വട്ടിയൂര്‍ക്കാവില്‍ കുമ്മനം രാജശേഖരന്‍; ഗവര്‍ണര്‍ പട്ടികയില്‍നിന്ന്‌ ഒഴിവാക്കിയത് വീണ്ടും ഉപതെരഞ്ഞെടുപ്പില്‍ ജനവിധിതേടാന്‍ – UKMALAYALEE

വട്ടിയൂര്‍ക്കാവില്‍ കുമ്മനം രാജശേഖരന്‍; ഗവര്‍ണര്‍ പട്ടികയില്‍നിന്ന്‌ ഒഴിവാക്കിയത് വീണ്ടും ഉപതെരഞ്ഞെടുപ്പില്‍ ജനവിധിതേടാന്‍

Wednesday 4 September 2019 6:02 AM UTC

തിരുവനന്തപുരം Sept 4: വട്ടിയൂര്‍ക്കാവ്‌ ഉപതെരഞ്ഞെടുപ്പില്‍ കുമ്മനം രാജശേഖരന്‍ ബി.ജെ.പി. സ്‌ഥാനാര്‍ഥിയാകുമെന്നു സൂചന. മിസോറം ഗവര്‍ണര്‍ സ്‌ഥാനം രാജിവയ്‌പ്പിച്ചാണു കുമ്മനത്തെ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തു മത്സരിപ്പിച്ചത്‌.

അവിടെ ശശി തരൂരിനോടു തോറ്റ അദ്ദേഹത്തിനു വീണ്ടും ഗവര്‍ണര്‍ സ്‌ഥാനം നല്‍കുമെന്നായിരുന്നു അഭ്യൂഹം.

എന്നാല്‍, കഴിഞ്ഞദിവസം പ്രഖ്യാപിച്ച പുതിയ ഗവര്‍ണര്‍മാരുടെ പട്ടികയില്‍ കുമ്മനം ഉള്‍പ്പെട്ടില്ല. വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്ക്‌ ഏറെ പ്രതീക്ഷയുള്ള വട്ടിയൂര്‍ക്കാവില്‍ കുമ്മനത്തെ വീണ്ടും പരീക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണു ബി.ജെ.പി. കേന്ദ്രനേതൃത്വം അദ്ദേഹത്തെ ഗവര്‍ണര്‍ പട്ടികയില്‍നിന്ന്‌ ഒഴിവാക്കിയതെന്നാണു സൂചന.

വട്ടിയൂര്‍ക്കാവില്‍ പ്രവര്‍ത്തനമാരംഭിക്കാന്‍ കുമ്മനത്തോടു ബി.ജെ.പി. കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടതായും സൂചനയുണ്ട്‌. കുമ്മനത്തെ സ്‌ഥാനാര്‍ഥിയാക്കണമെന്നു ബി.ജെ.പി. വട്ടിയൂര്‍ക്കാവ്‌ മണ്ഡലം കമ്മിറ്റി സംസ്‌ഥാനനേതൃത്വത്തോട്‌ ശിപാര്‍ശ ചെയ്‌തിട്ടുമുണ്ട്‌.

ഇതു സംബന്ധിച്ച പ്രവര്‍ത്തകരുടെ താത്‌പര്യം ജനറല്‍ സെക്രട്ടറി എം.ടി. രമേശ്‌ സംസ്‌ഥാന തെരഞ്ഞെടുപ്പുസമിതിയെ അറിയിച്ചു. മണ്ഡലം കമ്മിറ്റിയിലെ 26 അംഗങ്ങളില്‍ ഭൂരിപക്ഷവും കുമ്മനം മത്സരിക്കണമെന്ന ആവശ്യം മുന്നോട്ടുവച്ചു.

സംസ്‌ഥാന ഭാരവാഹികളായ വി.വി. രാജേഷ്‌, ജെ.ആര്‍. പത്മകുമാര്‍, പി.കെ. കൃഷ്‌ണദാസ്‌, കെ. സുരേന്ദ്രന്‍ എന്നിവരുടെ പേരുകളും ഉയര്‍ന്നുവന്നെങ്കിലും കുമ്മനത്തിനായിരുന്നു മേല്‍ക്കൈ.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ രണ്ടാമതെത്തിയതും കുമ്മനത്തിന്‌ അനുകൂലഘടകമാണ്‌. 2016-ല്‍ യു.ഡി.എഫിലെ കെ. മുരളീധരനോട്‌ 7,622 വോട്ടിനാണു കുമ്മനം തോറ്റത്‌. ഇടതുസ്‌ഥാനാര്‍ഥി ടി.എന്‍. സീമ അന്നു മൂന്നാംസ്‌ഥാനത്തേക്കു പിന്തള്ളപ്പെട്ടിരുന്നു.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞടുപ്പില്‍ വട്ടിയൂര്‍ക്കാവ്‌ നിയോജകമണ്ഡലത്തില്‍ ശശി തരൂര്‍ 53,545 വോട്ട്‌ നേടിയപ്പോള്‍ കുമ്മനം 50,709 വോട്ടുമായി രണ്ടാമതെത്തി.

ഇടതുസ്‌ഥാനാര്‍ഥി സി. ദിവാകരന്‌ 29,414 വോട്ടാണു ലഭിച്ചത്‌. വട്ടിയൂര്‍ക്കാവ്‌ നിയോജകമണ്ഡലത്തില്‍ ഉള്‍പ്പെടുന്ന 24 കോര്‍പറേഷന്‍ വാര്‍ഡുകളില്‍ ഒന്‍പതെണ്ണത്തില്‍ ബി.ജെ.പി. കൗണ്‍സിലര്‍മാരാണ്‌.

CLICK TO FOLLOW UKMALAYALEE.COM