വിരട്ടലില്‍ ഒതുക്കി; ചൈത്രയെ തല്ക്കാലം വെറുതേവിടും
Tuesday 29 January 2019 2:41 AM UTC

തിരുവനന്തപുരം Jan 29 : സി.പി.എം. തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡ് ചെയ്ത ഡി.സി.പി. ചൈത്ര തെരേസ ജോണിനു സര്‍ക്കാരിന്റെ താക്കീത്.
റെയ്ഡിനു മുമ്പ് മേലധികാരികളുടെ അനുമതി തേടിയില്ലെന്ന “കുറ്റം” ആവര്‍ത്തിക്കരുതെന്നു മുഖ്യമന്ത്രിയുടെ ഓഫീസില്‍ വിളിച്ചുവരുത്തിയാണു താക്കീത് ചെയ്തത്.
അതേസമയം, സര്‍ക്കാരിന് ഉചിതമായ നടപടിയെടുക്കാമെന്ന ശിപാര്‍ശയോടെ സംഭവം സംബന്ധിച്ച റിപ്പോര്‍ട്ട് ഡി.ജി.പി. സര്‍ക്കാരിനു കൈമാറി.
വിമന്‍സ് സെല്ലിലേക്കു മടക്കയയച്ച ചൈത്രയ്ക്കെതിരേ തുടര്‍നടപടി എന്തായിരിക്കുമെന്നു കാത്തിരിക്കേണ്ടി വരും.
നട്ടെല്ല് വളയ്ക്കാതെ നടപടിയെടുത്ത ചൈത്രയ്ക്കു സാമൂഹിക മാധ്യമങ്ങളിലൂടെ സല്യൂട്ട് പ്രവഹിക്കുകയാണ്.
അതിനിടെ അവര്‍ക്കെതിരേ നടപടിയെടുക്കുന്നതു സര്‍ക്കാരിന്റെ പ്രതിഛായ കൂടുതല്‍ മോശമാക്കുമെന്നതിനാലാണു തല്ക്കാലം താക്കീതില്‍ നിര്‍ത്തുന്നത്.
പോലീസ് തെരയുന്ന ചിലര്‍ പാര്‍ട്ടി ഓഫീസിലുണ്ടെന്ന വ്യക്തമായ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡെന്നു ചൈത്ര വിശദീകരണം നല്‍കിയിരുന്നു.
സത്യസന്ധമായ ഉദ്ദേശ്യത്തോടെയായിരുന്നു ചൈത്രയുടെ റെയ്ഡെന്നാണ് എ.ഡി.ജി.പി. മനോജ് ഏബ്രഹാം സര്‍ക്കാരിനു സമര്‍പ്പിച്ച റിപ്പോര്‍ട്ട്. അപാകതയില്ലെങ്കിലും ചെറിയ രീതിയില്‍ ജാഗ്രതക്കുറവ് സംഭവിച്ചു.
ക്രമസമാധാനത്തിന്റെ അധികച്ചുമതല മാത്രമാണു ചൈത്രയ്ക്കുണ്ടായിരുന്നതെന്നും റെയ്ഡിനു മുമ്പ് ഐ.ജിയെയോ കമ്മിഷണറെയോ ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മിഷണറെയോ അറിയിച്ചിരുന്നില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.
കഴിഞ്ഞ 22-നു തിരുവനന്തപുരം മെഡിക്കല്‍ കോളജ് പോലീസ് സ്റ്റേഷനു ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞിരുന്നു. പോക്സോ കേസില്‍ അറസ്റ്റിലായ രണ്ടു പ്രവര്‍ത്തകരെ കാണാന്‍ അനുവദിക്കാതിരുന്നതായിരുന്നു പ്രകോപനം.
ഇവര്‍ക്കായുള്ള തെരച്ചിലാണ് സി.പി.എം. ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയത്. പരിശോധനയില്‍ അക്രമികളെ കണ്ടെത്താനായില്ല. ഇന്റലിജന്‍സ് പോലും അറിയാതെയായിരുന്നു റെയ്ഡ് നടത്തിയതെങ്കിലും വിവരം സി.പി.എം. നേതൃത്വത്തിനു ചോര്ത്തിക്കിട്ടിയിരുന്നെന്നു സംശയിക്കുന്നു.
ഒരു ഡിവൈ.എസ്.പിയാണു ചോര്‍ത്തിയതെന്നാണു സൂചന.
ജില്ലാ പോലീസ് മേധാവി/എസ്.പി. തലത്തില്‍ വലിയ അഴിച്ചുപണിക്കു സര്‍ക്കാര്‍ തയാറെടുക്കുകയാണ്. പത്തു ജില്ലാ പോലീസ് മേധാവിമാര്‍ക്കു മാറ്റമുണ്ടായേക്കും.
ഇക്കൂട്ടത്തില്‍ ചൈത്രയെ ഏതെങ്കിലും അപ്രധാന സ്ഥാനത്തേക്കു നീക്കാനിടയുണ്ട്. കടുത്ത നടപടിയാണ് സി.പി.എം. ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് ആവശ്യപ്പെട്ടിരുന്നത്.
CLICK TO FOLLOW UKMALAYALEE.COM