ലോക കേരളസഭ: ഹോസ്‌റ്റലുണ്ടായിട്ടും എം.എല്‍.എമാര്‍ക്ക്‌ പഞ്ചനക്ഷത്രതാമസം! – UKMALAYALEE

ലോക കേരളസഭ: ഹോസ്‌റ്റലുണ്ടായിട്ടും എം.എല്‍.എമാര്‍ക്ക്‌ പഞ്ചനക്ഷത്രതാമസം!

Thursday 20 February 2020 5:15 AM UTC

കൊച്ചി : ലോക കേരളസഭയില്‍ പങ്കെടുത്തത്‌ 270 പ്രതിനിധികള്‍; ഭക്ഷണം വിളമ്പിയതാകട്ടെ മൂന്നിരട്ടിയിലധികം പേര്‍ക്ക്‌! സഭയില്‍ പങ്കെടുത്ത ഭരണപക്ഷ എം.എല്‍.എമാര്‍ക്കു തിരുവനന്തപുരത്തു താമസസ്‌ഥലമുണ്ടെന്നിരിക്കേ, പഞ്ചനക്ഷത്രതാമസം ഒരുക്കിയതെന്തിനെന്നും ചോദ്യമുയരുന്നു.

270 പ്രതിനിധികളാണുണ്ടായിരുന്നതെങ്കിലും 312 പേര്‍ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ തങ്ങി. കഴിഞ്ഞ ജനുവരി 1-3 വരെയാണു തിരുവനന്തപുരത്തു ലോക കേരളസഭ നടന്നത്‌. പ്രതിനിധികളില്‍ 93 പേര്‍ ഭരണപക്ഷ എം.എല്‍.എമാരായിരുന്നു. പ്രതിപക്ഷം പരിപാടി ബഹിഷ്‌കരിച്ചിരുന്നു.

ഇവന്റ്‌ മാനേജ്‌മെന്റ്‌ സ്‌ഥാപനം പിന്‍വാങ്ങിയതോടെ ഭക്ഷണച്ചുമതല കോവളത്തെ പഞ്ചനക്ഷത്ര ഹോട്ടലിനായിരുന്നു.
ജനുവരി ഒന്നിന്‌ 250 പേര്‍ക്ക്‌ അത്താഴം വിളമ്പി. പ്ലേറ്റ്‌ ഒന്നിന്‌ 1700 രൂപയായിരുന്നു നിരക്ക്‌.

പിറ്റേന്നു 400 പേര്‍ക്ക്‌ 550 രൂപ നിരക്കില്‍ പ്രാതലും 700 പേര്‍ക്ക്‌ 1900 രൂപ നിരക്കില്‍ ഉച്ചഭക്ഷണവും 600 പേര്‍ക്ക്‌ 1700 രൂപ നിരക്കില്‍ അത്താഴവും വിളമ്പി. ഇതിനു പുറമേ 700 പേര്‍ക്കു രണ്ടുനേരം ചായയും ലഘുഭക്ഷണവും നല്‍കി (ഒരാള്‍ക്ക്‌ 250 രൂപ).

ജനുവരി മൂന്നിനു 400 പേര്‍ പ്രാതലിനും 700 പേര്‍ ഉച്ചഭക്ഷണത്തിനും എത്തിയെന്നാണു കണക്ക്‌. ആകെ 59.82 ലക്ഷം രൂപയാണു ഭക്ഷണച്ചെലവ്‌. താമസത്തിന്‌ 23.42 ലക്ഷവും.

CLICK TO FOLLOW UKMALAYALEE.COM