‘ലൂസിഫറി’നുവേണ്ടി മുന്നറിയിപ്പില്ലാതെ നഗരം സ്‌തംഭിപ്പിച്ച് പോലീസ്‌ – UKMALAYALEE

‘ലൂസിഫറി’നുവേണ്ടി മുന്നറിയിപ്പില്ലാതെ നഗരം സ്‌തംഭിപ്പിച്ച് പോലീസ്‌

Thursday 6 September 2018 12:34 AM UTC

തിരുവനന്തപുരം Sept 6: സിനിമാ ചിത്രീകരണത്തിനായി പോലീസ്‌ വഴി തടഞ്ഞു. തിരക്കേറിയ സമയത്ത്‌ മുന്നറിയിപ്പില്ലാതെ ജനത്തെ റോഡില്‍ കുരുക്കിയ പോലീസ്‌ നടപടിക്കെതിരേ വ്യാപക പ്രതിഷേധം.

ഇന്നലെ രാവിലെ മുതലാണ്‌ മോഹന്‍ലാലിനെ നായകനാക്കി നടന്‍ പൃഥ്വിരാജ്‌ സംവിധാനം ചെയ്യുന്ന “ലൂസിഫറി”ന്റെ ഷൂട്ടിങ്ങിനുവേണ്ടി പോലീസ്‌ നഗരം സ്‌തംഭിപ്പിച്ചത്‌.

രാവിലെ ആറു മുതല്‍ പാളയത്ത്‌ നിയമസഭയ്‌ക്കും ചന്ദ്രശേഖരന്‍ നായര്‍ റോഡിനും മധ്യേയുള്ള പാളയം ഫ്‌ളൈ ഓവര്‍ പൊലീസ്‌ ബാരിക്കേഡ്‌ ഉപയോഗിച്ച്‌ ബ്ലോക്ക്‌ ചെയ്‌തു. ഇതോടെ കൊല്ലം, കോട്ടയം ഭാഗത്തേക്കു പോകുന്ന എല്ലാ ബസുകളും വഴിതിരിച്ചുവിട്ടു.

മുന്നറിയിപ്പില്ലാതെ വഴി തിരിച്ചുവിട്ടതോടെ രാവിലെ ഓഫീസുകളില്‍ പോകുന്ന ഉദ്യോഗസ്‌ഥരും സ്‌കൂളുകളില്‍ പോകുന്ന കുട്ടികളും വലഞ്ഞു. രാവിലെ വിമാനത്താവളത്തിലേക്ക്‌ നഗരം വഴി വന്ന പലര്‍ക്കും സമയത്തു വിമാനത്താവളത്തില്‍ എത്താനായില്ല.

പാളയം ഫ്‌ളൈ ഓവര്‍ ബ്ലോക്ക്‌ ചെയ്‌തതോടെ അണ്ടര്‍ പാസ്‌ വഴിയും പാളയം രക്‌തസാക്ഷി മണ്ഡപം വഴിയും വാഹനങ്ങള്‍ തിങ്ങിനിറഞ്ഞു. ഷൂട്ടിംഗ്‌ കാണാനായി ജനം തടിച്ചു കൂടിയതോടെ ഗതാഗതം പൂര്‍ണമായി തടസപ്പെട്ടു.

സാധാരണ ദിവസങ്ങളില്‍ പ്രകടനങ്ങള്‍ മൂലം മണിക്കൂറുകളോളം വഴിയില്‍ കുടുങ്ങേണ്ട ഗതികേടിലാണ്‌ നഗരവാസികള്‍. ഇതു പക്ഷേ പതിനൊന്നു മണിക്കു ശേഷമാണ്‌ പതിവ്‌.

എന്നാല്‍ ഇന്നലെ രാവിലെ ആറു മുതല്‍ തന്നെ പോലീസ്‌ ഷൂട്ടിംഗിനായി റോഡ്‌ അനുവദിക്കുകയായിരുന്നു. വി.ഐ.പി സന്ദര്‍ശന വേളകളിലാകട്ടെ മുന്‍കൂട്ടി ഗതാഗതക്രമീകരണ അറിയിപ്പുകള്‍ നല്‍കാറുണ്ട്‌. എന്നാല്‍, ഇന്നലെ മുന്നറിയിപ്പില്ലാതെയാണ്‌ പ്രധാനവീഥി അടച്ചത്‌.

എന്നാല്‍ ചിത്രീകരണത്തിനു ഡി.സി.പി: പി.സുരേഷ്‌ കുമാറിന്റെ അനുമതി ലഭിച്ചിരുന്നതായി ചലച്ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.

ബാരിക്കേഡ്‌ കെട്ടി ഗതാഗതം തടഞ്ഞതിന്റെ ചിത്രങ്ങള്‍ എടുക്കാന്‍ ശ്രമിച്ച മാധ്യമ ഫോട്ടോഗ്രാഫര്‍മാരെ കൈയേറ്റം ചെയ്യാനും അണിയറപ്രവര്‍ത്തകര്‍ ശ്രമിച്ചു.

രാവിലെ ആറു മുതല്‍ വൈകിട്ട്‌ ആറുവരെ ഷൂട്ടിങ്ങിന്‌ അനുമതി കിട്ടിയിരുന്നുവെന്നാണ്‌ ഇവര്‍ പറയുന്നത്‌.

CLICK TO FOLLOW UKMALAYALEE.COM