വിഴിഞ്ഞത്ത് ചാകരയുടെ തിരയിളക്കം: മനംതെളിഞ്ഞ് മത്സ്യത്തൊഴിലാളികള്‍
Tuesday 29 September 2020 8:39 PM UTC

കോവളം Sept 30: പ്രക്ഷുബ്ദമായ കടലും കാലാവസ്ഥ മുന്നറിയിപ്പുമൊക്കെ നിശബ്ദമാക്കിയ വിഴിഞ്ഞം തീരത്ത് കഴിഞ്ഞ രണ്ട് ദിവസമായി ലഭിച്ച ചാകര തീരത്ത് ഉത്സവ പ്രതീതി ഉണര്‍ത്തി. ഏറെക്കാലത്തിന് ശേഷം കടലമ്മ കനിഞ്ഞത് മത്സ്യത്തൊഴിലാളികളെയും ആവേശത്തിലാക്കി.
കഴിഞ്ഞ ദിവസം നെയ്മീനും വേളാപാരയായും ആവോലിയുമാണ് ചാകരയായി തീരമണഞ്ഞെതങ്കില് ഇന്നലെ ടണ്‍കണക്കിന് കത്തിക്കാരയും ക്ലാത്തിമീനുമാണ് മത്സ്യതൊഴിലാളികളുടെ വല നിറച്ചത്. രണ്ടു ദിവസമായി ലക്ഷക്കണക്കിന് രൂപയുടെ മത്സ്യം യഥേഷ്ടം എല്ലാവര്ക്കും കൈ നിറയെ ലഭിച്ചതോടെ പട്ടിണിയിലും പരിവട്ടത്തിലും കഴിഞ്ഞുവന്ന മത്സ്യതൊഴിലാളികളുടെയും കുടുംബങ്ങളുടെയും മനസും വയറും നിറഞ്ഞു.
കോവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്ന് മത്സ്യബന്ധനം നിറുത്തിവെച്ചതിന് ശേഷം വായ്ക്ക് രുചിയോടെ കഴിക്കാനായി പിടയ്ക്കണ പച്ചമീന്‍ കാത്തിരുന്നവരും ഏറെ ക്കാലത്തിന് ശേഷം ആവശ്യത്തിന് മത്സ്യം ലഭിച്ച സന്തോഷത്തിലായിരുന്നു.
സാധാരണ 500 ഉം 600 രൂപകൊടുത്ത് വാങ്ങിയിരുന്ന നെയ്മീനിന്റെ വില കിലോക്ക് 200 ഉം അതിന് താഴെയും ആയതോടെ മീന്‍ വാങ്ങാനും വലിയ തിരക്കാണ് അനുഭവപ്പെട്ടു .
മീന്‍ വില താഴ്ന്നത് ചെറുകിട കച്ചവടക്കാര്‍ക്കും സന്തോഷം പകര്‍ന്നു. 25 ഓളം വളളക്കാര്‍ക്കാണ് ഇന്നലെ ക്ലാത്തിയും കത്തിക്കാരയും ചാകരയായി ലഭിച്ചത്. ഒരു ടണ്‍ ക്ലാത്തിക്ക് ഒന്നര ലക്ഷം രൂപവരെയായിരുന്നു വില. ലോക്കല്‍ മാര്‍ക്കറ്റില്‍ വിലിയ ഡിമാന്റില്ലാത്ത ഇല്ലാത്ത കത്തിക്കാരയ്ക്കും ക്ളാത്തിക്കും വിദേശ മാര്‍ക്കറ്റില്‍ ആവശ്യക്കാര്‍ ഏറെയാണ്.
അതുകൊണ്ട് തന്നെ ഈ മീനുകള്‍ ലേലത്തിലെടുക്കുന്ന ചെറുകിട കച്ചവടക്കാര്‍ വിദേശ കയറ്റുമതിക്കാര്‍ക്ക് ഇത് കൈമാറുകയാണ് ചെയ്യുന്നത്. കത്തിക്കാരയ്ക്ക് പുറമേ കൊഴിയാള, കല്ലന് കണവ, വാള, ചൂര എന്നീ മീനുകളുംഇന്നലെ മോശമല്ലാത്ത രീതിയില്‍ ലഭിച്ചതും തീരത്തിനാവേശമായി.
പട്ടിണിയിലും പരിവട്ടത്തിലുമായിരുന്ന തങ്ങള്‍ക്ക് ഏതാനും മാസങ്ങള്‍ക്കിടയില്‍ ലഭിച്ച ചാകര കോള്‍ വലിയ അനുഗ്രഹമായെന്ന് മത്സ്യത്തൊഴിലാളികളും പറഞ്ഞു.
CLICK TO FOLLOW UKMALAYALEE.COM