വിവാദങ്ങളില്‍ ഉലഞ്ഞ ക്രൈസ്തവ സഭ – UKMALAYALEE

വിവാദങ്ങളില്‍ ഉലഞ്ഞ ക്രൈസ്തവ സഭ

Friday 17 January 2020 5:34 AM UTC

Jan:17:- കര്‍ദിനാളിനെതിരെ വൈദികര്‍ പരസ്യമായി രംഗത്തുവന്നതും അതിരൂപത ആസ്ഥാനത്ത് ഉപവാസ സമരമിരുന്നതും പോയവര്‍ഷം സഭയില്‍ കോളിളക്കം സൃഷ്ടിച്ചു. കര്‍ദിനാള്‍ ആലഞ്ചേരി അതിരൂപതയുടെ അധ്യക്ഷ സ്ഥാനം ഒഴിയണമെന്നും അതിരൂപതയ്ക്ക് സ്വതന്ത്ര ചുമതലയുള്ള മെത്രാനെ അനുവദിക്കണമെന്നുമായിരുന്നു ഇവരുടെ ആവശ്യം.

പേപ്പല്‍ സീക്രസി എടുത്തുനീക്കുന്നു. പുരോഹിതര്‍ ഉള്‍പ്പെട്ട ബാലലൈംഗിക പീഡനക്കേസുകളില്‍ സഭാ രേഖകള്‍ വെളിപ്പെടുത്തുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് എടുത്തുനീക്കി ചരിത്രപരമായ മാറ്റത്തിനാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ഈ വര്‍ഷം അവസാനം തുടക്കമിട്ടത്.

ഡിസംബര്‍ 17ന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ 83ാം ജന്മദിനത്തിലാണ് വത്തിക്കാന്‍ ഈ പ്രഖ്യാപനം നടത്തിയത്. പ്രതികളെ സംരക്ഷിക്കുന്നതിനും കേസന്വേഷണ സമയത്ത് ഇരകളെ നിശബ്ദരാക്കുന്നതിനും സഭയുടെ വിലക്ക് കാരണമാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ തീരുമാനം.

‘പുരോഹിതര്‍ ഉള്‍പ്പെടുന്ന പീഡനക്കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സഭാനേതാക്കള്‍ തന്നെ സൂക്ഷിക്കും. സുരക്ഷിതത്വം, രഹസ്യാത്മകത, വിശ്വാസ്യത എന്നിവ കാത്തുസൂക്ഷിക്കുന്നതിനാണിത്. വിചാരണയുള്‍പ്പെടെയുള്ള വേളകളില്‍ സഭാരേഖകള്‍ പരസ്യമാക്കും.

18 വയസ്സില്‍ താഴെയുള്ളവരുടെ ലൈംഗിക ദൃശ്യങ്ങള്‍ കുട്ടികളുടേതായി കണക്കാക്കും. അതത് രാജ്യങ്ങളിലെ നിയമ സംവിധാനങ്ങളുമായി സഹകരിക്കും: മാര്‍പാപ്പ ഉത്തരവില്‍ പറയുന്നു.

പാന്‍ ആമസോണ്‍ മേഖലയിലെ ബിഷപ്പുമാരുടെ സിനഡ് (ആമസോണ്‍ സിനഡ്) റോമില്‍ ചേര്‍ന്നതും ഈ വര്‍ഷം ഒക്‌ടോബര്‍ 6 മുതല്‍ 27 വരെയാണ്.

ഓര്‍ത്തഡോക്‌സ് -യാക്കോബായ പള്ളിത്തര്‍ക്കങ്ങളാണ് കേരളത്തില്‍ ഏറെ ചര്‍ച്ചയായ സഭാ വിഷയം. ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള മലങ്കര സഭാ തര്‍ക്കത്തില്‍ വഴിത്തിരിവായത് 2017 ജൂലായ് മൂന്നിന് സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയാണ്.

കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ്, വരിക്കോലി, കണ്ണത്തൂര്‍ പള്ളികളുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രീം കോടതി വിധി പറഞ്ഞത്. ഈ പള്ളികളുടെ ഉടമസ്ഥാവകാശം സമ്പൂര്‍ണമായി ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് വിട്ടുനല്‍കുന്നതായിരുന്നു സുപ്രീം കോടതി വിധി.

1934ലെ ഭരണഘടനയെയാണ് സുപ്രീ കോടതി വിധിയിലൂടെ അംഗീകരിച്ചത്. വിധി പാലിക്കാന്‍ സുപ്രീം കോടതി കര്‍ശനമായി നിര്‍ദേശം നല്‍കിയതോടെ പോലീസ് സംരക്ഷണത്തില്‍ ഓര്‍ത്തഡോക്‌സ് വിഭാഗം യാക്കോബായ സഭയുടെ കൈവശമിരുന്ന പ്രധാന പള്ളികളില്‍ കയറി പ്രാര്‍ത്ഥന നടത്തി.

എറണാകുളം- അങ്കമാലി അതിരൂപതയിലെ ഭൂമി കുംഭകോണമാണ് സിറോ മലബാര്‍ സഭയെ രണ്ടുവര്‍ഷമായി പിടിച്ചുകുലുക്കുന്നത്. ഇതില്‍ താത്ക്കാലിക പരിഹാരം കണ്ടെത്താന്‍ വത്തിക്കാന് കഴിഞ്ഞിരിക്കുന്നുവെന്നതാണ് കടന്നുപോകുന്ന വര്‍ഷത്തെ പ്രധാന കാര്യം.

ഭൂമി ഇടപാടിനെ കുറിച്ച് വത്തിക്കാന്‍ നിര്‍ദേശപ്രകാരം നിയോഗിച്ച ഇഞ്ചോടി കമ്മീഷനും കെ.പി.എം.ജി കമ്മീഷനും റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കുകയും അതില്‍ ഓഗസ്റ്റില്‍ കാക്കനാട് നടന്ന നിര്‍ണായക സിനഡില്‍ തീരുമാനങ്ങള്‍ ഉണ്ടാവുകയും ചെയ്തു.

വത്തിക്കാന്‍ നിരീക്ഷണത്തില്‍ നടന്ന സിനഡില്‍ അതിരൂപതയ്ക്ക് ഭരണത്തിനായി സ്വതന്ത്ര്യ ചുമതലയുള്ള പ്രത്യേക മെത്രാപ്പോലീത്താ വികാരിയായി മാര്‍ ആന്റണി കരിയില്‍ സി.എം.ഐയെ നിയോഗിച്ചു. ആരാധന ക്രമപ്രശ്‌നവും കുരിശ് വിവാദവുമായി സഭയില്‍ വീണ്ടും തര്‍ക്കങ്ങളുയരുന്നു.

2020 ജനുവരിയില്‍ ചേരുന്ന സിനഡില്‍ ഈ വിഷയങ്ങള്‍ പ്രധാന അജണ്ടയാകുമെന്ന് സൂചന. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കേസുകള്‍ കോടതികളില്‍ തുടരുന്നു.

വ്യാജരേഖ വിവാദം- കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ എറണാകുളം- അങ്കമാലി അതിരൂപതയിലെ ഒരു വിഭാഗം വൈദികര്‍ ചേര്‍ന്ന് വ്യാജരേഖയുണ്ടാക്കി എന്നാണ് ആരോപണം. കേസില്‍ രണ്ടു യുവാക്കളെ പോലീസ് അറസ്റ്റു ചെയ്യുകയും ഏതാനും വൈദികരെ ചോദ്യം ചെയ്യുകയുമുണ്ടായി. എന്നാല്‍ കേസ് പിന്നീട് മുന്നോട്ടുപോയില്ല.

