ലോകകേരള സഭയുടെ ധൂര്‍ത്ത്; കഴിച്ചതിന്റെ പണം സംഭാവനയായി നൽകി സോഹന്‍ റോയ് – UKMALAYALEE

ലോകകേരള സഭയുടെ ധൂര്‍ത്ത്; കഴിച്ചതിന്റെ പണം സംഭാവനയായി നൽകി സോഹന്‍ റോയ്

Wednesday 19 February 2020 6:43 AM UTC

KOCHI Feb 19: കേരള സര്‍ക്കാര്‍ സംഘടിപ്പിച്ച ലോക കേരള സഭാ സമ്മേളനത്തിന്റെ ധൂർത്ത് വാർത്ത പുറത്തുവന്നതിനു പിന്നാലെ താൻ കഴിച്ച ഭക്ഷണത്തിന് പണം  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകി ഏരിസ് ഗ്രൂപ്പ് മേധാവി സോഹൻ റോയി.

സർക്കാരിനു സാമ്പത്തിക ബുദ്ധിമുട്ടുണ്ടാക്കണ്ട എന്നു കരുതി മറ്റു അതിഥികൾക്കു നൽകിയ ഫൈവ് സ്റ്റാർ താമസ സൗകര്യം അദ്ദേഹം നിരസിച്ചിരുന്നു.

കഴിച്ചതിനി തിരിച്ചെടുക്കാൻ നിർവ്വാഹമില്ലാത്തതു കൊണ്ട് ജനങ്ങൾക്ക് ഞാൻ വരുത്തിയ നഷ്ടം നികത്തുന്നതിലേക്കായി രണ്ടായിരത്തി അഞ്ഞൂറു രൂപ സർക്കാരിലേക്ക് തിരിച്ചടയ്ക്കാൻ തയാറാണെന്നും തിരിച്ചു വാങ്ങാൻ വകുപ്പില്ലെങ്കിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകുന്നതായിരിയ്ക്കുമെന്നും സോഹന്‍ റോയ് ഫെയിസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നു.

 

ആരോ സ്പോൺസർ ചെയ്ത ഭക്ഷണമാണെന്നാണ് കരുതിയതെന്നും ആയിരക്കണക്കിനു രൂപ ചെലവു വരുമെന്ന് അറിഞ്ഞിരുന്നെങ്കിൽ വേണ്ടെന്നുവയ്ക്കുമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അല്ലെങ്കിൽ തന്നെ അഞ്ഞൂറു രൂപയ്ക്കു താഴെ അതു നൽകാൻ കഴിയുന്ന നിരവധി കാറ്ററിംഗ് കമ്പനികൾ കേരളത്തിലുണ്ടെന്നും സോഹന്‍ റോയ് കുറിപ്പില്‍ വിശദീകരിക്കുന്നു.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

ഇത്തവണത്തെ ലോക കേരള സഭയ്ക്ക് പ്രത്യേക ക്ഷണിതാവായി എത്തിയപ്പോൾ സർക്കാരിനു സാമ്പത്തിക ബുദ്ധിമുട്ടുണ്ടാക്കണ്ട എന്നു കരുതി മറ്റു അതിഥികൾക്കു നൽകിയ ഫൈവ് സ്റ്റാർ താമസ സൗകര്യം പോലും സ്നേഹപൂർവ്വം നിരസിച്ചിരുന്നു.

ആദ്യ ദിവസം രാത്രിയിൽ നിയമസഭാ മന്ദിരത്തിനകത്തു വച്ചു നടന്ന ഒത്തുചേരൽ വളരെ വൈകിയതു കൊണ്ട് അവിടെ തന്ന ഭക്ഷണം കഴിച്ചു. ആരോ സ്പോൺസർ ചെയ്ത ഭക്ഷണമെന്നാണു കരുതിയത്. അല്ലെങ്കിൽ തന്നെ അഞ്ഞൂറു രൂപയ്ക്കു താഴെ അതു നൽകാൻ കഴിയുന്ന നിരവധി കാറ്ററിംഗ് കമ്പനികൾ കേരളത്തിലുണ്ട്.

ആയിരക്കണക്കിനു രൂപ ചിലവു വരുമെന്നറിഞ്ഞിരുന്നെങ്കിൽ തീർച്ചയായും വേണ്ടെന്നു വയ്ക്കുമായിരുന്നു. കഴിച്ചതിനി തിരിച്ചെടുക്കാൻ നിർവ്വാഹമില്ലാത്തതു കൊണ്ട് ജനങ്ങൾക്ക് ഞാൻ വരുത്തിയ നഷ്ടം നികത്തുന്നതിലേക്കായി രണ്ടായിരത്തി അഞ്ഞൂറു രൂപ സർക്കാരിലേക്ക് തിരിച്ചടയ്ക്കാൻ ആഗ്രഹിക്കുന്നു.

തിരിച്ചു വാങ്ങാൻ വകുപ്പില്ലെങ്കിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകുന്നതായിരിയ്ക്കും.

CLICK TO FOLLOW UKMALAYALEE.COM