വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസ്‌: വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി – UKMALAYALEE

വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസ്‌: വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

Thursday 12 July 2018 5:32 AM UTC

കൊച്ചി July 12: വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ ഓര്‍ത്തഡോക്‌സ്‌ വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഫാ. സോണി വര്‍ഗീസ്‌, ഫാ. ജോബ്‌ മാത്യു, ഫാ. ജെയ്‌സ്‌ കെ. ജോര്‍ജ്‌ എന്നിവര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയാണു കോടതി തള്ളിയത്‌.

ഇവര്‍ക്കെതിരേ പ്രഥമദൃഷ്‌ട്യാ കേസുണ്ടെന്നും വീട്ടമ്മയുടെ പരാതിയില്‍ അന്വേഷണസംഘത്തിനു മുന്നോട്ടുപോകാമെന്നും കോടതി വ്യക്‌തമാക്കി.

പീഡനത്തിന്റെ സംഭവങ്ങള്‍ വീട്ടമ്മ മജിസ്‌ട്രേറ്റിനു നല്‍കിയ രഹസ്യമൊഴിയില്‍ വ്യക്‌തമാണെന്നും കോടതി പറഞ്ഞു. പരസ്‌പരസമ്മതത്തോടെ ബന്ധപ്പെട്ടുവെന്ന ഹര്‍ജിക്കാരുടെ വാദത്തിന്‌ അടിസ്‌ഥാനമില്ല.

വൈദികര്‍ വീട്ടമ്മ ഉള്‍പ്പെടുന്നവര്‍ക്കുമേല്‍ മേല്‍ക്കൈയുള്ളവരാണ്‌. ഇത്‌ കേസിന്റെ അന്വേഷണത്തെയും തെളിവിനെയും ബാധിക്കും. വൈദികര്‍ക്ക്‌ ഇരയുടെ ബന്ധുക്കളുമായും അടുത്ത ബന്ധമുണ്ട്‌.

ഈ സാഹചര്യത്തില്‍ ഹര്‍ജിക്കാര്‍ക്ക്‌ ജാമ്യം അനുവദിച്ചാല്‍ നീതിനിര്‍വഹണത്തെത്തന്നെ തടസപ്പെടുത്താനിടയാകുമെന്നും ഉത്തരവില്‍ പറയുന്നു.

പ്രതികളെ കസ്‌റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത്‌ അനിവാര്യമാണെന്നും മുന്‍കൂര്‍ജാമ്യം അനുവദിക്കരുതെന്നമുള്ള പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു.

വീട്ടമ്മയുടെ ആരോപണം അടിസ്‌ഥാനരഹിതമാണെന്നും കര്‍ശന ഉപാധികളോടെയെങ്കിലും ജാമ്യം അനുവദിക്കണമെന്ന ഹര്‍ജിക്കാരുടെ വാദം കോടതി സ്വീകരിച്ചില്ല.

പോലീസിന്റെ ഭാഗത്തുനിന്നു വൈദികര്‍ക്ക്‌ യാതൊരു അറിയിപ്പും കിട്ടിയിട്ടില്ല. മാധ്യമങ്ങളിലൂടെയാണ്‌ കേസിന്റെ കാര്യങ്ങള്‍ മനസിലാക്കിയതെന്നും വൈദികരുടെ അഭിഭാഷകന്‍ കോടതിയില്‍ ബോധിപ്പിച്ചു.

വൈദികര്‍ക്ക്‌ കീഴ്‌കോടതിയില്‍ കീഴടങ്ങിയശേഷം ജാമ്യത്തിനു ശ്രമിക്കാവുന്നതാണെന്നും ജസ്‌റ്റിസ്‌ രാജാ വിജയരാഘവന്റെ ഉത്തരവില്‍ പറയുന്നു.

CLICK TO FOLLOW UKMALAYALEE.COM