റോഡുകളുടെ ശോചനീയാവസ്ഥ; ഹൈക്കോടതി സ്വമേധയാ കേസെടുത്തു – UKMALAYALEE

റോഡുകളുടെ ശോചനീയാവസ്ഥ; ഹൈക്കോടതി സ്വമേധയാ കേസെടുത്തു

Friday 6 September 2019 5:42 AM UTC

കൊച്ചി Sept 6: കൊച്ചിയിലെ റോഡുകളുടെ പരിതാപകരമായ അവസ്ഥയില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. കോര്‍പ്പറേഷനും പിഡബ്ല്യൂഡിയും അടക്കമുള്ളവര്‍ക്ക് കോടതി നോട്ടീസ് അയച്ചു.

ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ കത്തിന്റെ അടിസ്ഥാനത്തില്‍ ചീഫ് ജസ്റ്റിസ് ഋഷികേശ് റോയിയും ജസ്റ്റിസ് എ.കെ ജയശങ്കരന്‍ നമ്പ്യാരും അടങ്ങുന്ന ഡിവിഷന്‍ ബഞ്ചാണ് കേസെടുത്തത്.

നഗരത്തിലെ റോഡുകളുടെ സ്ഥിതി അതീവ ശോചനീയമാണെന്നും ഇരുചക്ര യാത്രക്കാരടക്കം ദുരിതമനുഭവിക്കുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ കത്ത്.

കൊച്ചി, കലൂര്‍ കടവന്ത്ര റോഡ്, തമ്മനം പുല്ലേപ്പടി റോഡ്, തേവര റോഡ്, പുന്നുരുന്നി പാലം റോഡ് , ചളിക്ക വട്ടം റോഡ്, വൈറ്റില കുണ്ടന്നൂര്‍ തുടങ്ങിയ ഭാഗങ്ങളില്‍ വാഹനമോടിക്കാന്‍ കഴിയില്ലെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നവരുടെ ശിക്ഷ കുത്തനെ ഉയര്‍ത്തിയപ്പോള്‍ സംസ്ഥാന റോഡുകള്‍ ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യം ഉയര്‍ന്നു വന്നിരുന്നു. അതിനുപിന്നാലെയാണ് ഹൈക്കോടതി കേസെടുത്തിരിക്കുന്നത്.

CLICK TO FOLLOW UKMALAYALEE.COM