ലിയോസ് പോൾ, ഇന്ത്യൻ വർക്കേഴ്സ് അസോസിയേഷൻ (IWA) ജനറൽ സെക്രട്ടറി – UKMALAYALEE
foto

ലിയോസ് പോൾ, ഇന്ത്യൻ വർക്കേഴ്സ് അസോസിയേഷൻ (IWA) ജനറൽ സെക്രട്ടറി

Monday 13 December 2021 10:39 PM UTC

ലണ്ടൻ Dec 13 : ഇന്ത്യൻ വർക്കേഴ്സ് അസോസിയേഷൻ (IWA) ജനറൽ സെക്രട്ടറിയായി സ.ലിയോസ് പോളിനെ തിരഞ്ഞെടുത്തു. IWA യുടെ ചരിത്രത്തിലെ ആദ്യ മലയാളി സെക്രട്ടറിയാണ് സിപിഐ (എം) ന്റെ യുകെ &അയർലണ്ടിലെ ഔദ്യോഗിക സംഘടന ആയ അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ്‌സ്(AIC) ന്റെ ഓക്സ്ഫോർഡ് ബ്രാഞ്ച് സെക്രട്ടറി കൂടി ആയ സ.ലിയോസ് പോൾ.

1938 ൽ രൂപീകൃതമായ ഇന്ത്യൻ വർക്കേഴ്സ് അസോസിയേഷൻ (IWA) യുകെയിലെ ഏഷ്യൻ കമ്മ്യൂണിറ്റിയിലെ തൊഴിലാളികൾക്കിടയിലെ പ്രശ്നങ്ങൾക്കുവേണ്ടി ശബ്ദമുയർത്താൻ വേണ്ടി,ബ്രിട്ടനിലുള്ള ഇന്ത്യൻ കുടിയേറ്റക്കാരും അവരുടെ പിൻഗാമികളും ചേർന്നാണ് IWA രൂപീകരിച്ചത്. കുടിയേറ്റക്കാരുടെ ഏറ്റവും പഴയതും സജീവവുമായ ഗ്രൂപ്പുകളിലൊന്ന് എന്ന നിലയിൽ, ഇടതു രാഷ്ട്രീയം ഉയർത്തിപ്പിടിച്ചുള്ള സംഘടന രാഷ്ട്രീയം, വംശീയ അധിഷേപത്തിനെതിരെ പ്രതികരിക്കൽ, സാമൂഹിക ക്ഷേമം തുടങ്ങിയ മേഖലകളിലും നിരവധി സാംസ്കാരിക വിഷയങ്ങളിലും IWA നിരന്തരം ഇടപെട്ടുവരുന്നു. യുകെ യിലെ ട്രേഡ് യൂണിയൻ സമരത്തിന്റെ മുൻനിരയിലും , പൗരസ്വാതന്ത്ര്യ പ്രശ്‌നങ്ങളിലും പ്രചാരണം നടത്തി വരുന്നു. യുകെയിലെ മിക്ക നഗരങ്ങളിലും IWA ബ്രാഞ്ചുകൾ പ്രവർത്തിക്കുന്നുണ്ട്.

കുടിയേറ്റ പ്രശ്നങ്ങളിലും തൊഴിലാളി പ്രശ്നങ്ങളിലും നിരന്തരം ഇടപെടുന്ന ഐഡബ്ല്യുഎ (IWA) ലഘുലേഖകൾ, മെമ്മോറാണ്ടം, പ്രസ്താവനകൾ, സമരങ്ങൾ എന്നിവയിലൂടെ ഇംഗ്ലണ്ടിലെ പൊതുജനശ്രദ്ധയിൽ സ്ഥിരമായി തുടരുന്നു. ഇന്ത്യൻ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പ്രക്ഷോഭത്തിൽ നിർണായക പങ്കുവഹിച്ച ഒരു ഭൂതകാലം IWA ക്കുണ്ട്. സർദാർ ഉദ്ദംസിംഗ് IWA യുടെ സ്ഥാപക നേതാക്കളിൽ ഒരാളാണ്.

കോതമംഗലം സ്വദേശിയായ സ.ലിയോസ് പോൾ പത്തു വർഷത്തിലധികമായി യു കെയിൽ എത്തിയിട്ട്.

