ലൗവ് ജിഹാദ് ആരോപണം കൃത്യമായ കണക്കില്ലാതെ; ഇടയലേഖനത്തിനെതിരെ ഒരു വിഭാഗം വൈദികര്‍ – UKMALAYALEE

ലൗവ് ജിഹാദ് ആരോപണം കൃത്യമായ കണക്കില്ലാതെ; ഇടയലേഖനത്തിനെതിരെ ഒരു വിഭാഗം വൈദികര്‍

Monday 20 January 2020 4:56 AM UTC

കൊച്ചി Jan 20: കേരളത്തില്‍ ലൗവ് ജിഹാദ് ഉണ്ടെന്ന പ്രചരണം നടത്തുന്ന സീറോ മലബാര്‍ സഭയുടെ ഇടയലേഖനത്തിനെതിരെ ഒരു വിഭാഗം വൈദികര്‍. കൃത്യമായ കണക്കുകളില്ലാതെയാണ് സഭ ഇത്തരമൊരു ആരോപണം ഉന്നയിക്കുന്നതെന്ന് വൈദിക സെനറ്റ് അംഗം ഫാ. ജോസ് വയലിക്കോടത്ത് പറഞ്ഞു.

വൈദിക സെനറ്റും പാസ്റ്ററല്‍ കൗണ്‍സിലും ചേരുമ്പോള്‍ പ്രതിഷേധം അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ആഴ്ച എറണാകുളത്ത് ചേര്‍ന്ന സിനഡ് യോഗത്തിലെ തീരുമാനങ്ങള്‍ വിശദീകരിക്കാനാണ് കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയുടെ ഇടയലേഖനം പള്ളികളില്‍ വായിച്ചത്.

ക്രൈസ്‌വത സഭയ്‌ക്കെതിരായ ആക്രമണങ്ങള്‍ എന്ന തലക്കെട്ടോടെയുള്ള ഭാഗത്താണ് ലൗവ് ജിഹാദ് ആരോപണം ഉന്നയിക്കുന്നത്. സാമൂഹിക സമാധാനത്തെ അപകടപ്പെടുത്തുന്ന രീയിയില്‍ മതാന്തര പ്രണയങ്ങള്‍ വര്‍ദ്ധിക്കുന്നു.

ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലക്ഷ്യം വച്ചുള്ള ഈ ആസൂത്രിത നീക്കം ആശങ്കയുളവാക്കുന്നതാണ്. ഐ.എസ് തീവ്രവാദ സംഘടനയിലേക്ക് പോും പെണ്‍കുട്ടികള്‍ റിക്രൂട്ട് ചെയ്യപ്പെടുന്നു. നിയമപാലകര്‍ അടിയന്തര നടപടി എടുക്കണമെന്നും ഇടയലേഖനത്തില്‍ പറയുന്നു.

സഭയിലെ രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും ബോധവല്‍ക്കരണം നടത്താനുള്ള ശ്രമങ്ങള്‍ ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ഇടയലേഖനത്തില്‍ പറയുന്നു.

അതേസമയം സംഘപരിവാര്‍ വാദം അതേപടി ഉന്നയിക്കുന്ന സഭാ നേതൃത്വത്തിന്റെ വാദം അനവസരത്തിലുള്ളതാണെന്നാണ് സഭയിലെ ഒരു വിഭാഗത്തിന്റെ അഭിപ്രായം. ഈ വിഭാഗത്തെ പിന്തുണയ്ക്കുന്ന എറണാകുളം-അങ്കമാലി അതിരൂപയിലെ ഭൂരിപക്ഷം പള്ളികളിലും ഇടയലേഖനം വായിച്ചില്ല. നേരത്തെ സിനഡില്‍ ലൗവ് ജിഹാദ് ആരോപണം ഉയര്‍ന്നപ്പോഴും അതിനെതിരെ സഭയ്ക്കുള്ളില്‍ എതിര്‍പ്പ് ശക്തമായിരുന്നു. ബി.ജെ.പിയോട് അടുക്കുന്നതിന്റെ ഭാഗമായാണ് ഒരു മതവിഭാഗത്തെ ലക്ഷ്യം വച്ചുള്ള ലൗവ് ജിഹാദ് ആരോപണം എന്നാണ് മറുവിഭാഗം വൈദികരുടെ നിലപാട്.

CLICK TO FOLLOW UKMALAYALEE.COM