വിമാനക്കമ്പനികള്‍ സര്‍വീസ്‌ നിര്‍ത്തുന്നു : തിരുവനന്തപുരം വിമാനത്താവളത്തിന്‌ ഭീഷണി  – UKMALAYALEE

വിമാനക്കമ്പനികള്‍ സര്‍വീസ്‌ നിര്‍ത്തുന്നു : തിരുവനന്തപുരം വിമാനത്താവളത്തിന്‌ ഭീഷണി 

Wednesday 13 February 2019 3:13 AM UTC

തിരുവനന്തപുരം Feb 13: വിമാനത്താവളത്തിന്‌ ഭീഷണി ഉയര്‍ത്തി നിരവധി വിമാനകമ്പനികള്‍ സര്‍വീസ്‌ നിര്‍ത്തുന്നു. രണ്ടുമാസത്തിനിടെ അഞ്ച്‌ വിമാനകമ്പനികളാണ്‌ തിരുവനന്തപുരത്തു നിന്നു പിന്മാറിയത്‌.

ഇതോടെ വിമാനത്താവളത്തിന്‌ കോടികളുടെ നഷ്‌ടമുണ്ടാകുമെന്നാണ്‌ സൂചന. വിമാനക്കമ്പനികളുടെ നീക്കത്തിനെതിരേ ശശി തരൂര്‍ എം.പി. കേന്ദ്ര വ്യോമയാനമന്ത്രിക്ക്‌ കത്ത്‌ നല്‍കി. ആകെയുണ്ടായിരുന്ന 16 വിമാനകമ്പനികളില്‍ അഞ്ചെണ്ണമാണ്‌ തിരുവനന്തപുരം ഉപേക്ഷിക്കുന്നത്‌.

ജിദ്ദയിലേക്കും റിയാദിലേക്കും ആഴ്‌ചയില്‍ മൂന്ന്‌ സര്‍വീസ്‌ ഉണ്ടായിരുന്ന സൗദി എയര്‍ലെന്‍സ്‌ ജനുവരിയോടെ നിര്‍ത്തിയിരുന്നു.

ദുബായിലേക്ക്‌ ആഴ്‌ചയില്‍ നാലു ദിവസം പറന്നിരുന്ന ഫ്‌ളൈ ദുബായും ഇനി തലസ്‌ഥാനത്തേക്കില്ല.

ഈ മാസത്തോടെ ദമാമിലേക്കുള്ള സര്‍വീസ്‌ ജെറ്റ്‌ എയര്‍വേയ്‌സും അവസാനിപ്പിക്കുന്നതോടെ യാത്രക്കാര്‍ക്ക്‌ ഏറെ ദുരിതമാണ്‌ ഉണ്ടാകുക.

തെക്കന്‍ ജില്ലകള്‍ക്ക്‌ പുറമേ കന്യാകുമാരി, നാഗര്‍കോവില്‍ തുടങ്ങിയ തമിഴ്‌നാട്ടിലെ യാത്രക്കാരെയും ഇത്‌ സാരമായി ബാധിക്കും. ഘട്ടം ഘട്ടമായി സര്‍വ്വീസ്‌ കുറച്ചുകൊണ്ടുവന്നിരുന്ന സ്‌പൈസ്‌ ജെറ്റും സില്‍ക്ക്‌ എയറും പൂര്‍ണ്ണമായും പിന്‍മാറുന്നതോടെ 240 ഷെഡ്യൂളുകളാണ്‌ ഒരു മാസം മാത്രം മുടങ്ങുക.

സാമ്പത്തിക പ്രതിസന്ധിയാണ്‌ കമ്പനികള്‍ കാരണമായി പറയുന്നത്‌. അതേസമയം തിരുവനന്തപുരത്ത്‌ ലൈസന്‍സ്‌ പുതുക്കാത്ത സൗദി എയര്‍ലൈന്‍സ്‌ കണ്ണൂരില്‍ നിന്ന്‌ പുതിയ സര്‍വീസ്‌ തുടങ്ങും. തിരുവനന്തപുരത്തെ കൈ ഒഴിഞ്ഞ ഫ്‌ലൈ ദുബായ്‌ കോഴിക്കോട്‌ നിന്നും പ്രവര്‍ത്തനം ആരംഭിക്കും.

ഒരോ തവണയും വിമാനമിറങ്ങുമ്പോള്‍ അടയ്‌ക്കേണ്ട നാവിഗേഷന്‍ ചാര്‍ജ്‌ ഇനത്തില്‍ ഒന്നരക്കോടിയിലധികം മാസം തോറും ഇതോടെ നഷ്‌ടമാകും. യാത്രക്കാര്‍ കുറയുന്നതോടെ യൂസര്‍ ഡെവലപ്‌മെന്റ്‌ ഫീയിലൂടെയുള്ള വരവും ഇടിയും. ഇതോടെ വിമാനത്താവളവും സാമ്പത്തിക ഞെരുക്കത്തിലേക്ക്‌ കടക്കും.

വാഹന പാര്‍ക്കിങ്ങും ഷോപ്പിങ്ങും അടക്കം പരോക്ഷ വരുമാനത്തിലെ നഷ്‌ടം വേറെ. വിമാനത്താവളത്തിന്റെ വരുമാനം അഞ്ചിലൊന്ന്‌ നഷ്‌ടപ്പെടാന്‍ പോകുന്നുവെന്നാണ്‌ കണക്കുകള്‍ വ്യക്‌തമാക്കുന്നത്‌.

വരുമാനത്തിലെ വലിയ കുറവ്‌ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെ തന്നെ ബാധിക്കും.

CLICK TO FOLLOW UKMALAYALEE.COM