ലോക്ക്‌ഡൗണിനിടെ 6 പുതിയ ബാറിന്‌ അനുമതി – UKMALAYALEE

ലോക്ക്‌ഡൗണിനിടെ 6 പുതിയ ബാറിന്‌ അനുമതി

Wednesday 22 April 2020 12:19 AM UTC

തിരുവനന്തപുരം/മാനന്തവാടി April 22 : ലോക്ക്‌ഡൗണിനിടെ സംസ്‌ഥാനത്ത്‌ പുതിയ ആറു ബാറുകള്‍ക്ക്‌ അനുമതി. വയനാട്‌ സുല്‍ത്താന്‍ ബത്തേരിയില്‍ രണ്ട്‌, പൊന്നാനി, മലപ്പുറം, കണ്ണൂര്‍ , തൃശൂര്‍ എന്നിവിടങ്ങളില്‍ ഓരോന്നു വീതവും പുതിയ ബാറുകള്‍ക്കാണ്‌ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുള്ളത്‌.

ഈ ലോക്ക്‌ഡൗണ്‍ നീക്കിയശേഷം ഇവ തുറന്ന്‌ പ്രവര്‍ത്തിക്കും. ത്രീസ്‌റ്റാറിന്‌ മുകളിലേക്കുള്ള ഹോട്ടലുകള്‍ക്ക്‌ ബാര്‍ ലൈസന്‍സ്‌ നല്‍കാമെന്ന ഇടതുമുന്നണി നയത്തിന്റെ തുടര്‍ച്ചയാണ്‌ ബാറുകള്‍ക്ക്‌ അനുമതി.

കോവിഡ്‌ ഭീഷണിയെത്തുടര്‍ന്നുള്ള ലോക്‌ഡൗണിനിടെ ബാറുകള്‍ക്ക്‌ അനുമതി നല്‍കാനുള്ള നീക്കം പ്രതിഷേധമുയര്‍ത്തുന്നുണ്ടെങ്കിലും മാര്‍ച്ച്‌ പത്തിനുശേഷം ലൈസന്‍സ്‌ അനുവദിച്ചിട്ടില്ലെന്ന നിലപാടിലാണ്‌ എക്‌സൈസ്‌ വകുപ്പ്‌.

ഫെബ്രുവരിയിലും മാര്‍ച്ച്‌ ആദ്യവുമായാണ്‌ അനുമതി നല്‍കിയതെന്നും ഇവര്‍ ലൈസന്‍സ്‌ ഫീസ്‌ അടച്ചത്‌ ഏപ്രിലിലാണെന്നും വകുപ്പ്‌ അധികൃതര്‍ പറയുന്നു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം അടക്കേണ്ട ലൈസന്‍സ്‌ ഫീസ്‌ കാലാവധി ഏപ്രില്‍ 30 വരെ നീട്ടിയിരുന്നു. തൃശൂരിലെ ബാറിന്‌ അനുമതി നല്‍കിയത്‌ മാര്‍ച്ച്‌ പത്തിനാണ്‌ അതിന്‌ ശേഷം ഒരു ബാറിന്‌ പോലും അനുമതി നല്‍കിയിട്ടില്ലെന്നാണ്‌ എക്‌സൈസ്‌ വിശദീകരണം.

പുതിയ ബാറുകളുടെ ഉടമകള്‍ സര്‍ക്കാര്‍ ഖജനാവിലേക്ക്‌ ഫീസായടച്ചത്‌ 1.8 കോടിയോളം രൂപയാണ്‌. ഇതോടെ സംസ്‌ഥാനത്ത്‌ ആകെ ബാറുകളുടെ എണ്ണം 571 ആയി.

29 ബാറുകളായിരുന്നു ഇടതുമുന്നണി അധികാരത്തില്‍ വരുമ്പോള്‍ സംസ്‌ഥാനത്തുണ്ടായിരുന്നത്‌.

CLICK TO FOLLOW UKMALAYALEE.COM