70) പട്ടികക്കഷണംകൊണ്ടു തലയ്‌ക്കടിച്ചെന്ന്‌ ആശുപത്രിയില്‍വച്ച്‌ കനകദുര്‍ഗ നല്‍കിയ മൊഴിയുടെ അടിസ്‌ഥാനത്തില്‍ പോലീസ്‌ കേസെടുത്തു.

കനകദുര്‍ഗ തന്നെ തള്ളിയിട്ട്‌ പരുക്കേല്‍പ്പിച്ചെന്നാരോപിച്ച്‌ സുമതിയമ്മയും ആശുപത്രിയില്‍ ചികിത്സ തേടി.

ഇന്നലെ രാവിലെ 7.15-നായിരുന്നു സംഭവം.

വീട്ടിലെത്തിയ തന്നെ അടുക്കളയില്‍നിന്നു വന്ന സുമതിയമ്മ പട്ടികകൊണ്ടു തലയ്‌ക്കടിച്ചെന്നാണ്‌ കനകദുര്‍ഗയുടെ മൊഴി. തലകറക്കമുണ്ടായ തന്നെ വീടിനു പുറത്താക്കി വാതിലടച്ചെന്നും അവര്‍ പറഞ്ഞു.

വീടിനു കാവലിനായി നിയോഗിച്ചിരുന്ന പോലീസുകാരുടെ സഹായത്തോടെ ഓട്ടോറിക്ഷയില്‍ പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലെത്തി. തലയ്‌ക്കു ക്ഷതമുണ്ടെന്നും ചെവിക്കു പ്രശ്‌നങ്ങളുണ്ടെന്നും കണ്ടെത്തിയതോടെ മഞ്ചേരി മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലേക്കു കൊണ്ടുപോയി.

മഞ്ചേരിയില്‍ ന്യൂറോ സര്‍ജന്‍ ഇല്ലാത്തതിനാല്‍ പിന്നീട്‌ കോഴിക്കോട്‌ മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലേക്കു റഫര്‍ ചെയ്‌തു.

മഞ്ചേരിയില്‍നിന്നു കോഴിക്കോട്ടേക്കു കൊണ്ടുപോകുന്നതിനു കനകദുര്‍ഗയെ ആംബുലന്‍സില്‍ കയറ്റിയപ്പോള്‍ കര്‍മ്മസമിതി പ്രവര്‍ത്തകര്‍ നാമജപവും മുദ്രാവാക്യവുമായി വണ്ടിക്കു മുന്നിലേക്കു ചാടി.

തടയാനെത്തിയ പോലീസുമായി ഉന്തും തള്ളുമുണ്ടായെങ്കിലും പോലീസിന്റെ ഇടപെടല്‍ രംഗം ശാന്തമാക്കി. മുരളീധരന്‍, പി.ജി. ഉപേന്ദ്രന്‍, അഭിലാഷ്‌ എന്നിവരടക്കം കണ്ടാലറിയാവുന്ന പത്തോളം കര്‍മ്മസമിതി പ്രവര്‍ത്തകര്‍ക്കെതിരേ പോലീസ്‌ കേസെടുത്തു.

വീട്ടിലെത്തിയ കനകദുര്‍ഗയെ തടഞ്ഞപ്പോള്‍ തന്നെ തള്ളിവീഴ്‌ത്തുകയായിരുന്നെന്നു സുമതിയമ്മ പറഞ്ഞു. എഴുന്നേറ്റുവന്ന്‌ കനകദുര്‍ഗയെ തള്ളിപ്പുറത്താക്കി വാതിലടയ്‌ക്കുകയാണു ചെയ്‌തതെന്നും അവര്‍ പറഞ്ഞു.

കഴിഞ്ഞ രണ്ടിനാണ്‌ കനകദുര്‍ഗയും ബിന്ദുവും ശബരിമലയില്‍ ദര്‍ശനം നടത്തിയത്‌. ഹര്‍ത്താലും അക്രമവുമുണ്ടായതോടെ രഹസ്യസങ്കേതത്തിലായിരുന്ന ഇവര്‍ കൊച്ചിയില്‍ “ആര്‍പ്പോ ആര്‍ത്തവം” പരിപാടിയില്‍ പങ്കെടുത്തിരുന്നു.

സപ്ലൈകോയിലെ ജോലിയില്‍ തിരികെ പ്രവേശിക്കാനായാണു വീട്ടിലെത്തിയത്‌.

CLICK TO FOLLOW UKMALAYALEE.COM