വനിതാസംവരണം നടപ്പാക്കും, ജി.എസ്‌.ടി. പൊളിച്ചെഴുതും: രാഹുല്‍ കേരളത്തില്‍ – UKMALAYALEE

വനിതാസംവരണം നടപ്പാക്കും, ജി.എസ്‌.ടി. പൊളിച്ചെഴുതും: രാഹുല്‍ കേരളത്തില്‍

Wednesday 30 January 2019 2:40 AM UTC

കൊച്ചി Jan 30 : ചരക്കു സേവന നികുതി (ജി.എസ്‌.ടി) സമ്പ്രദായം പൊളിച്ചെഴുതുമെന്നു കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ്‌ വാഗ്‌ദാനം. മോഡി സര്‍ക്കാരിന്റെ ജി.എസ്‌.ടി. തികഞ്ഞ പരാജയമാണെന്നും കോണ്‍ഗ്രസ്‌ അതു പുനഃക്രമീകരിക്കുമെന്നും കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കൊച്ചിയില്‍ പ്രഖ്യാപിച്ചു.

കോണ്‍ഗ്രസ്‌ അധികാരത്തിലെത്തിയാല്‍ വനിതാ സംവരണ ബില്‍ പാസാക്കും. കൂടുതല്‍ സ്‌ത്രീകളെയും യുവാക്കളെയും നേതൃനിരയിലേക്കു കൊണ്ടുവരും. ഓരോ പൗരനും മിനിമം വരുമാനം ഉറപ്പാക്കുന്ന പദ്ധതി നടപ്പാക്കും.

കൊച്ചി മറൈന്‍ ഡ്രൈവില്‍ കോണ്‍ഗ്രസ്‌ ബൂത്ത്‌ പ്രസിഡന്റുമാരുടെയും വനിതാ വൈസ്‌ പ്രസിഡന്റുമാരുടെയും സംഗമത്തില്‍ രാഹുല്‍ പ്രഖ്യാപിച്ചു.

ചെറുകിട-ഇടത്തരം വ്യാപാര സ്‌ഥാപനങ്ങളെയും കച്ചവടങ്ങളെയും തകര്‍ക്കുന്ന തരത്തിലാണു മോഡി സര്‍ക്കാര്‍ ജി.എസ്‌.ടി. കൊണ്ടുവന്നത്‌. സാമ്പത്തിക മേഖലയെ നരേന്ദ്ര മോഡി ഒറ്റയടിക്കു തകര്‍ത്തു.

മോഡിയുടെ കര്‍ഷകദ്രോഹത്തിനു ജനങ്ങള്‍ തെരഞ്ഞെടുപ്പിലൂടെ മറുപടി നല്‍കണം. തന്റെ 15 ബിസിനസ്‌ സുഹൃത്തുക്കള്‍ക്കുവേണ്ടി മൂന്നര ലക്ഷം കോടി രൂപ ചെലവിട്ട മോഡിയുടെ മിനിമം വരുമാന ഗ്യാരന്റി അവര്‍ക്കു വേണ്ടിയുള്ളതായിരുന്നു.

ലോകത്തൊരിടത്തുമില്ലാത്ത മിനിമം വരുമാന പദ്ധതിയാകും കോണ്‍ഗ്രസ്‌ നടപ്പാക്കുക. തൊഴിലുറപ്പ്‌, ഭക്ഷ്യസുരക്ഷാ പദ്ധതികളുടെ തുടര്‍ച്ചാകും അത്‌. എല്ലാ നിര്‍ധനരുടെയും ബാങ്ക്‌ അക്കൗണ്ടുകളില്‍ പണമെത്തും.

സി.ബി.ഐ. മേധാവിയുടെ മാറ്റം, റാഫേല്‍ ഇടപാട്‌ എന്നിവ സംബന്ധിച്ച ചോദ്യങ്ങള്‍ക്കുള്ള ഉത്തരം “പ്രധാനമന്ത്രി അഴിമതിക്കാരനാണ്‌” എന്നാണ്‌.

ധനികരുടെ ഇന്ത്യയും ദരിദ്ര കര്‍ഷകരുടെ ഇന്ത്യയുമെന്ന വിഭജനമാണു മോഡി നടത്തുന്നത്‌. യുവാക്കള്‍ക്കും കര്‍ഷകര്‍ക്കും വേണ്ടി എന്തുചെയ്‌തെന്നു ഡല്‍ഹിയില്‍ മോഡിയോടുന്നയിക്കുന്ന അതേ ചോദ്യം കേരളത്തിലെ മുഖ്യമന്ത്രിയോടും ചോദിക്കുന്നു.

പ്രളയശേഷം കേരളത്തെ പുനര്‍നിര്‍മിക്കുമെന്നു കരുതിയെങ്കിലും സംസ്‌ഥാന സര്‍ക്കാര്‍ ഒന്നും ചെയ്‌തില്ല. “ശക്‌തി” എന്ന പരിപാടിയിലൂടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ പങ്കുവയ്‌ക്കുന്ന നിര്‍ദേശങ്ങള്‍ക്കു മുന്തിയ പരിഗണന നല്‍കും.

“എന്റെ ബൂത്ത്‌ എന്റെ അഭിമാനം” എന്ന വികാരം ഓരോ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകനും ഏറ്റെടുക്കണമെന്നും രാഹുല്‍ ഗാന്ധി ആഹ്വാനം ചെയ്‌തു.

കെ.പി.സി.സി. പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകസമിതിയംഗം എ.കെ. ആന്റണി, എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിമാരായ ഉമ്മന്‍ ചാണ്ടി, മുകുള്‍ വാസ്‌നിക്‌, പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല, പി.സി. ചാക്കോ, പ്രഫ. കെ.വി. തോമസ്‌, ടി.ജെ. വിനോദ്‌ എന്നിവര്‍ പ്രസംഗിച്ചു.

CLICK TO FOLLOW UKMALAYALEE.COM