വിമുക്‌തി’യും വെള്ളാന; വെളിവില്ലാതെ ലഹരികേരളം – UKMALAYALEE

വിമുക്‌തി’യും വെള്ളാന; വെളിവില്ലാതെ ലഹരികേരളം

Friday 8 November 2019 5:59 AM UTC

തിരുവനന്തപുരം Nov 8 : സംസ്‌ഥാനത്തെ ലഹരിമുക്‌തമാക്കാന്‍ ലക്ഷ്യമിട്ടു രൂപീകരിച്ച ‘വിമുക്‌തി’ പദ്ധതി വെള്ളാനയായി മാറുന്നു. നാടെങ്ങും ഉദ്‌ഘാടനങ്ങളല്ലാതെ, ലക്ഷ്യം കൈവരിക്കാന്‍ ഒന്നും ചെയ്യുന്നില്ല. വിമുക്‌തി രൂപീകരിച്ചശേഷവും ലഹരി ഉപയോഗം വര്‍ധിച്ചുവരുന്നതായാണു കണക്കുകള്‍.

കൊട്ടിഘോഷിച്ച്‌ ഉദ്‌ഘാടനം ചെയ്‌ത വിമുക്‌തിയുടെ നേതൃത്വത്തില്‍ നടക്കാനിരിക്കുന്ന 90 ദിനപരിപാടികളിലും പ്രധാന ഇനം ഉദ്‌ഘാടനങ്ങളും സെമിനാറുകളും മാത്രം. ഇതിനായി 66 കോടി രൂപയും മാറ്റിവച്ചിട്ടുണ്ട്‌.

പിണറായി സര്‍ക്കാര്‍ ആവിഷ്‌കരിച്ച പ്രധാനപദ്ധതികളിലൊന്നാണു വിമുക്‌തി. 2016 നവംബറില്‍ തുടക്കം കുറിച്ചെങ്കിലും നാളിതുവരെ മദ്യം, മയക്കുമരുന്ന്‌ ഉപഭോഗത്തില്‍ യാതൊരു കുറവുമുണ്ടായിട്ടില്ല. മയക്കുമരുന്ന്‌ കേസുകളില്‍ വന്‍വര്‍ധനയും രേഖപ്പെടുത്തി.

പിണറായി സര്‍ക്കാര്‍ അധികാരമേറുമ്പോള്‍ സംസ്‌ഥാനത്തെ പഞ്ചനക്ഷത്ര ബാറുകളൊഴികെ ബാക്കിയെല്ലാം പൂട്ടിക്കിടക്കുകയായിരുന്നു. ബിയര്‍ പാര്‍ലറുകള്‍ മാത്രമാണുണ്ടായിരുന്നത്‌.

ബിവറേജസ്‌ കോര്‍പറേഷന്റെ ചില്ലറവില്‍പ്പനശാലകള്‍ പ്രതിവര്‍ഷം 5% വീതം അടച്ചുപൂട്ടണമെന്നതായിരുന്നു മുന്‍സര്‍ക്കാരിന്റെ നയം. എന്നാല്‍, ഈ സര്‍ക്കാര്‍ വന്നശേഷം അതും റദ്ദാക്കി. പകരം ബിവറേജസ്‌ വിറ്റുവരവിന്റെ വിഹിതം ഉള്‍പ്പെടുത്തി വിമുക്‌തി പദ്ധതി രൂപീകരിച്ചു. 519 ബാറുകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി.

ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ബാറുകള്‍ പൂട്ടിയ 2014-15 സാമ്പത്തികവര്‍ഷം ബിവറേജസ്‌ കോര്‍പറേഷന്റെ വരുമാനം 10,012.84 കോടി രൂപയായിരുന്നെങ്കില്‍ 2018-19ല്‍ ഇത്‌ 14,504.67 കോടിയാണ്‌.

മയക്കുമരുന്ന്‌ കേസുകളിലും വന്‍വര്‍ധനയുണ്ടായി. ഇതിനിടെയാണു കോടികള്‍ മുടക്കി 90 ദിവസം നീണ്ടുനില്‍ക്കുന്ന ഉദ്‌ഘാടന-ബോധവത്‌കരണ മഹാമഹം ആരംഭിച്ചത്‌. മഹാത്മാഗാന്ധിയുടെ 150-ാം ജയന്തിയോടനുബന്ധിച്ച്‌, അദ്ദേഹത്തിന്റെ രക്‌തസാക്ഷിത്വദിനമായ ജനുവരി 30 വരെ നീളുന്നതാണു പരിപാടി.

