വളര്‍ച്ച ഇടിഞ്ഞു; കടം പെരുകി: സാമ്പത്തിക അവലോകന റിപ്പോര്‍ട്ട്‌ നിയമസഭയില്‍ – UKMALAYALEE

വളര്‍ച്ച ഇടിഞ്ഞു; കടം പെരുകി: സാമ്പത്തിക അവലോകന റിപ്പോര്‍ട്ട്‌ നിയമസഭയില്‍

Thursday 14 January 2021 9:27 PM UTC

തിരുവനന്തപുരം Jan 14: സംസ്‌ഥാനത്തിന്റെ വളര്‍ച്ചാ നിരക്ക്‌ കുത്തനെ താഴേക്ക്‌. 2018- 19 സാമ്പത്തികവര്‍ഷം 6.49 ശതമാനമായിരുന്നത്‌ 2019- 20 വര്‍ഷം 3.45 ശതമാനം മാത്രം. ദേശീയ വളര്‍ച്ചാനിരക്ക്‌ 4.2 ശതമാനമാണ്‌. ഓഖി ചുഴലിക്കാറ്റ്‌, രണ്ടു പ്രളയങ്ങള്‍, കോവിഡ്‌ പ്രതിസന്ധികളാണ്‌ തകര്‍ച്ചയ്‌ക്കു കാരണമെന്നും പറയുന്ന സാമ്പത്തിക അവലോകന റിപ്പോര്‍ട്ട്‌ ധനമന്ത്രി ഡോ. തോമസ്‌ ഐസക്‌ നിയമസഭയില്‍ വച്ചു.

കടബാധ്യത 2,60,311.37 കോടി രൂപയായി ഉയര്‍ന്നു. ആഭ്യന്തര കടം 1,65,960.04 കോടിയാണ്‌. കടത്തിന്റെ വാര്‍ഷിക വളര്‍ച്ച മുന്‍വര്‍ഷത്തെ 11.80-ല്‍ നിന്ന്‌ 10.47 ശതമാനമായി കുറഞ്ഞു.
ആഭ്യന്തര കടം 9.91 % വര്‍ധിച്ചു. ആഭ്യന്തര ഉല്‍പ്പാദനം 5.49 ലക്ഷം കോടി രൂപയില്‍ നിന്ന്‌ 5.68 ലക്ഷം കോടിയായി വര്‍ധിച്ചു.

സംസ്‌ഥാന മൂല്യവര്‍ധന (ജി.എസ്‌.വി.എ) 4.89 ലക്ഷം കോടിയില്‍ നിന്ന്‌ 5.01 ലക്ഷം കോടിയായി. വളര്‍ച്ച നിരക്ക്‌ 6.2 ശതമാനത്തില്‍ നിന്ന്‌ 2.58 ശതമാനമായാണു കുറഞ്ഞത്‌. 19-20 വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ പണപ്പെരുപ്പം രൂക്ഷമായി. ആറ്‌ മുതല്‍ ഏഴ്‌ ശതമാനം വരെയായിരുന്നു വര്‍ധന.

കാര്‍ഷിക-അനുബന്ധ മേഖലകളില്‍ വളര്‍ച്ച നെഗറ്റീവാണ്‌. 18-19 സാമ്പത്തിക വര്‍ഷം കാര്‍ഷിക മേഖല മൈനസ്‌ 2.38 ശതമാനമായിരുന്നത്‌ മൈനസ്‌ 6.62 ശതമാനത്തിലേക്കു താണു.
പച്ചക്കറി ഉല്‍പ്പാദനം 23 % വര്‍ധിച്ചു. തൊഴിലില്ലായ്‌മ 11.4 ല്‍നിന്ന്‌ ഒമ്പതു ശതമാനമായി കുറഞ്ഞു.

