ലോക്‌സഭാ തെരഞ്ഞെടുപ്പ്: ശബരിമല സ്ത്രീപ്രവേശനം ആയുധമാക്കാന്‍ ബി.ജെ.പി; വെള്ളാപ്പളളിയെ പൂട്ടാന്‍ അഞ്ചുവര്‍ഷംമുമ്പ് ആരോ നല്‍കിയ പരാതി പൊടിതട്ടിയെടുത്ത് എന്‍ഫോഴ്‌മെന്റ് – UKMALAYALEE
foto

ലോക്‌സഭാ തെരഞ്ഞെടുപ്പ്: ശബരിമല സ്ത്രീപ്രവേശനം ആയുധമാക്കാന്‍ ബി.ജെ.പി; വെള്ളാപ്പളളിയെ പൂട്ടാന്‍ അഞ്ചുവര്‍ഷംമുമ്പ് ആരോ നല്‍കിയ പരാതി പൊടിതട്ടിയെടുത്ത് എന്‍ഫോഴ്‌മെന്റ്

Monday 23 July 2018 2:47 AM UTC

തിരുവനന്തപുരം July 23: അടുത്ത ലോക്‌സഭാതെരഞ്ഞെടുപ്പില്‍ ചുവടുറപ്പിക്കാനായി കേരളത്തില്‍ പുത്തന്‍ തന്ത്രങ്ങളുമായി ബി.ജെ.പി. ഇപ്പോള്‍ സുപ്രീംകോടതിയില്‍ നടക്കുന്ന ശബരിമല സ്ത്രീ പ്രവേശന കേസ് ഉപയോഗിച്ചുകൊണ്ട് വര്‍ഗ്ഗീയധൃവീകരണം സൃഷ്ടിക്കുന്നതിനുള്ള തന്ത്രമാണ് ബി.ജെ.പി മെനയുന്നത്.

ഇന്നത്തെ സാഹചര്യത്തില്‍ സുപ്രം കോടതി പരാമര്‍ശങ്ങളെ ആര്‍.എസ്.എസ് സ്വാഗതം ചെയ്തിട്ടുണ്ടെങ്കിലും മറ്റ് സംഘപരിവാര്‍ സംഘടനകളെ ഉപയോഗിച്ചുകൊണ്ട് ഇതിനെതിരെ ശക്തമായ പ്രചരണപരിപാടികള്‍ സംഘടിപ്പിച്ച് വര്‍ഗ്ഗീയധ്രുവീകരണം തന്നെയാണ് ലക്ഷ്യം. അതോടൊപ്പം ബി.ജെ.പിയുമായി അകന്നുനില്‍ക്കുന്ന വെള്ളാപ്പള്ളി നടേശനെ വീണ്ടും ഒപ്പം കൊണ്ടുവരുന്നതിനുള്ള നീക്കവും തുടങ്ങിയിട്ടുണ്ട്.

ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച കേസ് കേരളത്തിലെ മിക്കവാറും എല്ലാ രാഷ്ട്രീയകക്ഷികള്‍ക്കും പുതിയ തലവേദന തന്നെ സൃഷ്ടിച്ചിട്ടുണ്ട്. സി.പി.എമ്മും ഇടതുമുന്നണിയും ഇതിനെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും അവരും ഇക്കാര്യത്തില്‍ ഇരട്ടത്താപ്പാണ് കാട്ടുന്നത്. സര്‍ക്കാര്‍ സ്ത്രീപ്രവേശനത്തെ അനുകൂലിക്കുമ്പോള്‍ സി.പി.എം നിയന്ത്രണത്തിലുള്ള ദേവസ്വംബോര്‍ഡിനെക്കൊണ്ട് ഇതിനെ ശക്തമായി എതിര്‍ക്കുന്നുമുണ്ട്.

അതേ രീതിതന്നെയാണ് ബി.ജെ.പിയും പയറ്റാന്‍ പോകുന്നത്. ശബരിമലയുമായി ബന്ധപ്പെട്ട ഈ വിഷയം കേരളത്തില്‍ വളരെ പ്രാധാന്യമുള്ളതാണെന്ന ബോദ്ധ്യം ബി.ജെ.പിക്കുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ഹിന്ദുസമുഹത്തിനിടയില്‍ ശക്തമായ സ്വാധീനം ചെലുത്താന്‍ കഴിഞ്ഞ സാഹചര്യത്തില്‍ അതിനുള്ളില്‍ ഉണ്ടാകുന്ന ഓരോ ചലനങ്ങളും തങ്ങള്‍ക്ക് അനുകൂലമാക്കാന്‍ കഴിയുമെന്ന നിലപാടിലാണ് അവര്‍. ശബരിമലയില്‍ എല്ലാ പ്രായത്തിലുമുളള സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കുകയെന്നത് ആചാരങ്ങളുടെ ലംഘനമായാണ് കണക്കാക്കുന്നത്. എല്ലാ കാര്യങ്ങളിലും അഭിപ്രായം പറയുന്ന പ്രമുഖരായ സ്ത്രീകള്‍ പോലും ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ തയാറുമായിട്ടില്ല. ഈ സാഹചര്യങ്ങള്‍ മനസില്‍ വച്ചുകൊണ്ട് രാഷ്ട്രീയമുതലെടുപ്പിന് ശ്രമിക്കാനാണ് നീക്കം.

തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ ഇക്കാര്യത്തില്‍ സി.പി.എമ്മിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിക്കൊണ്ട് ശക്തമായ വാദപ്രതിവാദങ്ങള്‍ക്കാണ് ബി.ജെ.പിയുടെ നീക്കം. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ഹിന്ദുഐക്യവേദിയെക്കൊണ്ട് ദേവസ്വംബോര്‍ഡുകളുടെ ഫണ്ട് സര്‍ക്കാര്‍ കൈയടക്കുന്നുവെന്ന തരത്തില്‍ ഒരു ചര്‍ച്ച സംഘടിപ്പിച്ചിരുന്നു. വി.ഡി. സതീശനേയൂം ഡോ: തോമസ് ഐസക്കിനെയും പോലുള്ളവര്‍ അതിനെ ശക്തമായി എതിര്‍ത്ത് രംഗത്ത് എത്തുകയും ചെയ്തിരുന്നു. അത്തരത്തില്‍ വര്‍ഗ്ഗീയധ്രുവീകരണമുണ്ടാക്കുന്ന തരത്തിലുള്ള ചര്‍ച്ചയ്ക്കായിരിക്കും സാദ്ധ്യത.

സുപ്രീംകോടതിയുടെ പരാമര്‍ശങ്ങളെ ആര്‍.എസ്.എസ് സ്വാഗതം ചെയ്ത സാഹചര്യത്തില്‍ പരസ്യമായി അവര്‍ക്കോ ബി,ജെ.പിക്കോ രംഗത്തിറങ്ങുന്നതില്‍ ചില പരിമിതികളുണ്ട്. എന്നാല്‍ ഹിന്ദുഐക്യവേദി തുടങ്ങിയ തീവ്രനിലപാടുകള്‍ ഉള്ള സംഘടനകള്‍ക്ക് അതിന് ഒരു തടസവുമില്ല. ബി.ജെ.പി നേരിട്ട് ഇടപെട്ടില്ലെങ്കില്‍ കൂടിയുംഇതുമായി ഉണ്ടാകുന്ന ചര്‍ച്ചകള്‍ ഗുണംചെയ്യുക തങ്ങള്‍ക്ക് തന്നെയായിരിക്കുമെന്നാണ് അവരുടെ നിലപാട്. നേരത്തെ നടന്ന ചര്‍ച്ചകളിലേതുപോലെ കോണ്‍ഗ്രസിന് പ്രത്യക്ഷമായി ഇതില്‍ ഇടപെടാനും കഴിയില്ല.

ഇത്തരം ഒരു ചര്‍ച്ച ഉയര്‍ന്നു വരുന്നതോടെ ഇപ്പോള്‍ ഇടഞ്ഞുനില്‍ക്കുന്ന എന്‍.എസ്.എസ് വീണ്ടും ഒപ്പമെത്തുമെന്ന കണക്കുകൂട്ടലും അവര്‍ക്കുണ്ട്. അതോടൊപ്പം തന്നെ ഇടഞ്ഞുനില്‍ക്കുന്ന വെള്ളാപ്പള്ളിയേയും ഒപ്പം കൂട്ടാന്‍ നീക്കം തുടങ്ങി. പിണറായി സര്‍ക്കാര്‍ അധികാരത്തിലിരിക്കുന്നിടത്തോളം വെള്ളാപ്പള്ളിക്ക് പരസ്യമായി ബി.ജെ.പി അനുകൂല നിലപാട് എടുക്കാന്‍ ബുദ്ധിമുട്ടുണ്ട്. അതാണ് അദ്ദേഹം ബി.ജെ.പിക്കെതിരെ രംഗത്തുവരുന്നതും. അത് മനസിലാക്കികൊണ്ടാണ് വെള്ളാപ്പള്ളിയെ എന്‍ഫോഴ്‌സ്‌മെന്റിന്റെ നോട്ടപ്പുള്ളിയാക്കിയത്. കഴിഞ്ഞദിവസം എ്വന്‍ഫോഴ്‌സ്‌മെന്റ് അദ്ദേഹത്തെ ചോദ്യം ചെയ്തതിന് പിന്നിലും ഈ നീക്കമാണ്.

അഞ്ചുവര്‍ഷത്തിന് മുമ്പ് ആരോ നല്‍കിയെന്ന് പറയപ്പെടുന്ന പരാതി പൊടിതട്ടിയെടുത്താന് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. മുമ്പ് വയര്‍ലസും മറ്റും കണ്ടെത്തിയ സമയത്തും കേന്ദ്രസര്‍ക്കാര്‍ ഭരിച്ചിരുന്ന പാര്‍ട്ടികളില്‍ നിന്നും അദ്ദേഹത്തിന് ഇത്തരം അനുഭവം ഉണ്ടായിരുന്നു. ഇക്കുറി ഈ വിഷയം ആയുധമാക്കി വെള്ളാപ്പള്ളിയെ വരുതിയില്‍ കൊണ്ടുവന്ന് ലോക്‌സഭാതെരഞ്ഞെടുപ്പില്‍ ഒപ്പം നിര്‍ത്താനാണ് നീക്കം.

CLICK TO FOLLOW UKMALAYALEE.COM