കര്‍ദിനാളിനെതിരെ വൈദികര്‍ പരസ്യമായി രംഗത്തുവന്നതും അതിരൂപത ആസ്ഥാനത്ത് ഉപവാസ സമരമിരുന്നതും പോയവര്‍ഷം സഭയില്‍ കോളിളക്കം സൃഷ്ടിച്ചു. കര്‍ദിനാള്‍ ആലഞ്ചേരി അതിരൂപതയുടെ അധ്യക്ഷ സ്ഥാനം ഒഴിയണമെന്നും അതിരൂപതയ്ക്ക് സ്വതന്ത്ര ചുമതലയുള്ള മെത്രാനെ അനുവദിക്കണമെന്നുമായിരുന്നു ഇവരുടെ ആവശ്യം.

വയനാട് കാരയ്ക്കാമല ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സഭ (എഫ്.സി.സി) അംഗമായ സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ആത്മകഥയായ ‘കര്‍ത്താവിന്റെ നാമത്തില്‍’ ആണ് സഭയില്‍ ഒടുവില്‍ സംഭവിച്ച ഭൂകമ്പം.

ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന് എതിരെയുള്ള കന്യാസ്ത്രീകളുടെ സമരത്തില്‍ പങ്കെടുത്തതോടെ നേതൃത്വത്തിന്റെ കണ്ണിലെ കരടായ സി.ലൂസിയെ പിന്നീട് നിരവധി കാരണങ്ങള്‍ നിരത്തി സഭയില്‍ നിന്ന് പുറത്താക്കി. കന്യാസ്ത്രീ മഠങ്ങളില്‍ നേരിടുന്ന പ്രതിസന്ധികളും വൈദിക പീഡനങ്ങളുമാണ് പുസ്തകത്തില്‍ പരാമര്‍ശിക്കുന്നത്.

ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാത്സംഗക്കേസില്‍ അടുത്ത വര്‍ഷം ജനുവരിയില്‍ വിചാരണ ആരംഭിക്കാന്‍ കോട്ടയത്തെ വിചാരണ കോടതി തീരുമാനിച്ചു.

പുരോഹിതരുടെ ലൈംഗികാതിക്രമങ്ങളില്‍ ഇരകളോട് വത്തിക്കാന്‍ മാപ്പപേക്ഷ തുടരുമ്പോള്‍ കേരളത്തിലും പീഡനങ്ങള്‍ക്ക് കുറവുണ്ടാകുന്നില്ല. കൊച്ചി പെരുമ്പടപ്പ് ബോയ്‌സ് ഹോമിലെ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഡയറക്ടറായ ഫാ.ജോര്‍ജ് എന്ന ജെറിയെ അറസ്റ്റു ചെയ്തത് ജൂലായിലാണ്.

പറവൂരില്‍ ഒമ്പത് വയസ്സുള്ള പെണ്‍കുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ കോട്ടയില്‍ കോവിലകം ഹോളിക്രോസ് പള്ളി വികാരിയായിരുന്ന ഫാ.ജോര്‍ജ് പടയാട്ടിക്കെതിരെയും കേസ്. ഒളിവില്‍ പോയ വൈദികന്‍ പിന്നീട് കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം നേടി.

ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ പ്രധാന കഥാപാത്രമാക്കി സുഭാഷ് കെ. വരച്ച ‘വിശ്വാസം രക്ഷതി:’ എന്ന കാര്‍ട്ടൂണ്‍ ലളിത കലാ അക്കാദമിയുടെ പുരസ്‌കാരത്തിന് അര്‍ഹമായത് മറ്റൊരു വിവാദത്തിന് തിരികൊളുത്തി. കാര്‍ട്ടൂണില്‍ മത ചിഹ്നങ്ങളെ അപകീര്‍ത്തിപ്പെടുത്തിയെന്നാണ് മതനേതാക്കളുടെ വിമര്‍ശനം.

