‘വിശ്വാസികള്‍ കൈവിട്ടു’ മുന്നണിയോഗത്തില്‍ പിണറായിയുടെ കുറ്റസമ്മതം – UKMALAYALEE

‘വിശ്വാസികള്‍ കൈവിട്ടു’ മുന്നണിയോഗത്തില്‍ പിണറായിയുടെ കുറ്റസമ്മതം

Wednesday 12 June 2019 3:31 AM UTC

തിരുവനന്തപുരം June 12: പൊതുതെരഞ്ഞെടുപ്പിലെ തിരിച്ചടിക്കു കാരണം ശബരിമലവിഷയം തന്നെയെന്ന്‌ ഉറപ്പിച്ച്‌ ഇടതുമുന്നണിയോഗം. ഒരു വിഭാഗം വിശ്വാസികള്‍ എല്‍.ഡി.എഫിനെതിരേ വോട്ടു ചെയ്‌തെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തില്‍ സമ്മതിച്ചു.

വിശ്വാസികളെ തിരിച്ചുകൊണ്ടുവരാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും പിണറായി വ്യക്‌തമാക്കി.
ഇന്നലെ വൈകുന്നേരം നാലിനു നടന്ന യോഗത്തിലാണ്‌ പിണറായിയുടെ ഏറ്റുപറച്ചില്‍.

എല്‍.ജെ.ഡിയാണു യോഗത്തില്‍ ശബരിമലവിഷയം ആദ്യം ഉന്നയിച്ചത്‌. വനിതാമതിലിനു പുറകെ ശബരിമലയില്‍ സ്‌ത്രീകളെ കയറ്റിയത്‌ വിശ്വാസികളുടെ വോട്ടു ചോര്‍ത്തിയെന്നായിരുന്നു വിമര്‍ശനം.

സി.പി.ഐ നേതാക്കളും കേരളാ കോണ്‍ഗ്രസ്‌(ബി)യും ഇൗ പരാമര്‍ശം ഏറ്റെടുത്തു. ഇതോടെയാണ്‌ തുറന്നുപറച്ചിലിലേക്കു പിണറായി എത്തിയത്‌.

വിഷയം പരിശോധിക്കാന്‍ പ്രത്യേകയോഗം ചേരണമെന്ന സി.പി.ഐ ആവശ്യം മുന്നണിയോഗം അംഗീകരിച്ചു. മുമ്പ്‌ ശബരിമല തെരഞ്ഞെടുപ്പില്‍ പ്രശ്‌നമായില്ലെന്ന നിലപാടിലായിരുന്നു സി.പി.എം.

ഒരുപറ്റം വിശ്വാസികള്‍ തെറ്റിദ്ധരിക്കപ്പെട്ടുവെന്നും അതാണു തോല്‍വിക്കു കാരണമെന്നുമായിരുന്നു വിലയിരുത്തല്‍. എന്നാല്‍, സി.പി.ഐ സംസ്‌ഥാന എക്‌സിക്യൂട്ടിവില്‍ ശബരിമല നിലപാട്‌ തിരിച്ചടിയായെന്ന വിലയിരുത്തലുണ്ടായി.

യോഗത്തെത്തുടര്‍ന്നു നടന്ന പത്രസമ്മേളനത്തില്‍ എല്‍.ഡി.എഫ്‌ കണ്‍വീനര്‍ എ. വിജയരാഘവന്‍ സര്‍ക്കാരിനെ അനുകൂലിച്ചെങ്കിലും ശബരിമല വിഷയത്തില്‍ യു.ഡി.എഫും, ബി.ജെ.പിയും ഉന്നയിച്ച ആരോപണങ്ങളെ മറികടക്കാന്‍ മുന്നണിക്കായില്ലെന്നു സമ്മതിച്ചു.

CLICK TO FOLLOW UKMALAYALEE.COM