വിവാദങ്ങള്‍ക്കിടെ ഗ്രൂപ്പിസം പരസ്യം; കണ്ണൂര്‍ ലോബി ശിഥിലമാകുന്നു – UKMALAYALEE

വിവാദങ്ങള്‍ക്കിടെ ഗ്രൂപ്പിസം പരസ്യം; കണ്ണൂര്‍ ലോബി ശിഥിലമാകുന്നു

Wednesday 26 June 2019 11:26 PM UTC

കണ്ണൂര്‍ June 27 : ‘പുരയ്‌ക്കു മീതെ വളര്‍ന്ന’ പി. ജയരാജനെ വെട്ടിയൊതുക്കാനുള്ള ശ്രമം പാതിവഴിയില്‍ പാളുകയും പ്രവാസി സംരംഭകന്‍ സാജന്‍ ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ ആന്തൂര്‍ നഗരസഭ പ്രതിക്കൂട്ടിലാകുകയും ചെയ്‌തതോടെ സി.പി.എമ്മിലെ കണ്ണൂര്‍ ലോബി ഉലയുന്നു.

പിണറായിയും കോടിയേരിയും രണ്ടു ജയരാജന്മാരും കണ്ണൂര്‍ കേന്ദ്രീകൃത രാഷ്‌ട്രീയത്തില്‍നിന്നു മാറിയതോടെ കേന്ദ്രകമ്മിറ്റിയംഗം എം.വി. ഗോവിന്ദന്‍ ഈ ലോബിയുടെ പ്രതിരൂപമായി, അവിടെ പി. ജയരാജന്റെ എതിരാളിയായി.

ഗോവിന്ദന്റെ ഭാര്യയായ ആന്തൂര്‍ നഗരസഭാധ്യക്ഷ പി.കെ. ശ്യാമള പുതിയ വിവാദത്തില്‍ കുടുങ്ങിയതോടെ പി. ജയരാജന്‍ വീണ്ടും തലയുയര്‍ത്തുന്നു. ചേരിപ്പോരില്‍ കണ്ണൂര്‍ ലോബി ശിഥിലമാകുകയാണ്‌.

പുതിയ വിവാദങ്ങളുടെ മുഖ്യകാരണവും സി.പി.എമ്മിനു കരകയറാനാകാത്ത സാഹചര്യം സൃഷ്‌ടിച്ചതും കണ്ണൂര്‍ നേതൃനിരയിലെ ഭിന്നതയാണ്‌.

സാജനു വേണ്ടി പി. ജയരാജന്‍ ഇടപെട്ടതാണ്‌ എതിപക്ഷത്തെ പ്രകോപിപ്പിച്ചതെന്നാണു സൂചന. പി. ജയരാജന്‍ ആരുമല്ലെന്നു സ്‌ഥാപിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ സാജന്റെ ആത്മഹത്യ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു.

പാര്‍ട്ടി പ്രതിരോധത്തിലായി. അണികളുടെ പിന്തുണയില്‍ “പി.ജെ.” വീണ്ടും കരുത്തു നേടുകയാണ്‌. വിഭാഗീയതയുടെ കാലത്തു വി.എസിനെതിരേ കണ്ണൂര്‍ ലോബി ഒറ്റക്കെട്ടായിരുന്നെങ്കിലും പിന്നീടു സ്‌ഥിതി മാറി.

ജില്ലാ സെക്രട്ടറി പദത്തില്‍ പി. ജയരാജന്‍ കണ്ണൂരിലെ ശക്‌തികേന്ദ്രമായി. വലിയ നേതാക്കളേക്കാള്‍ അണികള്‍ക്കിടയില്‍ സ്വാധീനം വര്‍ധിച്ചതോടെയാണു പാര്‍ട്ടിക്കോട്ടയിലെ ഭിന്നതകള്‍ മറനീക്കിയത്‌.

