വലമുറുക്കി കേന്ദ്രം , ഒപ്പം യു.എ. ഇയും മുഴുവന്‍ പ്രതികളെയും പിടികൂടാന്‍ കേന്ദ്രനിര്‍ദേശം – UKMALAYALEE
foto

വലമുറുക്കി കേന്ദ്രം , ഒപ്പം യു.എ. ഇയും മുഴുവന്‍ പ്രതികളെയും പിടികൂടാന്‍ കേന്ദ്രനിര്‍ദേശം

Wednesday 8 July 2020 3:32 AM UTC

കൊച്ചി/ന്യൂഡല്‍ഹി July 8 : ചെറു’സ്വര്‍ണമീനുകളില്‍’ ഒതുങ്ങുമായിരുന്ന നയതന്ത്ര സ്വര്‍ണക്കടത്ത്‌ കേസ്‌ കേന്ദ്രസര്‍ക്കാരിന്റെ കര്‍ശന ഇടപെടലോടെ രാജ്യാന്തരതലത്തിലേക്ക്‌.

കേസില്‍ ഉള്‍പ്പെട്ടവര്‍ എത്ര ഉന്നതരായാലും പിടികൂടാന്‍ വിദേശകാര്യമന്ത്രാലയം കസ്‌റ്റംസിനു നിര്‍ദേശം നല്‍കി. രാജ്യസുരക്ഷയെത്തന്നെ ബാധിക്കുന്ന സംഭവത്തെ ഗൗരവത്തോടെയാണു കേന്ദ്രസര്‍ക്കാര്‍ കാണുന്നത്‌.

സംഭവത്തെക്കുറിച്ചു ന്യൂഡല്‍ഹിയിലെ യു.എ.ഇ. എംബസിയും അന്വേഷണമാരംഭിച്ചു. ഇന്ത്യയുമായുള്ള നയതന്ത്രബന്ധത്തിനു പേരുദോഷമുണ്ടാക്കിയവരെ വെറുതേവിടില്ലെന്ന്‌ എംബസിയുടെ പത്രക്കുറിപ്പില്‍ പറയുന്നു.

കേരളത്തിലെ ഉദ്യോഗസ്‌ഥരുമായി ബന്ധപ്പെട്ട്‌ അന്വേഷണം ഏകോപിപ്പിക്കുമെന്ന്‌ ഇന്ത്യയിലെ യു.എ.ഇ. അംബാസഡര്‍ അഹമ്മദ്‌ അല്‍ ബന്ന ദുബായില്‍ മാധ്യമങ്ങളോടു പറഞ്ഞു. കുറ്റകൃത്യത്തിന്റെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണവുമായി സഹകരിക്കുമെന്ന്‌ എംബസിയും വ്യക്‌തമാക്കി.

കോണ്‍സുലേറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ അറിയുന്ന ആരോ നയതന്ത്ര ചാനലില്‍ സ്വര്‍ണം കടത്തി. തിരുവനന്തപുരത്തെ കോണ്‍സുലേറ്റിന്‌ അതുമായി ബന്ധമില്ല. പ്രതിസ്‌ഥാനത്തുള്ളയാളെ തെറ്റിന്റെ പേരില്‍ പണ്ടേ പുറത്താക്കിയതാണെന്നും എംബസി വ്യക്‌തമാക്കി.

നയതന്ത്രപരിരക്ഷയുള്ള ബാഗേജില്‍ യു.എ.ഇയില്‍നിന്നു 30 കിലോഗ്രാം സ്വര്‍ണം തിരുവനന്തപുരം വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച കേസാണു രാജ്യാന്തരശ്രദ്ധയാകര്‍ഷിക്കുന്നത്‌.

അറസ്‌റ്റിലായ യു.എ.ഇ. കോണ്‍സുലേറ്റ്‌ മുന്‍ പി.ആര്‍.ഒ: പി.എസ്‌. സരിത്തില്‍ കേസൊതുക്കാനും ആരോപണവിധേയയായ ഐ.ടി. വകുപ്പ്‌ മുന്‍ജീവനക്കാരി സ്വപ്‌ന സുരേഷിനെ രക്ഷിക്കാനും ഉന്നതതലനീക്കം നടക്കുന്നതിനിടെയാണു കേന്ദ്ര ഇടപെടല്‍.

യു.എ.ഇ. കോണ്‍സുലേറ്റിലെ മുന്‍ എക്‌സിക്യൂട്ടിവ്‌ സെക്രട്ടറികൂടിയായ സ്വപ്‌നയുടെ വിദേശയാത്രകളും ഇടപാടുകളും വിശദമായി അന്വേഷിക്കുമെന്നു കസ്‌റ്റംസ്‌ വ്യക്‌തമാക്കി. ഒളിവില്‍പോയ ഇവരെ പിടികൂടാന്‍ കസ്‌റ്റംസ്‌ അധികൃതര്‍ പോലീസിന്റെ സഹായം തേടി.