ബ്രിട്ടനിലെ തൊഴിലാളി യൂണിയൻ യുണൈറ്റ് (Unite)അംഗമായ സ.ലിയോസ് പബ്ലിക് ട്രാൻസ്‌പോർട് മേഖലയിൽ ഓക്സഫോർഡിൽ ജോലി ചെയ്യുന്നു.

യുകെ പാർലിയമെന്റ് തിരെഞ്ഞെടുപ്പ് പ്രക്രിയയിൽ ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ പങ്കു കാര്യമായി നിർവഹിക്കുകയും ഇടതുപക്ഷ സംഘടന പ്രതിനിധികളെ യുകെ പാർലിമെന്റിലേക്കും യൂറോപ്യൻ യൂണിയനിലേക്ക് അയക്കുന്നതിലടക്കം ഗണ്യമായ പങ്കു വഹിക്കാൻ ഇന്ത്യൻ വർക്കേഴ്സ് അസോസിയേഷന് കഴിഞ്ഞ കാലങ്ങളിൽ സാധിച്ചിട്ടുണ്ട്.

ബ്രിട്ടീഷ് അധിനിവേശ ഭരണത്തിൽ പഞ്ചാബിൽ നടന്ന ജാലിയൻ വാലഭാഗ് കൂട്ടകുരുതിയിൽ, ബ്രിട്ടീഷ് സർക്കാർ നടത്തിയ കൂട്ട നരഹത്യയിൽ, ബ്രിട്ടീഷ്‌ ഗവണ്മെന്റ് പാർലിമെന്റിൽ മാപ്പ് പറയണമെന്നു അഭ്യർത്ഥിച്ചു യുകെയിൽ ഉടനീളം വമ്പൻ പൊതു ജന ക്യാമ്പയിൻ നടത്താൻ ഇന്ത്യൻ വർക്കേഴ്സ് അസോസിയേഷന് കഴിഞ്ഞ ഒരു വർഷക്കാലം കഴിഞ്ഞതും ഇന്ത്യൻ വർക്കേഴ്സ് അസോസിയേഷന്റെ (IWA)പ്രവർത്തന നേട്ടങ്ങളിൽ ഒന്നാണ്. ഈ ക്യാമ്പയിൻ ബ്രിട്ടീഷ് ജനങ്ങളെ അടക്കം, ഇന്ത്യൻ സ്വാതന്ത്ര്യത്തിനുമുൻപ് ബ്രിട്ടീഷ് സർക്കാർ ജാലിയൻ വാലാഭാഗിൽ നടത്തിയ നരഹത്യ തെറ്റായിരുന്നുവെന്നു ചിന്തിപ്പിക്കാനും പ്രതികരിപ്പിക്കാനും സാധിപ്പിച്ചു.

യു കെയിലെ ഇടതുപക്ഷത്തിന്റെ ശബ്ദമായ “മോർണിംഗ് സ്റ്റാർ “പത്രത്തിന്റെ സംഘാടനത്തിലും പ്രവർത്തനങ്ങളിലും പ്രചരണങ്ങളിലും IWA നല്ല പങ്കു വഹിക്കുന്നു.

കഴിഞ്ഞ വ്യാഴാഴ്ച ചേർന്ന IWA സെൻട്രൽ എക്സിക്യൂട്ടീവ് കമ്മിറ്റി ആണ് കഴിഞ്ഞ 8 വർഷമായി ജനറൽ സെക്രട്ടറി ആയി പ്രവർത്തിച്ചിരുന്ന സ. ജോഗീന്തർ ബൈൻസ് സ്ഥാനം ഒഴിഞ്ഞ വേളയിൽ സ. ലിയോസ്‌ പോളിനെ ദേശീയ ജനറൽ സെക്രട്ടറി ആയി തെരെഞ്ഞെടുത്തതു.

യോഗത്തിൽ IWA ദേശീയ പ്രസിഡന്റ്‌ സ. ദയാൽ ബാഗ്രി, ദേശീയ വൈസ് പ്രസിഡന്റ്‌ സ. ഹർസേവ് ബൈൻസ് മറ്റു കേന്ദ്ര എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

റിപ്പോർട്ട്‌ തെയ്യാറാക്കിയതു : സ. ജയൻ എടപ്പാൾ, സെക്രട്ടറി (സെൻട്രൽ എക്സിക്യൂട്ടീവ് മെമ്പർ, IWA)

CLICK TO FOLLOW UKMALAYALEE.COM