വടകരയില്‍ ഫലം കണ്ടത് ലീഗ് സമ്മര്‍ദ്ദം; മുരളിക്ക് വേണ്ടി വാദിച്ചത് പാണക്കാട് തങ്ങള്‍ – UKMALAYALEE

വടകരയില്‍ ഫലം കണ്ടത് ലീഗ് സമ്മര്‍ദ്ദം; മുരളിക്ക് വേണ്ടി വാദിച്ചത് പാണക്കാട് തങ്ങള്‍

Wednesday 20 March 2019 4:41 AM UTC

വടകര March 20: കെ. മുരളീധരന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് പിന്നില്‍ മുസ്ലീം ലീഗ് സമ്മര്‍ദ്ദം. വടകരയില്‍ കെ. മുരളീധരനെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ പാണക്കാട് തങ്ങളുടെ ഇടപെടല്‍ നിര്‍ണായകമായി.

വടകരയില്‍ ദുര്‍ബലനായ സ്ഥാനാര്‍ത്ഥിനെ നിര്‍ത്തിയാല്‍ അത് മലബാറിലെ മൊത്തത്തിലുള്ള യു.ഡി.എഫിന്റെ സാധ്യതയെ ബാധിക്കുമെന്ന് മുസ്ലീം ലീഗ് നേതൃത്വം കോണ്‍ഗ്രസിനെ അറിയിച്ചു.

മുരളീധരനെ അനുനയിപ്പിച്ച് മത്സരിപ്പിക്കണമെന്ന് പാണക്കാട് തങ്ങള്‍ ആവശ്യപ്പെട്ടതോടെയാണ് കോണ്‍ഗ്രസില്‍ നിന്ന് നീക്കങ്ങള്‍ സജീവമായത്. ഉമ്മന്‍ ചാണ്ടിയും മുല്ലപ്പള്ളിയും ചെന്നിത്തലയും മുരളീധരനോട് മത്സരിക്കാന്‍ ആവശ്യപ്പെട്ടിരുന്നു.

ആര്‍.എം.പിയും കെ. മുരളീധരന് വേണ്ടി സമ്മര്‍ദ്ദം ചെലുത്തി. തന്റെ സിറ്റിംഗ് സീറ്റില്‍ യു.ഡി.എഫിന് വിജയം ഉറപ്പാണെന്ന് മുല്ലപ്പള്ളി കൂടി ഉറപ്പ് നല്‍കിയതോടെയാണ് മുരളീധരന്‍ വഴങ്ങിയത്.

തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് തന്നെ മുല്ലപ്പള്ളി രാമചന്ദ്രന്‍ മത്സര രംഗത്ത് നിന്ന് പിന്‍മാറിയിരുന്നു. ബിന്ദു കൃഷ്ണ, വി.എം സുധീരന്‍, ടി. സിദ്ദിഖ് എന്നിവരെ സംസ്ഥാന നേതൃത്വം സമീപിച്ചുവെങ്കിലും അവര്‍ താല്‍പ്പര്യം പ്രകടിപ്പിച്ചില്ല.

വിദ്യാ ബാലകൃഷ്ണന്റെ പേര് ഏതാണ്ട് ഉറപ്പായിരുന്നെങ്കിലും ദുര്‍ബല സ്ഥാനാര്‍ത്ഥി എന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് വിദ്യയെ പിന്‍വലിച്ചു. പിന്നീട് അഡ്വ. പ്രവീണ്‍ കുമാറിന്റെ പേരും പരിഗണിച്ചിരുന്നു.

CLICK TO FOLLOW UKMALAYALEE.COM