വിമാനം വെടിവച്ചിട്ട സംഭവത്തില്‍ ഇറാനില്‍ വന്‍ പ്രതിഷേധം – UKMALAYALEE

വിമാനം വെടിവച്ചിട്ട സംഭവത്തില്‍ ഇറാനില്‍ വന്‍ പ്രതിഷേധം

Monday 13 January 2020 5:50 AM UTC

ടെഹ്‌റാന്‍ Jan 13: 176 യാത്രാക്കാരുമായി പറന്ന ഉക്രെയ്ന്‍ വിമാനം തകര്‍ത്തതിനെ തുടര്‍ന്ന് ഇറാനില്‍ വന്‍ പ്രതിഷേധം. ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖമേനിയും മറ്റ് നേതാക്കളും രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. തലസ്ഥാനമായ ടെഹ്‌റാനിലെ അമിര്‍ കബിര്‍ സര്‍വകലാശാലയ്ക്ക് മുന്നില്‍ നൂറുകണക്കിന് ആളുകള്‍ നേതാക്കള്‍ക്കെതിരെ മുദ്രാവാക്യം വിളികളുമായി സംഘടിച്ചു.

വിമാനം തകര്‍ത്തതിന് ഉത്തരവാദികളായവര്‍ രാജിവച്ച് നിയമനടപടികള്‍ നേരിടണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. ഇതിനിടെ പ്രതിഷേധത്തിന് പിന്തുണയും പ്രേരണയും നല്‍കിയെന്ന് ആരോപിച്ച് യു.കെ സ്ഥാനപതിയെ ഇറാന്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഇതിനിടെ ഇറാനിലെ പ്രതിഷേധക്കാര്‍ക്ക് പിന്തുണയുമായി യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും രംഗത്ത് വന്നിട്ടുണ്ട്.

ഇറാനിലെ ധീരരും ദീര്‍ഘവീഷണവുമുള്ള ജനതയോടൊപ്പം നില്‍ക്കുന്നതായി ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. താനും യു.എസ് സര്‍ക്കാരും ഇറാനിലെ പ്രതിഷേധക്കാര്‍ക്കൊപ്പമാണ്. ഇറാനിലെ പ്രതിഷേധം അടുത്തറിയുകയും അതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളുകയും ചെയ്യുന്നു.

ഇറാന്‍ ജനതയുടെ നിരന്തര പ്രതിഷേധങ്ങള്‍ അടുത്തറിയാന്‍ മനുഷ്യാവകാശ സംഘടനകള്‍ക്ക് അനുമതി കൊടുക്കണമെന്നും ട്രംപ് ട്വീറ്റ് ചെയ്തു. ഇം ീഷിലും പേര്‍ഷ്യന്‍ ഭാഷയിലുമായാണ് ട്രംപിന്റെ ട്വീറ്റ്.

ട്രംപിന് പിന്നാലെ ബെഞ്ചമിന്‍ നെതന്യാഹുവും പ്രതിഷേധക്കാരെ പിന്തുണച്ച് ട്വീറ്റ് ചെയ്തു. ഭരണകൂടത്തിനെതിരെ വീണ്ടും തെരുവുകളില്‍ പ്രകടനം നടത്തുന്ന ഇറാനിയന്‍ ജനതയുടെ ധൈര്യം താന്‍ ശ്രദ്ധിക്കുന്നു.

അവര്‍ക്ക് സ്വാതന്ത്ര്യത്തോടെയും സുരക്ഷിതത്വത്തോടെയും സമാധാനത്തോടെയും ജീവിക്കാന്‍ അര്‍ഹതയുണ്ട്. ഇതെല്ലാം ഭരണകൂടം നിഷേധിക്കുകയാണെന്നും നെതന്യാഹു ആരോപിച്ചു.

CLICK TO FOLLOW UKMALAYALEE.COM