വടക്കുന്നാഥ ക്ഷേത്ര ഉപദേശകസമിതി പിടിച്ചെടുക്കാന്‍ സി.പി.എം. നീക്കം – UKMALAYALEE

വടക്കുന്നാഥ ക്ഷേത്ര ഉപദേശകസമിതി പിടിച്ചെടുക്കാന്‍ സി.പി.എം. നീക്കം

Friday 19 October 2018 3:15 AM UTC

തൃശൂര്‍ Oct 19: ശബരിമല വിവാദം കത്തിനില്‍ക്കുന്നതിനിടെ പ്രധാനക്ഷേത്രങ്ങളില്‍ ആധിപത്യമുറപ്പിക്കാന്‍ സി.പി.എം. നീക്കം ശക്‌തം. വടക്കുന്നാഥ ക്ഷേത്ര ഉപദേശകസമിതി രൂപീകരണത്തില്‍ അതിനു തുടക്കമിട്ടു.

കൊച്ചിന്‍ ദേവസ്വംബോര്‍ഡിന്റെ കണക്കുകൂട്ടലനുസരിച്ചു കാര്യങ്ങള്‍ നീങ്ങിയാല്‍ സി.പി.എം. ലോക്കല്‍ സെക്രട്ടറി ഉപദേശകസമിതിയുടെ തലപ്പത്തെത്തും.

സി.പി.എം. അനുഭാവികളായ 11 പേരെ കുത്തിനിറച്ചാണ്‌ സമിതിക്കു രൂപം നല്‍കുന്നത്‌. തൃശൂര്‍പൂരം മുഖ്യസംഘാടകരായ പാറമേക്കാവ്‌, തിരുവമ്പാടി ദേവസ്വങ്ങളില്‍ പെട്ടവരെ കൂട്ടത്തോടെ വെട്ടിമാറ്റി.

ബോര്‍ഡ്‌ പ്രസിഡന്റ്‌ എം.കെ. സുദര്‍ശന്‍ സ്‌ഥാനമൊഴിയുന്നതിനു തൊട്ടുമുമ്പു തിരക്കിട്ടു നടത്തിയ നീക്കത്തിനെതിരേ വന്‍ പ്രതിഷേധമുയര്‍ന്നു.

രാഷ്‌ട്രീയം കുത്തിനിറയ്‌ക്കാനുള്ള നീക്കത്തിനെതിരേ പ്രതികരിക്കുമെന്നു ഹിന്ദുഐക്യവേദി ജന.സെക്രട്ടറി കെ.കേശവദാസ്‌ വ്യക്‌തമാക്കി.

നാനൂറില്‍ അധികംപേര്‍ പങ്കെടുത്ത ജനറല്‍ ബോഡി യോഗത്തില്‍ 19 സ്‌ഥാനങ്ങളിലേക്കായി 82 പേരുടെ പേരുകളാണ്‌ പരിഗണിച്ചത്‌.

ഇതില്‍ നിന്നു കൊച്ചിന്‍ദേവസ്വം ബോര്‍ഡ്‌ ആണ്‌ ഇഷ്‌ടക്കാരെ തിരുകിക്കയറ്റി പട്ടികയ്‌ക്കു രൂപംനല്‍കിയത്‌. പട്ടിക സംബന്ധിച്ച്‌ പലതവണ വെട്ടിത്തിരുത്തലുണ്ടായതായി ചൂണ്ടിക്കാട്ടുന്നു.

തിരുവമ്പാടി ദേശക്കാരനും സി.പി.എം. ലോക്കല്‍ സെക്രട്ടറിയുമായ ആളെ ഉപദേശക സമിതി പ്രസിഡന്റാക്കി വാഴിക്കാനാണ്‌ തീരുമാനം. ഉപദേശകസമിതി പട്ടിക തയാറാക്കിയത്‌ സി.പി.എം. ജില്ലാകമ്മിറ്റി ഓഫീസില്‍ മുതിര്‍ന്ന നേതാവിന്റെ സാന്നിധ്യത്തിലാണ്‌.

ഒരു ബി.ജെ.പി. കോര്‍പറേഷന്‍ കൗണ്‍സിലര്‍ സമിതിയില്‍ തന്റെ രണ്ടുനോമിനികളെ കയറ്റണമെന്നാവശ്യപ്പെട്ട്‌ പ്രമുഖനേതാവിനോടു ശിപാര്‍ശയും നടത്തി. ഇതില്‍നിന്ന്‌ ഒരാള്‍ക്ക്‌ കമ്മിറ്റിയില്‍ ഇടംകിട്ടി.

അതിനിടെ യോഗത്തില്‍ പങ്കെടുക്കാത്ത രണ്ടുപേരെയും ഉള്‍പ്പെടുത്തി. ഇതു പൂര്‍ണമായും ചട്ടവിരുദ്ധമാണ്‌.

പ്രമുഖക്ഷേത്രങ്ങളില്‍ ഉപദേശകസമിതിയില്‍ പാര്‍ട്ടിക്കാരായ വ്യക്‌തികളെ തിരുകിക്കയറ്റണമെന്ന നിര്‍ദേശത്തിനനുസരിച്ചാണ്‌ നടപടിയെന്നു പറയുന്നു.

പുതുക്കിയ ബൈലോ അനുസരിച്ച്‌  ക്ഷേത്രഉപദേശകസമിതികളിലേക്ക്‌ അംഗങ്ങളെ നാമനിര്‍ദേശം ചെയ്യുന്നയതിനുള്ള അധികാരം ബോര്‍ഡ്‌ സ്വന്തമാക്കുകയായിരുന്നു.

CLICK TO FOLLOW UKMALAYALEE.COM