ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ നായകത്വം വഹിക്കാന്‍ വി.എസ്‌. ഇറങ്ങില്ല – UKMALAYALEE

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ നായകത്വം വഹിക്കാന്‍ വി.എസ്‌. ഇറങ്ങില്ല

Tuesday 26 February 2019 2:34 AM UTC

തിരുവനന്തപുരം Feb 26: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ നായകത്വം വഹിക്കാന്‍ വി.എസ്‌. അച്യുതാനന്ദന്‍ ഇറങ്ങില്ല. എല്‍.ഡി.എഫ്‌. ജാഥകളില്‍ വി.എസിനെ കണ്ടില്ല.

അദ്ദേഹത്തിനു മടുത്തതായി അടുപ്പക്കാര്‍ പറയുന്നു. അച്ചടക്കം ലംഘിക്കാന്‍ താല്‍പര്യമില്ലാത്തതിനാല്‍ പരസ്യപ്രതികരണം ഉണ്ടാകില്ല.

ഇടതുപക്ഷം തികച്ചും പ്രതിരോധത്തിലായിരിക്കുന്ന സാഹചര്യത്തില്‍ സി.പി.എമ്മിന്റെ ജനകീയമുഖമായ വി.എസിന്റെ വാക്കുകള്‍ക്ക്‌ ഏറെ പ്രധാന്യമുണ്ട്‌. പ്രചാരണത്തിന്റെ മുന്‍നിരയില്‍ വി.എസിനെ ആവശ്യമുള്ള സമയം.

ഇപ്പോഴത്തെ ഇടതുമുന്നണി വിപുലീകരണത്തില്‍ കേരളാ കോണ്‍ഗ്രസ്‌(ബി) നേതാവ്‌ ആര്‍. ബാലകൃഷ്‌ണപിള്ളയെ ഉള്‍പ്പെടുത്തിയതാണു വി.എസിനെ കൂടുതല്‍ പ്രകോപിപ്പിച്ചത്‌.

ബാലകൃഷ്‌ണ പിള്ളയ്‌ക്കൊപ്പം വേദി പങ്കിടാന്‍ വി.എസിനു താല്‍പര്യമില്ല.

വയനാട്‌, പാലക്കാട്‌, കണ്ണൂര്‍ ജില്ലകളില്‍ ക്ഷണിക്കപ്പെടുന്ന പരിപാടികള്‍ക്ക്‌ ഇപ്പോഴും പോകുന്നുണ്ട്‌. ഇത്തരം സന്ദര്‍ഭങ്ങളില്‍ സി.പി.ഐയുടെ നേതാക്കന്‍മാരാണു പതിവായി മധ്യവര്‍ത്തികളാവുന്നത്‌.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൊണ്ണൂറ്റിരണ്ടാം വയസിലും സി.പി.എമ്മിന്റെയും ഇടതു മുന്നണിയുടേയും പ്രചാരണ നായകന്‍ വി.എസ്. തന്നെയായിരുന്നു. പിണറായിക്കുവേണ്ടിയും അന്ന് മണ്ഡലത്തില്‍ പ്രചാരണത്തിന് വി.എസ്. പ്രസംഗിച്ചിരുന്നു.

ശബരിമല, അതിക്രൂരമായ രാഷ്ട്രീയ കൊലപാതകങ്ങള്‍, നേതാക്കള്‍ക്കെതിരേയുള്ള ആരോപണങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ പാര്‍ട്ടി അതിന്റെ സമീപകാല ചരിത്രത്തില്‍ ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്ന സമയമാണ് ഇത്.

ജനങ്ങള്‍ക്കു മുന്നില്‍ പാര്‍ട്ടിയുടെ മതിപ്പും മുഖവും വീണ്ടെടുക്കാനും രാഷ്ട്രീയ എതിരാളികള്‍ക്ക് മറുപടി പറയാനുമാണ് എല്‍.ഡി.എഫ്. ഈ ജാഥകളുമായി ഇറങ്ങിത്തിരിച്ചിരിക്കുന്നത്.

സി.പി. എമ്മിലെ ഏറ്റവും വലിയ ക്രൗഡ് പുള്ളറും ജനകീയനുമായ വി.എസിന്റെ അസാന്നിധ്യം അതുകൊണ്ടുതന്നെ ശ്രദ്ധേയമാണ്.

ശബരിമല വിഷയത്തില്‍ വനിതാ മതിലുമായി ബന്ധപ്പെട്ട് ജാതിസംഘടനകളെ സംഘടിപ്പിച്ചുള്ള സമര പരിപാടികള്‍ക്കെതിരായിരുന്നു വി.എസ് അച്യുതാനന്ദന്‍.

പിണറായി വിജയന്‍ മുന്‍കൈയെടുത്തു നടത്തിയ പരിപാടിയെപ്പറ്റി ജാതിസംഘടനകള്‍ക്കൊപ്പമുള്ള വര്‍ഗസമരം കമ്യൂണിസ്റ്റ് വിപ്ലവമല്ലന്നും ഹിന്ദുത്വവാദികളുടെ ആചാരങ്ങള്‍ പകര്‍ത്തലല്ല വര്‍ഗസമരമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

നാലു പാര്‍ട്ടികളെക്കൂടി ഉള്‍പ്പെടുത്തി അടുത്തിടെ ഇടതു മുന്നണി വിപുലീകരിച്ചപ്പോഴും വി.എസ്. വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഇടതുമുന്നണി വര്‍ഗീയകക്ഷികള്‍ക്കുളള ഇടത്താവളമല്ലെന്നും സ്ത്രീവിരുദ്ധതയും സവര്‍ണമേധാവിത്വവും ഉള്ളവര്‍ മുന്നണിയില്‍ വേണ്ടന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

ആര്‍.ബാലകൃഷ്ണപിളളയുടെ കേരള കോണ്‍ഗ്രസ് ബി ഉള്‍പ്പെടെയുളള കക്ഷികളെ ഉള്‍പ്പെടുത്തിയതിനെ രൂക്ഷമായ ഭാഷയിലാണ് വി.എസ് എതിരിട്ടത്.

അഴിമതിക്കെതിരേയുള്ള തന്റെ ദീര്‍ഘകാല പോരാട്ടവും ആര്‍. ബാലകൃഷ്ണ പിള്ളയ്ക്ക് വാങ്ങിക്കൊടുത്ത ജയില്‍ശിക്ഷയും താല്‍ക്കാലിക ലാഭത്തിനുവേണ്ടി ഇടതു മുന്നണി മറന്നതാണ് അദ്ദേഹത്തെ പ്രകോപിപ്പിച്ചത്.

പ്രദീപ്‌ സി. രാമന്‍

CLICK TO FOLLOW UKMALAYALEE.COM