ലഷ്‌കര്‍ ഭീകരര്‍ തമിഴ്‌നാട്ടില്‍; ലക്ഷ്യം ശബരിമല?  – UKMALAYALEE

ലഷ്‌കര്‍ ഭീകരര്‍ തമിഴ്‌നാട്ടില്‍; ലക്ഷ്യം ശബരിമല? 

Saturday 24 August 2019 6:10 AM UTC

തൃശൂര്‍/തിരുവനന്തപുരം Aug 24 : ഐ.എസ്‌. കേരളഘടകം തലവനായ തൃശൂര്‍ സ്വദേശിയടക്കം ലഷ്‌കറെ തോയ്‌ബയുടെ ഭീകരസംഘം തമിഴ്‌നാട്ടിലെത്തിയെന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു മിലിട്ടറി ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ട്‌.

ദക്ഷിണേന്ത്യയിലെ ആരാധനാകേന്ദ്രങ്ങളാണു ലക്ഷ്യമെന്ന പ്രാഥമിക സൂചനയ്‌ക്കു പിന്നാലെ, ശബരിമലയുടെ കാര്യത്തില്‍ പ്രത്യേക മുന്നറിയിപ്പ്‌ ലഭിച്ചതോടെ കേരളവും ജാഗ്രതയില്‍.

ഹൈന്ദവക്ഷേത്രങ്ങള്‍ ഉന്നമിടുന്ന ഭീകരര്‍ കാവിവസ്‌ത്രം, സിന്ദൂരക്കുറിയുമണിഞ്ഞാണു കണ്ണുവെട്ടിക്കാന്‍ ശ്രമിക്കുന്നതെന്നാണു വിവരം. പാക്‌ അധീന കശ്‌മീരിലെ സോപോര്‍ പ്രവിശ്യാ കമാന്‍ഡര്‍ ഇല്യാസ്‌ അന്‍വറാണു സംഘത്തലവന്‍.

തൃശൂര്‍ കൊടുങ്ങല്ലൂര്‍ എറിയാട്‌ മാടവന സ്വദേശി അബ്‌ദുള്‍ഖാദര്‍ റഹീം സംഘത്തിലുണ്ടെന്നു സ്‌ഥിരീകരിച്ചു. ബഹ്‌റൈനിലെ കച്ചവടം അവസാനിപ്പിച്ച്‌ ഇയാള്‍ അടുത്തിടെ വ്യാജ പാസ്‌പോര്‍ട്ടില്‍ പാകിസ്‌താനിലേക്കു കടന്നതായി അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തി.

ഒരു കണ്ണൂര്‍ സ്വദേശിയും സംഘത്തിലുണ്ടെന്നു കരുതുന്നു.
ശ്രീലങ്കയില്‍നിന്നു കടല്‍ കടന്നെത്തിയ സംഘത്തില്‍ ആറു പേരെന്നാണു മിലിട്ടറി ഇന്റലിജന്‍സിനു ലഭിച്ച വിവരം. അഞ്ചു ശ്രീലങ്കന്‍ തമിഴ്‌ വംശജരടക്കം പത്തുപേരുണ്ടെന്ന സൂചനയാണ്‌ കേന്ദ്ര ഇന്റലിജന്‍സ്‌ ബ്യൂറോ നല്‍കുന്നത്‌.

ആഭ്യന്തര മന്ത്രാലയം ജാഗ്രതാനിര്‍ദേശം നല്‍കിയതോടെ തമിഴ്‌നാട്‌ പോലീസ്‌ ചെന്നൈയും കോയമ്പത്തൂരുമടക്കം പ്രധാന നഗരങ്ങളിലും ലോഡ്‌ജുകളിലും ബസ്‌ സ്‌റ്റാന്‍ഡ്‌, റെയില്‍വേ സ്‌റ്റേഷന്‍, ഷോപ്പിങ്‌ മാള്‍ തുടങ്ങി തിരക്കേറിയ സ്‌ഥലങ്ങളിലും വ്യാപക തെരച്ചിലിലാണ്‌.

സ്വകാര്യ സ്‌ഥാപനങ്ങളുടെ സി.സി. ടിവി ദൃശ്യങ്ങളടക്കം പരിശോധിക്കുന്നുണ്ട്‌.
ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനു തിരിച്ചടിയായി പാക്‌സേനയുടെ പിന്തുണയോടെയുള്ള ഭീകരാക്രമണത്തിനുള്ള സാധ്യത ഇന്റലിജന്‍സ്‌ ബ്യൂറോ നേരത്തേ റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു.

പാക്‌ അതിര്‍ത്തിയില്‍ കനത്ത കാവലുള്ളതിനാലാകാം ശ്രീലങ്കയിലൂടെ കടല്‍മാര്‍ഗമെത്തിയതെന്നു കരുതുന്നു. ഈസ്‌റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലെ ക്രൈസ്‌തവ ദേവാലയങ്ങളില്‍ ചോരപ്പുഴയൊഴുക്കിയ ഭീകരരുടെ തമിഴ്‌നാട്‌ ബന്ധം നേരത്തേ വ്യക്‌തമായിരുന്നു.

സംഘത്തില്‍ അബ്‌ദുള്‍ഖാദര്‍ റഹീമുണ്ടെന്ന വിവരം കേരളത്തിനു പ്രത്യേക സുരക്ഷാ മുന്നറിയിപ്പാണ്‌. തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളില്‍ അതിശക്‌തമായ തെരച്ചിലാണു നടത്തുന്നത്‌.

എല്ലാ ജില്ലാ പോലീസ്‌ മേധാവിമാര്‍ക്കും ഡി.ജി.പി. ലോക്‌നാഥ്‌ ബെഹ്‌റ ജാഗ്രതാ നിര്‍ദേശം നല്‍കി.

സംശയകരമായ സാഹചര്യത്തില്‍ വ്യക്‌തികളോ വസ്‌തുക്കളോ ശ്രദ്ധയില്‍പ്പെട്ടാല്‍ 112 എന്ന നമ്പറിലോ സംസ്‌ഥാന പോലീസ്‌ മേധാവിയുടെ കണ്‍ട്രോള്‍ റൂമിലോ (0471- 2722500) അറിയിക്കണം.

CLICK TO FOLLOW UKMALAYALEE.COM