
ലൈംഗിക ചൂഷണം: ഇരകളിലേറെയും 13-16 പ്രായക്കാര്‍; 89 ശതമാനവും പെണ്‍കുട്ടികള്‍
Thursday 5 December 2019 5:14 AM UTC
കൊച്ചി Dec 5: രാജ്യത്തു ലൈംഗിക പീഡനത്തിന് ഇരയാവുന്നവരില്‍ കൂടുതലും 13-16 വയസുകാരാണെന്നു സുപ്രീം കോടതി ചുമതലപ്പെടുത്തിയ അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട്. പോക്‌സോ കേസുകളിലെ ഇരകളില്‍ 60 ശതമാനവും ഇവരാണ്.
0-6 വയസുകാര്‍ നാലു ശതമാനം, 6-12 വയസുകാര്‍ 13 ശതമാനം, 16-18 വയസുള്ളവര്‍ 22 ശതമാനം എന്നിങ്ങനെയാണു കണക്ക്. രാജ്യത്തു പോക്‌സോ കേസുകളുടെ സ്‌ഥിതി പരിശോധിക്കാനായി അമിക്കസ് ക്യൂറിയായി സുപ്രീം കോടതി ചുമതലപ്പെടുത്തി രജിസ്‌ട്രാര്‍ സുരീന്ദര്‍ എസ്. റാത്തിയുടേതാണു കണ്ടെത്തല്‍.
ലൈംഗിക പീഡനത്തിനിരയാകുന്ന കുട്ടികളുടെ കേസ് കൈകാര്യം ചെയ്യുന്നതില്‍ ഗുരുതര വീഴ്‌ചയാണ് സംസ്‌ഥാനങ്ങളിലെന്നു അമിക്കസ്‌ക്യൂറി ചൂണ്ടിക്കാട്ടുന്നു.
പോക്‌സോ കേസുകളിലെ ഇരകളില്‍ 89 ശതമാനവും പെണ്‍കുട്ടികളാണ്. ആണ്‍കുട്ടികള്‍ ആറുശതമാനം.
മറ്റുള്ളവര്‍ 14 ശതമാനവും. സുഹൃത്തുക്കളാലും അയല്‍ക്കാരാലും പീഡിപ്പിക്കപ്പെട്ടവര്‍ 27 ശതമാനമാണെങ്കില്‍ ബന്ധുക്കള്‍ പീഡിപ്പിച്ചവര്‍ ഏഴ് ശതമാനവും സ്‌കൂളിലെ ജീവനക്കാര്‍ ഒരു ശതമാനവും അപരിചിതര്‍ ഒമ്പത് ശതമാനവും അറിയപ്പെടാത്തവര്‍ 56 ശതമാനവുമാണ്.
നാലുവര്‍ഷത്തിനുമേല്‍ കെട്ടിക്കിടക്കുന്ന പോക്‌സോ കേസുകള്‍ എട്ട് ശതമാനമാണ്. 3-4 വര്‍ഷമായി കെട്ടിക്കിടക്കുന്നവ 10 ശതമാനവും 2-3 വര്‍ഷമായിട്ടുള്ളവ 17 ശതമാനവും 1-2 വര്‍ഷം 28 ശതമാനവും ഒരുവര്‍ഷത്തില്‍ താഴെ 37 ശതമാനവുമാണ്.
99 ശതമാനം ഇരകള്‍ക്കും ഇടക്കാല നഷ്‌ടപരിഹാരം അനുവദിച്ചിട്ടില്ല. അന്തിമ നഷ്‌ടപരിഹാരവും 99 ശതമാനം പേര്‍ക്ക് അനുവദിച്ചിട്ടില്ല.
അക്രമസംഭവങ്ങളുടെ ഭാഗമായി ശിശുക്ഷേമ സമിതിക്കു മുന്‍പാകെ ഹാജരാക്കുന്ന കുട്ടികള്‍ക്ക് കേസ് നടപടി പൂര്‍ത്തിയാകുന്നതുവരെ സഹായിയെ നല്‍കണമെന്നാണു പോക്‌സോ നിയമത്തിലെ വ്യവസ്‌ഥ. എന്നാല്‍ കേരളമുള്‍പ്പെടെ ഈ വ്യവസ്‌ഥ ലംഘിക്കുകയാണ്.
96 ശതമാനം കേസുകളിലും ഇരകള്‍ക്കു സഹായിയെ അനുവദിച്ചിട്ടില്ല.
സംഭവം നടന്ന് 30 ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കിയതു വെറും 18 ശതമാനം കേസുകളിലാണ്.
17 ശതമാനം കേസുകളില്‍ 31-60 ദിവസവും 29 ശതമാനം കേസുകളില്‍ 61-180 ദിവസവും 16 ശതമാനം കേസുകളില്‍ 181-365 ദിവസവുമെടുത്തു. 20 ശതമാനം കേസുകളില്‍ അന്വേഷണം ഒരുവര്‍ഷത്തിലേറെ നീണ്ടു.
ലൈംഗിക പീഡനത്തിനു തെളിവാകുന്ന സ്രവങ്ങളും തൊണ്ടിവസ്‌തുക്കളും ഫോറന്‍സിക് ലാബില്‍ പരിശോധനയ്‌ക്ക് അയയ്‌ക്കാന്‍ പോലീസിനു വേണ്ടിവന്നതു ഒരുവര്‍ഷത്തിനുമേല്‍! 30 ദിവസത്തിനുള്ളില്‍ സാമ്പിള്‍ പരിശോധനയ്‌ക്കയച്ചതു 51 ശതമാനം കേസുകളില്‍ മാത്രം.
31 മുതല്‍ 60 ദിവസത്തിനുള്ളില്‍ അയച്ചതു 19 ശതമാനം. 17 ശതമാനം കേസുകളുടെ സാമ്പിളുകള്‍ 61-180 ദിവസത്തിനിടയിലും ആറ് ശതമാനം കേസുകളുടേത് 181-365 ദിവസത്തിടയിലുമാണ് അയച്ചത്.
സാമ്പിളുകള്‍ അയയ്‌ക്കാന്‍ ഒരു വര്‍ഷത്തിനുമേല്‍ വരെ പോലീസ് കാത്തിരുന്നത് ഏഴ് ശതമാനം കേസുകളിലാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
CLICK TO FOLLOW UKMALAYALEE.COM