വണ്‍ ഇന്ത്യാ വണ്‍ പെന്‍ഷന്‍ ആശയം ജനപ്രീതി നേടുന്നു – UKMALAYALEE

വണ്‍ ഇന്ത്യാ വണ്‍ പെന്‍ഷന്‍ ആശയം ജനപ്രീതി നേടുന്നു

Wednesday 29 July 2020 11:09 PM UTC

കോട്ടയം July 30: എല്ലാവര്‍ക്കും തുല്യ പെന്‍ഷന്‍ എന്ന ആശയവുമായി രൂപം കൊണ്ട ‘വണ്‍ ഇന്ത്യാ വണ്‍ പെന്‍ഷന്‍’ കൂട്ടായ്‌മ കേരളമെമ്പാടും ജനപ്രീതി നേടുന്നു.

60 വയസ്‌ പൂര്‍ത്തിയാകുന്ന എല്ലാവര്‍ക്കും കുറഞ്ഞത്‌ 10000 രൂപ പെന്‍ഷന്‍ നല്‍കണം എന്നാണ്‌ സംഘടന മുന്നോട്ടു വയ്‌ക്കുന്ന ആവശ്യം. വികസിത രാജ്യങ്ങള്‍ മുതല്‍ ദരിദ്രരാജ്യമായ നേപ്പാള്‍ വരെ പല രീതിയിലുള്ള സാര്‍വത്രിക പെന്‍ഷന്‍ നടപ്പാക്കുന്നുണ്ടെന്ന്‌ സംഘടന ചൂണ്ടിക്കാട്ടുന്നു.

കര്‍ഷകര്‍, കര്‍ഷകത്തൊഴിലാളികള്‍, സ്വകാര്യമേഖലയിലെ ജീവനക്കാര്‍, ക്ഷീരകര്‍ഷകര്‍, മോട്ടോര്‍ വാഹന തൊഴിലാളികള്‍, സ്വയം സംരഭകര്‍, മറ്റു തൊഴിലാളികള്‍ എന്നിങ്ങനെ സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവര്‍ക്ക്‌ ജീവിത സായാഹ്‌നത്തില്‍ താങ്ങാകാന്‍ ഇത്തരം സാമൂഹ്യസുരക്ഷാപദ്ധതികൊണ്ട്‌ സാധിക്കുമെന്ന്‌ സംഘടനയുടെ സംസ്‌ഥാന പ്രസിഡന്റ്‌ വിനോദ്‌ കെ. ജോസ്‌ ചൂണ്ടിക്കാട്ടി.

എല്ലാ മേഖലകളിലുമുള്ളവര്‍ക്കും തുല്യ പെന്‍ഷന്‍ കിട്ടുന്നതോടെ പണം വിപണിയിലേക്ക്‌ ഇറങ്ങുമെന്നും ക്രയവിക്രയം വര്‍ധിക്കുമെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു.

ഇതു കൂടുതല്‍ സംരംഭങ്ങള്‍ തുടങ്ങാനും നാടിന്റെ സമ്പദ്‌വ്യവസ്‌ഥ മെച്ചപ്പെടുത്താനും സര്‍ക്കാരിന്റെ നികുതിവരുമാനം വര്‍ധിപ്പിക്കാനും സഹായിക്കും എന്നതാണ്‌ സംഘടന മുന്നോട്ടു വയ്‌ക്കുന്ന ആശയം.

കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ സമാന ചിന്താഗതിക്കാര്‍ കൂടിച്ചേര്‍ന്നു രൂപീകരിച്ച കൂട്ടായ്‌മയാണിത്‌.

വളരെ വേഗംതന്നെ ആശയത്തിനു ജനപ്രീതി ലഭിക്കുകയും സംസ്‌ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും കൂട്ടായ്‌മകള്‍ രൂപപ്പെടുകയും ചെയ്‌തു. 24 അംഗങ്ങളുള്ള ട്രസ്‌റ്റ്‌ ആണ്‌ നേതൃത്വം നല്‍കുന്നത്‌.

CLICK TO FOLLOW UKMALAYALEE.COM