വാളയാറില്‍ സര്‍ക്കാര്‍ ‘തെറ്റ് തിരുത്തുന്നു’ , അപ്പീല്‍ നല്‍കും, പ്രോസിക്യൂട്ടറെ മാറ്റും
Wednesday 30 October 2019 5:01 AM UTC
തിരുവനന്തപുരം Oct 30 : വാളയാര്‍ പീഡനക്കേസില്‍ പ്രതികളെ വിട്ടയച്ച പോക്സോ കോടതി ഉത്തരവിനെതിരേ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കും.
പുതിയ പ്രോസിക്യൂട്ടറെ നിയോഗിക്കാനും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് മഞ്ചേരി ശ്രീധരന് നായര്‍, സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ എന്നിവരുമായി മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായി.
പതിമൂന്നും ഒമ്പതും വയസുള്ള സഹോദരിമാരുടെ ദുരൂഹ മരണത്തിലെത്തിയ സംഭവം വലിയ ജനരോഷമായി വളര്‍ന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ തിരുത്തല്‍ നടപടിക്കു തയാറായത്. കേസില്‍ തുടരന്വേഷണത്തിനുള്ള സാധ്യത പരിശോധിക്കും.
ഹൈക്കോടതിയുടെ അനുമതി ലഭിച്ചാല്‍ എസ്.പി. റാങ്കില്‍ കുറയാത്ത പോലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തിനു രൂപം നല്‍കും.
കേസില്‍ നിര്‍ണായക ഇടപെടല്‍ അനിവാര്യമാണെന്നു യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. പോലീസ് അന്വേഷണത്തില്‍ വീഴ്ചയുണ്ടായില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തിയ കാര്യങ്ങള്‍ കോടതിയില്‍ സ്ഥാപിച്ചെടുക്കുന്നതില്‍ പ്രോസിക്യുഷന് പരാജയപ്പെടുകയായിരുന്നെന്നും മഞ്ചേരി ശ്രീധരന് നായര്‍ പറഞ്ഞു.
ഇപ്പോഴത്തെ പ്രോസിക്യൂട്ടറെ മാറ്റും, പകരം പോക്സോ കേസുകളില്‍ പരിചയസമ്പന്നനായ മറ്റൊരാളെ നിയമിക്കും. പോക്സോ കേസുകള്‍ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരുടെയും പ്രോസിക്യൂട്ടര്‍മാരുടെയും സര്‍വീസ് പശ്ചാത്തലം പരിശോധിക്കാനും തീരുമാനമായി.
അതീവ ഗൗരവമുള്ള കേസില്‍ സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് സംഭവിച്ചതെന്നും നൊമ്പരപ്പെടുത്തുന്ന ഒട്ടേറെ മുഹൂര്‍ത്തങ്ങള്‍ കേസന്വേഷണത്തിലുടനീളം ഉണ്ടായെന്നും യോഗം വിലയിരുത്തി.
കേസിന്റെ തുടക്കം മുതല്‍ സി.പി.എം. പ്രാദേശിക നേതാക്കളുടെ ഇടപെടലുണ്ടായെന്ന ആരോപണവും പോക്സോ കേസുകളില്‍ പ്രതികള്‍ക്കായി ഹാജരായ എന്‍. രാജേഷിനെ പാലക്കാട് ശിശുക്ഷേമ സമിതി അധ്യക്ഷനായി നിയമിച്ചതും സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയിരുന്നു.
രാജേഷിനെ നീക്കിയെങ്കിലും സര്‍ക്കാരിനെതിരായ വിമര്‍ശനം തണുപ്പിക്കാനായിട്ടില്ല. സി.ബി.ഐ. അന്വേഷിക്കണമെന്ന ആവശ്യം ശക്തമാകുകയും ദേശീയ ബാലാവകാശ കമ്മിഷന്, പട്ടികജാതി/പട്ടികവര്‍ഗ കമ്മിഷന് എന്നിവര്‍ കേസില്‍ ഇടപെടുകയും ചെയ്തു. സംസ്ഥാന എസ്.സി/എസ്.ടി കമ്മിഷന് സ്വമേധയാ കേസെടുത്തു.
CLICK TO FOLLOW UKMALAYALEE.COM