വാരിയംകുന്നന്‍: ആഷിഖിനെയും പൃഥിരാജിനെയും കടന്നാക്രമിച്ച് ബി.ജെ.പി നേതാക്കളും അണികളും – UKMALAYALEE

വാരിയംകുന്നന്‍: ആഷിഖിനെയും പൃഥിരാജിനെയും കടന്നാക്രമിച്ച് ബി.ജെ.പി നേതാക്കളും അണികളും

Tuesday 23 June 2020 4:36 AM UTC

KOCHI June 23: ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതകഥ സിനിമയാക്കുന്നതിനെതിരെ ബി.ജെ.പി നേതാക്കളും അണികളും.

ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ മുന്നണി പോരാളിയായിരുന്ന കുഞ്ഞഹമ്മദ് ഹാജിയുടെ ജീവചരിത്രം സിനിമയാക്കുന്നുവെന്ന പ്രഖ്യാപനം ഇന്നാണ് അണിയറ പ്രവര്‍ത്തകര്‍ നടത്തിയത്.

വാരിയന്‍കുന്നന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം മലബാര്‍ ലഹളയുടെ നൂറാം വാര്‍ഷികം ആചരിക്കുന്ന 2021ല്‍ ചിത്രീകരണം തുടങ്ങും.
സിനിമയുടെ പ്രഖ്യാപനത്തെ വലിയ ആവേശത്തോടെയാണ് വലിയൊരു വിഭാഗം പ്രേക്ഷകരും സ്വീകരിച്ചത്.

എന്നാല്‍ ചിത്രത്തിനെതിരെ കടുത്ത വിമര്‍ശനവും ഭീഷണിയുമായാണ് ബി.ജെ.പി നേതാക്കളും അണികളും രംഗത്ത് വന്നിരിക്കുന്നത്. മലബാര്‍ ലഹളയെ ഹിന്ദു വിരുദ്ധ കലാപമെന്നാണ് സംഘപരിവാര്‍ നേരത്തെ മുതല്‍ വിശേഷിപ്പിക്കുന്നത്.

കുഞ്ഞഹമ്മദ് ഹാജിയെ ഹിന്ദുക്കളെ കൊന്ന വര്‍ഗീയവാദിയായാണ് നാളിതുവരെ സംഘപരിവാര്‍ വിശേഷിപ്പിച്ച് പോന്നിരുന്നത്.
ആഷിക് അബു-പൃഥ്വിരാജ് കൂട്ടുകെട്ട് സിനിമ പ്രഖ്യാപിച്ചതോടെ ഈ പ്രചാരണങ്ങള്‍ വീണ്ടും ശക്തമാക്കിയിരിക്കുകയാണ് സംഘപരിവാര്‍ കേന്ദ്രങ്ങള്‍.

സംവിധായകന്‍ ആഷിക് അബുവിനും നടന്‍ പൃഥ്വിരാജിനും പുറമെ ആഷികിന്‍െ്‌റ ഭാര്യയും നടിയുമായ റിമ കല്ലിങ്കലിനെതിരെ വരെ ആക്രമണം ശക്തമായിരിക്കുകയാണ്. പൃഥിരാജും ആഷിഖും റിമയും അടക്കമുള്ളവരുടെ പേജുകളില്‍ അഭ്യവും വര്‍ഗീയ കമന്റുകളും നിറഞ്ഞിരിക്കുകയാണ്.

ചരിത്രത്തെ വളച്ചൊടിക്കുന്നു, മുസ്ലീം ഭീകരരെ വെള്ളപൂശൂന്നു, ജമാ അത്തെ ഇസ്ലാമിക് വേണ്ടി സിനിമ പിടിക്കുന്നു തുടങ്ങിയ ആരോപണങ്ങളാണ് ആഷിഖിനെതിരെ ഉന്നയിക്കുന്നത്. ആഷിക് വര്‍ഗീയവാദിയാണെന്നും ഹിന്ദു സമൂഹത്തെ അപമാനിക്കുന്ന കമ്മ്യൂണിസ്റ്റ് ആണെന്നും വരെ ആക്ഷേപിക്കുന്നവരുണ്ട്.

ചിത്രത്തില്‍ നിന്ന് പിന്‍മാറണമെന്നാണ് നടന്‍ പൃഥിരാജിനോടുള്ള ആവശ്യം. 1921ലെ മലബാര്‍ കലാപത്തെ ഇസ്ലാം ഫാസിസമെന്നാണ് ബി.ജെ.പി നേതാവ് ബി. രാധാകൃഷ്ണ മേനോന്‍ വിശേഷിപ്പിച്ചിരിക്കുന്നത്.

ബിന്‍ലാദന്റെ പൂര്‍വ്വരൂപമായ ഇസ്ലാമിക് ഫാസിസ്റ്റ് മാത്രമാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെന്നും ബി.ജെ.പി നേതാവ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

CLICK TO FOLLOW UKMALAYALEE.COM