വി.എസ്‌. സര്‍ക്കാര്‍ ഒഴിപ്പിച്ച മൂന്നാര്‍ വീണ്ടും ‘ഭൂസ്വാമി’മാരുടെ പിടിയില്‍ – UKMALAYALEE

വി.എസ്‌. സര്‍ക്കാര്‍ ഒഴിപ്പിച്ച മൂന്നാര്‍ വീണ്ടും ‘ഭൂസ്വാമി’മാരുടെ പിടിയില്‍

Friday 24 January 2020 5:53 AM UTC

തൊടുപുഴ Jan 24: മൂന്നാറില്‍ വി.എസ്‌. സര്‍ക്കാരിന്റെ കാലത്ത്‌ ഒഴിപ്പിച്ച 1500 ഏക്കര്‍ സര്‍ക്കാര്‍ഭൂമി വീണ്ടും കൈയേറ്റ മാഫിയ പിടിച്ചടക്കി. ഉദ്യോഗസ്‌ഥരെ സ്വാധീനിച്ചും കോടതിയില്‍ നല്‍കിയ കേസിന്റെ മറവിലുമാണു വീണ്ടും ഭൂമി കൈയേറിയത്‌.
കൈയേറ്റഭൂമിയിലെ 92 കെട്ടിടങ്ങള്‍ വി.എസ്‌. സര്‍ക്കാരിന്റെ കാലത്ത്‌ കെ. സുരേഷ്‌കുമാര്‍, രാജു നാരായണസ്വാമി, ഋഷിരാജ്‌ സിങ്‌ എന്നിവരുടെ നേതൃത്വത്തിലുള്ള ദൗത്യസംഘം പൊളിച്ചുനീക്കിയിരുന്നു.

വനം, റവന്യൂ, വൈദ്യുതി വകുപ്പുകളുടെയും എച്ച്‌.എന്‍.എല്ലിന്റെയും ഭൂമികളും ഏലമലക്കാടുകളുമാണു കൈയേറിയത്‌.

റവന്യൂ ഉദ്യോഗസ്‌ഥരുടെ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ വി.എസ്‌. സര്‍ക്കാര്‍ തുടങ്ങിവച്ച മൂന്നാര്‍ ദൗത്യം പ്രാദേശിക രാഷ്‌ട്രീയനേതാക്കളുടെ എതിര്‍പ്പിനേത്തുടര്‍ന്ന്‌ പാതിവഴി ഉപേക്ഷിക്കേണ്ടിവന്നിരുന്നു.

അന്ന്‌ ഒഴിപ്പിച്ച സ്‌ഥലങ്ങളില്‍ രണ്ടിടത്തൊഴികെ ഇപ്പോള്‍ വീണ്ടും കെട്ടിടങ്ങള്‍ ഉയരുകയാണ്‌. കെട്ടിടനിര്‍മാണം നടക്കാത്ത ഭൂമിയാകട്ടെ ഒരു മന്ത്രിയുടെ സഹോദരന്റെ കൈവശമാണ്‌.

ഒരു മുന്‍മന്ത്രിയുടെ മരുമകനും രണ്ടു ചലച്ചിത്രതാരങ്ങളും ഉള്‍പ്പെടെയുള്ളവര്‍ കൈയേറ്റഭൂമിയില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു.

“സ്‌മോക്കിങ്‌ പാര്‍ട്ടി” എന്നറിയപ്പെടുന്ന ലഹരിവിരുന്ന്‌ ഉള്‍പ്പെടെ നടത്താന്‍ കൊച്ചിയിലെ പുതുതലമുറ ചലച്ചിത്രപ്രവര്‍ത്തകര്‍ക്കുമൂന്നാറില്‍ പ്രത്യേകസംവിധാനവുമുണ്ട്‌.

ഒരു സി.പി.എം. പ്രാദേശികനേതാവാണ്‌ ഇത്തരം ഇടപാടുകള്‍ക്ക്‌ ഒത്താശ ചെയ്യുന്നത്‌.

CLICK TO FOLLOW UKMALAYALEE.COM