ലക്ഷണമില്ലാതെ രോഗികള്‍ കൂടുന്നു , ഒരു മരണംകൂടി; ഇന്നലെ 141 പേര്‍ക്ക്‌ കോവിഡ്‌ – UKMALAYALEE

ലക്ഷണമില്ലാതെ രോഗികള്‍ കൂടുന്നു , ഒരു മരണംകൂടി; ഇന്നലെ 141 പേര്‍ക്ക്‌ കോവിഡ്‌

Thursday 25 June 2020 4:58 AM UTC

തിരുവനന്തപുരം/കൊല്ലം June 25 : സംസ്‌ഥാനത്ത്‌ ഇന്നലെ 141 പേര്‍ക്കുകൂടി കോവിഡ്‌ സ്‌ഥിരീകരിച്ചു. തുടര്‍ച്ചയായ അഞ്ചാംദിവസമാണു രോഗികളുടെ എണ്ണം 100 കടക്കുന്നത്‌. ഡല്‍ഹി നിസാമുദ്ദീനില്‍നിന്നു കഴിഞ്ഞ 10-ന്‌ എത്തിയ കൊല്ലം, മയ്യനാട്‌ ജന്മംകുളം പുളിമൂട്‌ വീട്ടില്‍ വസന്തകുമാറി(68)ന്റെ മരണത്തോടെ സംസ്‌ഥാനത്തു കോവിഡ്‌ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 22 ആയി.

ലക്ഷണമില്ലാതെ നിരവധിപേര്‍ രോഗികളാകുന്നതും രോഗത്തിന്റെ ഉറവിടം കണ്ടെത്താനാകാത്ത കേസുകള്‍ വര്‍ധിക്കുന്നതും സംസ്‌ഥാനത്തെ ആശങ്കയിലാഴ്‌ത്തുന്നു.

ഇന്നലെ 60 പേര്‍ രോഗമുക്‌തരായി. പുതുതായി രോഗം ബാധിച്ചവരില്‍ 79 പേര്‍ വിദേശത്തുനിന്നു വന്നവരാണ്‌. മറ്റ്‌ സംസ്‌ഥാനങ്ങളില്‍നിന്നു വന്നവര്‍-52. ഒരു ആരോഗ്യപ്രവര്‍ത്തകയടക്കം, സമ്പര്‍ക്കത്തിലൂടെ ഒന്‍പതുപേര്‍ രോഗബാധിതരായി.

പാരിപ്പള്ളി ഗവ. മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയായിരുന്നു വസന്തകുമാറിന്റെ മരണം. കടുത്ത ന്യൂമോണിയയ്‌ക്കു പുറമേ, കഴിഞ്ഞദിവസം ഹൃദയാഘാതവുമുണ്ടായ അദ്ദേഹം ഇന്നലെ രാവിലെ 9.55-നാണ്‌ മരിച്ചത്‌.

ഡല്‍ഹിയില്‍നിന്ന്‌ എത്തി ക്വാറന്റൈനില്‍ കഴിയവേ പനി ബാധിച്ചതിനേത്തുടര്‍ന്നാണു കോവിഡ്‌ പരിശോധന നടത്തിയത്‌. കഴിഞ്ഞ 17-നു രോഗം സ്‌ഥിരീകരിച്ചു. സംസ്‌കാരം കോവിഡ്‌ പ്രോട്ടോക്കോള്‍പ്രകാരം കൊല്ലം മുളങ്കാടകം ശ്‌മശാനത്തില്‍ നടത്തി.

ഭാര്യ: ശുഭ. മക്കള്‍: ദീപു, ദിവ്യ. മരുമകന്‍: രാജേഷ്‌ കുറുപ്പ്‌. കൊല്ലത്ത്‌ രണ്ടാമത്തെ കോവിഡ്‌ മരണമാണിത്‌.

രോഗബാധിതരുടെ ജില്ലതിരിച്ചുള്ള കണക്ക്‌:

പത്തനംതിട്ട: 27,

പാലക്കാട്‌: 27,

ആലപ്പുഴ: 19,

തൃശൂര്‍: 14,

എറണാകുളം: 13,

മലപ്പുറം: 11,

കോട്ടയം: എട്ട്‌,

കോഴിക്കോട്‌: ആറ്‌,

കണ്ണൂര്‍: ആറ്‌,

തിരുവനന്തപുരം: നാല്‌,

കൊല്ലം: നാല്‌,

വയനാട്‌: രണ്ട്‌.

നൂറില്‍ കൂടുതല്‍ രോഗികള്‍

മലപ്പുറം: 201,
പാലക്കാട്‌: 154
കൊല്ലം: 150
എറണാകുളം: 127
പത്തനംതിട്ട: 126
കണ്ണൂര്‍: 120
തൃശ്ശൂര്‍: 114
കോഴിക്കോട്‌: 107
കാസര്‍ഗോഡ്‌: 102

CLICK TO FOLLOW UKMALAYALEE.COM