പിണറായിയേക്കാള്‍ കൈയടികള്‍ കിട്ടിയ ജയരാജന്‍ വാഴ്‌ത്തുപാട്ടുകളില്‍ ചെന്താരകമായി. പിണറായിയും കോടിയേരിയും എതിരായിട്ടും ജയരാജന്‍ തലയുയര്‍ത്തിനിന്നു.

ജയിച്ചാലും തോറ്റാലും കണ്ണൂര്‍-കേരള രാഷ്‌ട്രീയത്തില്‍നിന്ന്‌ രാഷ്‌ട്രീയത്തില്‍നിന്ന്‌ അകറ്റിനിര്‍ത്താമെന്ന കണക്കുകൂട്ടലിലാണ്‌ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്‌ഥാനാര്‍ഥിയായത്‌.

തോറ്റെങ്കിലും, സി..ടി. നസീര്‍ വധശ്രമം, ആന്തൂര്‍ സംഭവം എന്നിവ തിരിച്ചുവരവിനു കളമൊരുക്കി. പി.കെ. ശ്യാമളയെ പി. ജയരാജന്‍ പരസ്യമായി തള്ളിപ്പറഞ്ഞപ്പോള്‍ പാര്‍ട്ടിയും സര്‍ക്കാരും അവര്‍ക്കു ക്ലീന്‍ ചിറ്റ്‌ നല്‍കിയത്‌ കണ്ണൂര്‍ ഗ്രൂപ്പിസം പൂര്‍വാധികം മൂര്‍ഛിച്ചതിന്റെ തെളിവാണ്‌.

“ബിംബങ്ങളെ” ഉപയോഗിച്ചുള്ള വിമര്‍ശനം വിലപ്പോകില്ലെന്നു പിണറായി നിയമസഭയില്‍ പറഞ്ഞത്‌ അണികളുടെ പിന്തുണ ഇപ്പോഴും ജയരാജനുണ്ടെന്ന്‌ എതിര്‍പക്ഷം തിരിച്ചറിയുന്നതിന്റെ തെളിവാണ്‌.

തന്റെ പേരുപയോഗിച്ചു നടക്കുന്ന പാര്‍ട്ടിവിരുദ്ധ പ്രചാരണം നിര്‍ത്തണമെന്ന്‌ ആഹ്വാനം ചെയ്യാന്‍ പി. ജയരാജന്‍ നിര്‍ബന്ധിതനായതു മറുവശത്തു പിണറായിയായതുകൊണ്ടു മാത്രമാണ്‌.

പി. ജയരാജന്റെ പ്രവര്‍ത്തനങ്ങള്‍ക്കു കൈയടിച്ച്‌ എന്നും പൂര്‍ണ പിന്തുണയുമായി അണിനിരന്ന സൈബര്‍സഖാക്കള്‍ പാര്‍ട്ടിയുടെ ഇപ്പോഴത്തെ നീക്കങ്ങളില്‍ കടുത്ത അതൃപ്‌തിയിലാണ്‌. സി.പി.എം. സൈബര്‍ പ്രചാരണത്തിനു മുന്‍നിരയിലുള്ള ഫെയ്‌സ്‌ബുക്ക്‌ അക്കൗണ്ട്‌ “പോരാളിഷാജി” പോലും വിമര്‍ശിച്ചതു പാര്‍ട്ടിക്കു മുന്നില്‍ വലിയ പ്രതിസന്ധിയായി.

വ്യക്‌ത്യാരാധനയെ വിമര്‍ശിക്കുകയും നിരാകരിക്കുകയും ചെയ്ണമെയന്ന അടിസ്‌ഥാനതത്വം പോലും മറികടന്ന്‌ സഖാക്കള്‍ പരസ്യമായി രംഗത്തുവരുന്നതു നേതൃത്വം എങ്ങനെ നേരിടുമെന്ന ചോദ്യമാണ്‌ ഉയരുന്നത്‌.

CLICK TO FOLLOW UKMALAYALEE.COM