ലോക്കഴിച്ചുതുടങ്ങും; തിങ്കള്‍ മുതല്‍ – UKMALAYALEE

ലോക്കഴിച്ചുതുടങ്ങും; തിങ്കള്‍ മുതല്‍

Friday 17 April 2020 12:52 AM UTC

തിരുവനന്തപുരം April 17: സംസ്‌ഥാനത്തെ ജില്ലകളെ നാലുമേഖലകളാക്കി തിരിച്ച്‌ 20 മുതല്‍ കോവിഡ്‌ ലോക്ക്‌ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ്‌ നല്‍കും. ഒന്നാംമേഖലയില്‍ ലോക്ക്‌ഡൗണ്‍ അവസാനിക്കുന്ന മേയ്‌ മൂന്നുവരെ ഇളവില്ല, നിലവിലെ നിയന്ത്രണങ്ങള്‍ തുടരും.

നാലാം മേഖലയില്‍ സാധാരണജീവിതം സാധ്യമാക്കുന്ന രീതിയില്‍ വലിയ ഇളവുകള്‍ നല്‍കും. കോട്ടയം ഇടുക്കി ജില്ലകള്‍ മാത്രമാണ്‌ നാലാം മേഖലയില്‍. ഒറ്റ, ഇരട്ട നമ്പറുള്ള വാഹനങ്ങള്‍ക്ക്‌ 20 മുതല്‍ ഇടവിട്ട ദിവസങ്ങളില്‍ നിരത്തിലിറങ്ങാന്‍ അനുമതി നല്‍കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

സ്‌ത്രീകളുടെ വാഹനങ്ങള്‍ക്ക്‌ നിയന്ത്രണമില്ല. പുറത്തിറങ്ങാന്‍ മാസ്‌ക്‌ നിര്‍ബന്ധം. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം പാലിച്ചാവും ഇളവുകള്‍.

ഒന്നാം മേഖല

ജില്ലകള്‍: കാസര്‍ഗോഡ്‌, കണ്ണൂര്‍,
മലപ്പുറം, കോഴിക്കോട്‌.

മേയ്‌ മൂന്നുവരെ നിയന്ത്രണം തുടരും. തീവ്ര രോഗബാധ പ്രദേശങ്ങളായുള്ള(ഹോട്ട്‌ സ്‌പോട്ട്‌) വില്ലേജുകളുടെ അതിര്‍ത്തി അടയ്‌ക്കും. പ്രവേശനത്തിന്‌ ഒരു പോയിന്റ്‌ മാത്രം. ഭക്ഷ്യധാന്യവും മറ്റും ഇതുവഴി മാത്രം.

രണ്ടാം മേഖല

ജില്ലകള്‍: പത്തനംതിട്ട, എറണാകുളം, കൊല്ലം.
ഏപ്രില്‍ 24 വരെ പൂര്‍ണലോക്ക്‌ഡൗണ്‍. ഇളവ്‌ അതിനുശേഷം. ഇവിടെയും ഹോട്ട്‌സ്‌പോട്ട്‌ പ്രദേശങ്ങള്‍ കണ്ടെത്തി അതിര്‍ത്തികളടയ്‌ക്കും. 24നുശേഷം സ്‌ഥിതിഗതി വിലയിരുത്തി ഇളവുകള്‍.

മൂന്നാം മേഖല

ജില്ലകള്‍: തിരുവനന്തപുരം. ആലപ്പുഴ, തൃശൂര്‍, പാലക്കാട്‌, വയനാട്‌.
ഇളവുകള്‍ 20നു ശേഷം. ഭാഗികമായി സാധാരണജീവിതത്തിനുള്ള അനുമതി. സിനിമാഹാളുകള്‍, ആരാധനാലയങ്ങള്‍, പൊതുചടങ്ങുകള്‍, പാര്‍ട്ടികള്‍ എന്നിവയ്‌ക്കുള്ള വിലക്ക്‌ തുടരും.

കടകളും റസ്‌റ്ററന്റുകളും രാത്രി ഏഴുമണി വരെ പ്രവര്‍ത്തിക്കാം. റസ്‌റ്റോറന്റുകളില്‍ തല്‍ക്കാലം ഹോം ഡെലിവറി മാത്രം.

നാലാം മേഖല

ജില്ലകള്‍: ഇടുക്കി, കോട്ടയം.

20നു ശേഷം ആവശ്യമായ സുരക്ഷാക്രമീകരണങ്ങളോടെ നിയന്ത്രണങ്ങള്‍ വലിയ തോതില്‍ പിന്‍വലിക്കും. ജില്ല വിട്ടുള്ള യാത്ര അനുവദിക്കില്ല. ഇടുക്കിയില്‍ സംസ്‌ഥാന അതിര്‍ത്തി പങ്കിടുന്നിടത്ത്‌ കര്‍ശന നിയന്ത്രണം

CLICK TO FOLLOW UKMALAYALEE.COM