റവന്യു വരുമാനം 2,629 കോടി കുറഞ്ഞു

സംസ്‌ഥാനത്തെ റവന്യു വരുമാനം 2,629.8 കോടി രൂപ കുറഞ്ഞു. കേന്ദ്ര നികുതിവിഹിതത്തിലും ഗ്രാന്റിലും കുറവുണ്ടായി. തനത്‌ നികുതി വരുമാനം മുന്‍വര്‍ഷം ഒമ്പതു ശതമാനമായിരുന്നത്‌ 19- 20ല്‍ മൈനസ്‌ 0.6 ശതമാനമായി.

റവന്യു ചെലവിന്റെ 74.70 ശതമാനവും ശമ്പളം, പെന്‍ഷന്‍, പലിശ, എന്നിവയ്‌ക്കാണ്‌. മുന്‍വര്‍ഷം ചെലവിന്റെ 28.47 ശതമാനം ശമ്പളമിനത്തിലായിരുന്നത്‌ കഴിഞ്ഞ വര്‍ഷം 30.25 ശതമാനമായി. പെന്‍ഷന്‍ ചെലവ്‌ 17.23 ല്‍ നിന്ന്‌ 18.21 ശതമാനമായി. പലിശ 15.18 ല്‍ നിന്ന്‌ 18.35 ശതമാനമായി വര്‍ധിച്ചു.

സമ്പദ്‌വ്യവസ്‌ഥ ആധുനികവല്‍ക്കരിക്കണം

സംസ്‌ഥാനത്തിന്റെ സമ്പദ്‌വ്യവസ്‌ഥ ആധുനികവല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ അടിയന്തരമായി തുടങ്ങണമെന്നു സാമ്പത്തിക അവലോകന റിപ്പോര്‍ട്ടില്‍ നിര്‍ദേശം. നൂതന ആശയങ്ങളിലും വിജ്‌ഞാനാധിഷ്‌ഠിത വ്യവസായങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കണം. സംസ്‌ഥാനത്തെ പ്രതിശീര്‍ഷ വരുമാനം 1,49,563 രൂപയാണ്‌.
കഴിഞ്ഞ നാലു വര്‍ഷത്തിനിടെ നോട്ട്‌ നിരോധനം, പ്രളയങ്ങള്‍ തുടങ്ങി നിരവധി തിരിച്ചടികളുണ്ടായി. ഗള്‍ഫ്‌ വരുമാനത്തിലെ കുറവും വളര്‍ച്ച മന്ദഗതിയിലാക്കി. കോവിഡും ലോക്ക്‌ഡൗണും മൂലം കാര്‍ഷികോല്‍പ്പന്നങ്ങള്‍, കന്നുകാലി ഉല്‍പ്പന്നങ്ങള്‍, മത്സ്യം എന്നിവയുടെ വില ഇടിഞ്ഞു.

ബജറ്റ്‌ കോവിഡാനന്തര കേരളത്തിനായി: ധനമന്ത്രി

സര്‍ക്കാരിന്റെ ദീര്‍ഘവീക്ഷണത്തോടെയുള്ള നടപടികള്‍ സമ്പൂര്‍ണ സാമ്പത്തിക തകര്‍ച്ചയില്‍നിന്നു സംസ്‌ഥാനത്തെ രക്ഷിച്ചെന്നു ധനമന്ത്രി തോമസ്‌ ഐസക്‌. മറ്റു സംസ്‌ഥാനങ്ങളെ അപേക്ഷിച്ച്‌ ശക്‌തമായ തിരിച്ചുവരവാണ്‌ സംസ്‌ഥാന സമ്പദ്‌ഘടനയിലുണ്ടാകുന്നത്‌. ഇതു കൂടുതല്‍ ശക്‌തിപ്പെടുത്താനും കോവിഡാനന്തര കേരളത്തിനു വഴിയൊരുക്കാനുമായിരിക്കും ഇന്നത്തെ ബജറ്റ്‌ ഊന്നല്‍ നല്‍കുക. ആഭ്യന്തര വരുമാനം 8.22 ലക്ഷം കോടി രൂപയാണ്‌. 1.56 ലക്ഷം കോടി രൂപയുടെ വരുമാന നഷ്‌ടമാണുണ്ടായത്‌.

CLICK TO FOLLOW UKMALAYALEE.COM