ലോക വേദിയില്‍ ‘ജനഗണമന’ കേട്ട് കോരിത്തരിച്ചുപോയി ; അത്‌ലറ്റിക്‌സില്‍ സുവര്‍ണ്ണനേട്ടവുമായി ഇന്ത്യയുടെ പുത്തന്‍ താരോദയം ഹിമാദാസ് – UKMALAYALEE

ലോക വേദിയില്‍ ‘ജനഗണമന’ കേട്ട് കോരിത്തരിച്ചുപോയി ; അത്‌ലറ്റിക്‌സില്‍ സുവര്‍ണ്ണനേട്ടവുമായി ഇന്ത്യയുടെ പുത്തന്‍ താരോദയം ഹിമാദാസ്

Saturday 14 July 2018 2:14 AM UTC

ടാംപേര്‍ July 14: ഇന്ത്യന്‍ അത്‌ലറ്റിക്‌സിന്റെ ഭാവി ശോഭനമാണെന്ന സൂചനയുമായി ലോക അത്‌ലറ്റിക്‌സ് വേദിയില്‍ സുദീര്‍ഘമായ കാത്തിരിപ്പിന് ഒടുവില്‍ വിരാമം.

ഇന്ത്യയുടെ കായിക ചരിത്രത്തില്‍ ആദ്യമായി ലോക അത്‌ലറ്റിക്‌സ് വേദിയില്‍ ഒരു ഇന്ത്യന്‍ താരം സുവര്‍ണ്ണ നേട്ടം കുറിച്ചു. 400 മീറ്ററില്‍ പങ്കെടുത്ത ഇന്ത്യന്‍ താരം ഹിമാദാസ് സ്വര്‍ണ്ണം നേടി.

ഫിന്‍ലന്റില്‍ നടന്ന അണ്ടര്‍ 20 ലോക ചാമ്പ്യന്‍ഷിപ്പില്‍ 51.26 സെക്കന്റിലാണ് വിജയം കുറിച്ചത്.

ലോക ചാമ്പ്യന്‍ഷിപ്പുകളില്‍ സ്വര്‍ണ്ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന നേട്ടമാണ് ഹിമാദാസ് കുറിച്ചത്.

ടാമ്പേറില്‍ ററ്റീനാ സ്‌റ്റേഡിയത്തിലായിരുന്നു ഇന്ത്യന്‍ താരം സുവര്‍ണ്ണ നേട്ടം കുറിച്ചത്. ഇത് അഭിമാനമുഹൂര്‍ത്തമാണെന്നും ഇന്ത്യയ്ക്കായി കൂടുതല്‍ മെഡല്‍ വാരുമെന്ന് ഹിമാദാസ് പറഞ്ഞു.

ഇന്ത്യാക്കാര്‍ക്ക് ഇത്തരം ഒരു സമ്മാനം നല്‍കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും ഇന്ത്യന്‍ ദേശീയഗാനം ലോകവേദിയില്‍ കേള്‍പ്പിക്കാന്‍ ഏറെ ആഗ്രഹിച്ചിരുന്ന താന്‍ അങ്ങിനെ സംഭവിച്ചപ്പോള്‍ കരഞ്ഞു പോയെന്ന് താരം പറഞ്ഞു.

അടുത്ത ലക്ഷ്യം ഏഷ്യന്‍ ഗെയിംസാണ്. തന്റെ ഓട്ടം മെഡലുകള്‍ക്ക് പിന്നാലെയല്ല. മറിച്ച് സമയത്തിന് പിന്നാലെയാണെന്ന് താരം പറഞ്ഞു.

താരത്തിന്റെ നേട്ടത്തില്‍ അനേകരാണ് അഭിനന്ദനം ചൊരിയുന്നത്. രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിയ ഹിമയ്ക്ക് ആദ്യം കിട്ടിയ അഭിനന്ദനങ്ങളില്‍ ഒന്ന് പ്രധാനമന്ത്രിയുടേതായിരുന്നു.

ഹിമാദാസിന്റെ വിജയത്തില്‍ അഭിമാനിക്കുന്നെന്നും യുവത അത്‌ലറ്റിക്കുള്‍ക്ക് അത് നാളെയുടെ പ്രതീക്ഷയാകട്ടെയെന്നും മോഡി ട്വീറ്റ് ചെയ്തു. ഹിമയുടെ വിജയം ഇന്ത്യയുടെ എക്കാലത്തെയും മികച്ച നേട്ടങ്ങളില്‍ ഒന്നാണ്.

മുമ്പ് മില്‍ഖാ സിംഗും പിടി ഉഷയും നാലു വീതം ഏഷ്യാഡ് സ്വര്‍ണ്ണം നേടിയിട്ടുണ്ട്. ഒളിമ്പിക്‌സില്‍ നാലാം സ്ഥാനത്തും ഇരുവരും എത്തിയിട്ടുണ്ട്.

റുമാനിയയുടെ ആന്‍ഡ്രിയാ മിക്‌ലോസിന്റെയും യുഎസിന്റെ ടെയ്‌ലര്‍ മാന്‍സണിന്റെയും വെല്ലുവിളി മറികടന്നായിരുന്നു ഹിമാദാസ് മുന്നിലെത്തിയത്.

52.7 സെക്കന്റില്‍ മിക്‌ലോസ് വെള്ളി നേടിയപ്പോള്‍ മാന്‍സണ്‍ 52.28 സെക്കന്റില്‍ വെങ്കലം നേടി. ആദ്യ റൗണ്ടില്‍ 52.25 സെക്കന്റില്‍ ദൂരം പിന്നിട്ട ഹിമാദാസ് സെമിഫൈനലില്‍ 52.10 സെക്കന്റിലും പിന്നിട്ടു.

നേരത്തേ മലയാളിതാരം ജിസ്‌നാ മാത്യു ഹീറ്റ് 5 ല്‍ 54.32 സെക്കന്റില്‍ ഓടിയെത്തി പ്രതീക്ഷ നല്‍കിയെങ്കിലും 53.86 സെക്കന്റുമായി സെമിയില്‍ പുറത്തായി. അഞ്ചാം സ്ഥാനത്തായിരുന്നു എത്തിയത്.

CLICK TO FOLLOW UKMALAYALEE.COM