കുട്ടികള്‍ക്കെതിരായ പുരോഹിതരുടെ ലൈംഗിക ചൂഷണ പരാതി മൂടിവച്ചതിന് ആരോപണം നേരിട്ട കത്തോലിക്കാ സഭ ന്യൂയോര്‍ക്ക് ബുഫല്ലോ ബിഷപ് റിചാര്‍ഡ് മലോണ്‍ രാജിവച്ചത് ഡിസംബര്‍ നാലിനാണ്.

അര്‍ജന്റീനയില്‍ കത്തോലിക്കാ സഭ നടത്തുന്ന ബധിര വിദ്യാലയത്തിലെ കുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്ന് കണ്ടെത്തിയ രണ്ട് പുരോഹിതരെ 45 വര്‍ഷം തടവിന് ശിക്ഷിച്ചതും ഈ വര്‍ഷം നവംബര്‍ 25 നാണ്.

ചിലിയില്‍ 50 വര്‍ഷം മുന്‍പ് ബെര്‍നാഡിനോ പിനേര എന്ന വൈദികന്‍ നടത്തിയ ബാല പീഡനത്തില്‍ വത്തിക്കാന്‍ അന്വേഷണം ആരംഭിച്ചതായി വ്യക്തമാക്കിയതും ഈ വര്‍ഷം ഓഗസ്റ്റ് 21നാണ്.

എല്‍ സാല്‍വദോറില്‍ ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ട വൈദികനെ പൂരോഹിത്യത്തില്‍ നിന്നും വിലക്കിയ മാര്‍പാപ്പയുടെ മാതൃകാപരമായ നടപടി വന്നതും ഈ വര്‍ഷമാണ്.

ഫ്രാന്‍സില്‍ പുരോഹിതന്റെ ലൈംഗിക പീഡനം മൂടിവച്ചതിന്റെ പേരില്‍ ലയണ്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ ഫിലിപ്പെ ബര്‍ബേറിയന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത് ഈ വര്‍ഷം മാര്‍ച്ച് 7നാണ്.

ആറുമാസം ജയില്‍ ശിക്ഷയും ഫ്രഞ്ച് കോടതി ഇദ്ദേഹത്തിന് വിധിച്ചിരുന്നു. കുറ്റക്കാരനായ വൈദികനെ മാര്‍പാപ്പ പൗരോഹിത്യത്തില്‍ നിന്ന് വിലക്കി. പുരോഹിതരുടെ ലൈംഗിക ചൂഷണത്തിന് ഇരയാകുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഫ്രഞ്ച് ബിഷപ് കോണ്‍ഫറന്‍സ് തീരുമാനിച്ചതും ഈ വര്‍ഷം നവംബര്‍ 9നാണ്.

പോളണ്ടില്‍ നിന്നും ബാലപീഡനങ്ങളുടെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവന്നതും ഈ വര്‍ഷമാണ്.

പതിനായിരം ഇടവകകളില്‍ നിന്നും ശേഖരിച്ച വിവരങ്ങള്‍ പ്രകാരം 1990നും 2018 മധ്യം വരെ സഭയില്‍ 382 പുരോഹിതര്‍ ആരോപണം നേരിടുന്നുണ്ടെന്നും 625 കുട്ടികള്‍, ഏറെയും 16 വയസ്സില്‍ താഴെ, പുരോഹിതരുടെ പീഡനങ്ങള്‍ക്ക് ഇരയായിട്ടുണ്ടെന്നും പോളണ്ട് എപ്പിസ്‌കോപ്പല്‍ കോണ്‍ഫറന്‍സ് ഏപ്രില്‍ 14ന് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. പീഡനങ്ങളുടെ പേരില്‍ പോളണ്ടിലെ സഭ മാപ്പുപറഞ്ഞതും ഈ വര്‍ഷം മേയ് 11നാണ്.

CLICK TO FOLLOW UKMALAYALEE.COM