സ്വപ്‌ന കേരളം വിട്ടതായും സൂചനയുണ്ട്‌. ഉന്നതസഹായമില്ലാതെ ഇവര്‍ക്ക്‌ ഒളിവില്‍ കഴിയാനാവില്ലെന്നു കസ്‌റ്റംസ്‌ കരുതുന്നു.

മുഴുവന്‍ പ്രതികളെയും പിടികൂടി കേസിലെ ദുരൂഹത നീക്കാനാണ്‌ ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയത്തിന്റെ നിര്‍ദേശം. അന്വേഷണത്തിന്റെ ഭാഗമായി യു.എ.ഇ. വിദേശകാര്യമന്ത്രാലയത്തിലും തിരുവനന്തപുരത്തെ കോണ്‍സുലേറ്റിലും ജോലിചെയ്ുയന്ന മലയാളികളായ മുഴുവന്‍ ഉദ്യോഗസ്‌ഥരെയും ചോദ്യംചെയ്യും.

യു.എ.ഇയിലെ ഇന്ത്യന്‍ എംബസിയില്‍ ഡെപ്യൂട്ടേഷനിലുള്ള കസ്‌റ്റംസ്‌ ഓഫീസര്‍ക്കാണു വിദേശത്തെ അന്വേഷണച്ചുമതല. സ്വര്‍ണക്കടത്തില്‍ തിരുവനന്തപുരം വിമാനത്താവളത്തിലെ ചില ജീവനക്കാര്‍ക്കും പങ്കുണ്ടെന്നു കണ്ടെത്തിയതായാണു കസ്‌റ്റംസ്‌ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

പിടിച്ചെടുത്ത സ്വര്‍ണത്തില്‍ തങ്ങള്‍ക്കോ യു.എ.ഇ. സര്‍ക്കാരിനോ അവകാശവാദമില്ലെന്നും ഇന്ത്യന്‍ സര്‍ക്കാരിനു നിയമനടപടി തുടരാമെന്നും കോണ്‍സുലേറ്റ്‌ വ്യക്‌തമാക്കി.

സരിത്തിനെയും സ്വപ്‌നയേയും ബാഗേജ്‌ വിട്ടുകിട്ടാന്‍ കസ്‌റ്റംസ്‌ ഓഫീസറെയും വിളിച്ചവരുടെ വിശദാംശങ്ങള്‍ ശേഖരിച്ചു. ഇവരെയെല്ലാം വിളിപ്പിക്കുമെന്നും അന്വേഷണവുമായി സഹകരിച്ചില്ലെങ്കില്‍ എന്തുചെയ്യണമെന്ന്‌ അറിയാമെന്നും കസ്‌റ്റംസ്‌ അധികൃതര്‍ പറഞ്ഞു.

മുന്‍കൂര്‍ജാമ്യത്തിനായി സ്വപ്‌ന നിരന്തരം ഹൈക്കോടതി അഭിഭാഷകരെ ബന്ധപ്പെടുന്നുണ്ട്‌. എന്നാല്‍, പോലീസും ജാഗ്രതയിലായതിനാല്‍ മുന്‍കൂര്‍ജാമ്യം ലഭിച്ചില്ലെങ്കില്‍ കീഴടങ്ങാനാണു നീക്കം. സ്വര്‍ണക്കടത്തില്‍ സ്വപ്‌നയ്‌ക്കു പങ്കുള്ളതായി സരിത്ത്‌ ആദ്യം സമ്മതിച്ചിരുന്നില്ല.

എന്നാല്‍, ഇവര്‍ തമ്മിലുള്ള സാമ്പത്തിക ഇടപാടുകള്‍ ചൂണ്ടിക്കാട്ടിയുള്ള ചോദ്യംചെയ്യലില്‍ ഇയാള്‍ പതറി.
സ്വര്‍ണക്കടത്തിനു സഹായിച്ച ദുബായിലെ കയറ്റുമതി ഏജന്റിനെയും തിരിച്ചറിഞ്ഞു.

കൊച്ചി സ്വദേശിയായ ഇയാളെ അറസ്‌റ്റ്‌ ചെയ്‌ത്‌ ഇന്ത്യയിലെത്തിക്കും.

ജെബി പോള്‍/ശ്യാം ശശീന്ദ്രന്‍

CLICK TO FOLLOW UKMALAYALEE.COM