വയനാട്ടില്‍ രാഹുലിന് എതിരാളിയാകാന്‍ തുഷാര്‍: തൃശ്ശൂരിലെ പ്രചരണം നിര്‍ത്തിവെച്ചു – UKMALAYALEE

വയനാട്ടില്‍ രാഹുലിന് എതിരാളിയാകാന്‍ തുഷാര്‍: തൃശ്ശൂരിലെ പ്രചരണം നിര്‍ത്തിവെച്ചു

Monday 1 April 2019 1:19 AM UTC

തൃശ്ശൂര്‍ April 1:വയനാട്ടില്‍ എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥി പൈലി വാത്യാട്ടിനെ മാറ്റി ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി സ്ഥാനാര്‍ത്ഥിയാകും. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കാനെത്തുന്ന സാഹചര്യത്തിലാണ് നിലവിലെ സ്ഥാനാര്‍ത്ഥിയെ മാറ്റാന്‍ എന്‍ഡിഎ തീരുമാനിച്ചത്.

രാഹുല്‍ മത്സരിക്കാനെത്തിയാല്‍ ബിജെപിയുടെ ദേശീയ നേതാവ് തന്നെ വയനാട്ടില്‍ മത്സരിക്കാനെത്തുമെന്ന അഭ്യൂഹങ്ങള്‍ നേരത്തെ തന്നെ ഉണ്ടായിരുന്നു. പിന്നാലെ സുരേഷ് ഗോപിയെ മത്സരിപ്പിക്കുമെന്ന അഭ്യൂഹങ്ങളും പ്രചരിക്കുന്നതിനിടെയാണ് തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കാന്‍ തീരുമാനമായത്.

വയനാട്ടിലേക്ക് മാറുന്ന സാഹചര്യത്തില്‍ തുഷാര്‍ തൃശ്ശൂര്‍ മണ്ഡലത്തിലെ പ്രചരണം താത്ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.

സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയപ്പോഴും രാഹുലിന്റെ തീരുമാനം അനുസരിച്ച് ഇക്കാര്യത്തില്‍ ഭേദഗതി ഉണ്ടാകുമെന്ന് എന്‍ഡിഎ നേതൃത്വം അറിയിക്കുകയും ചെയ്തിരുന്നു.

ഇന്ന് വൈകുന്നേരത്തിനകം തന്നെ വയനാട് സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയും തുഷാര്‍ വെള്ളാപ്പള്ളി നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ഇക്കാര്യത്തില്‍ ഇന്നു തന്നെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. തുഷാറിനു പകരം തൃശ്ശൂരില്‍ ആരു മത്സരിക്കുമെന്നതിലും ഉടന്‍ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. തൃശ്ശൂര്‍ സീറ്റ് ബിജെപിക്ക് വിട്ടു നല്‍കുമെന്നും സൂചനയുണ്ട്.

CLICK TO FOLLOW UKMALAYALEE.COM