എന്നാല്‍, ഉദ്‌ഘാടനങ്ങളല്ലാതെ ലഹരി/മദ്യാസക്‌തരെ കണ്ടെത്തി മോചിപ്പിക്കാനുള്ള ഒരു പരിപാടിയും ആവിഷ്‌കരിച്ചിട്ടില്ലെന്നാണു വ്യാപകപരാതി. വിമുക്‌തി പദ്ധതി ആവിഷ്‌കരിച്ചശേഷം ക്രിക്കറ്റ്‌ ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറെവരെ കൊണ്ടുവന്ന്‌ പരിപാടികള്‍ നടത്തി.

എന്നാല്‍, സെമിനാറുകള്‍ക്കപ്പുറം ക്രിയാത്മകമായ ഒരു പ്രവര്‍ത്തനവും ഉണ്ടായിട്ടില്ല. തദ്ദേശസ്‌ഥാപനങ്ങളുമായി ചേര്‍ന്ന്‌ ലഹരിമുക്‌തി പരിപാടികള്‍ നടപ്പാക്കുന്നില്ല. ഓരോവര്‍ഷവും ബോധവത്‌കരണത്തിന്റെ പേരില്‍ കോടികള്‍ മുടക്കുന്നതു മാത്രം മിച്ചം.

പദ്ധതി നടപ്പാക്കേണ്ട എക്‌സൈസ്‌ വകുപ്പിന്‌ അതിനുള്ള സംവിധാനങ്ങളില്ല. എല്ലാ ജില്ലയിലും അസിസ്‌റ്റന്റ്‌ എക്‌സൈസ്‌ കമ്മിഷണര്‍മാരെ പദ്ധതി മാനേജര്‍മാരായി നിയമിച്ചിട്ടുണ്ട്‌. എന്നാല്‍, അവര്‍ക്ക്‌ ഓഫീസോ വാഹനമോ മറ്റു സൗകര്യങ്ങളോ അനുവദിച്ചിട്ടില്ല.

ശമ്പളം പോലും തീരുമാനിച്ചതു കഴിഞ്ഞമാസമാണ്‌. സ്‌ഥിരം നിയമനത്തിനു പകരം ഡെപ്യൂട്ടേഷന്‍ നിയമനമാണ്‌. ഡെപ്യൂട്ടി എക്‌സൈസ്‌ കമ്മിഷണര്‍ ഓഫീസുകളില്‍ അനുവദിച്ചിട്ടുള്ള 6-7 തസ്‌തികകള്‍ക്കു പുറമേ നാലും അഞ്ചും പേര്‍ സ്‌പെഷല്‍ ഡ്യൂട്ടി എന്ന പേരില്‍ സുഖവാസം അനുഭവിക്കുമ്പോഴാണു വിമുക്‌തിക്ക്‌ ഈ ഗതികേട്‌. 5000 ജീവനക്കാര്‍ മാത്രമുള്ള എക്‌സൈസ്‌ വകുപ്പിന്റെ പ്രവര്‍ത്തനങ്ങളെ ഡെപ്യൂട്ടേഷന്‍ നിയമനങ്ങള്‍ ബാധിക്കുന്നുണ്ട്‌.

2014 മുതലുള്ള മദ്യ ഉപഭോഗക്കണക്ക്‌
വര്‍ഷം മദ്യവില്‍പ്പന ബിയര്‍ വില്‍പ്പന ബിവറേജസ്‌ വിറ്റുവരവ്‌
(കെയ്‌സ്)(കെയ്‌സ്)

2014-15 220.58 ലക്ഷം 95.59 ലക്ഷം 10,012.84 കോടി രൂപ
2016-17 205 ലക്ഷം 150.13 ലക്ഷം 12,134.14 കോടി രൂപ
2017-18 208.51 ലക്ഷം 115.42 ലക്ഷം 12,937.09 കോടി രൂപ
2018-19 216.34 ലക്ഷം 121.12 ലക്ഷം 14,504.67 കോടി രൂപ

CLICK TO FOLLOW UKMALAYALEE.COM