റിസര്‍വ് ബാങ്ക് പലിശനിരക്ക് ഉയര്‍ത്തി; ഭവന, വാഹന വായ്പാ പലിശനിരക്ക് ഉയരും – UKMALAYALEE

റിസര്‍വ് ബാങ്ക് പലിശനിരക്ക് ഉയര്‍ത്തി; ഭവന, വാഹന വായ്പാ പലിശനിരക്ക് ഉയരും

Thursday 2 August 2018 5:44 AM UTC

മുംബൈ Aug 2: പലിശ നിരക്ക് ഉയര്‍ത്തി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതുക്കിയ അവലോകന നയം. റിപ്പോര്‍ നിരക്കു 25 ബേസിസ് പോയിന്റ് ഉയര്‍ന്ന് 6.5% ആയി.

റിവേഴ്‌സ് റിപ്പോ നിരക്കും 25 ബേസിസ് പോയിന്റ് ഉയര്‍ന്ന് 6.25% ആയി. അടിയന്തര ഘട്ടങ്ങളില്‍ വാണിജ്യ ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ നിന്നും കടമെടുക്കുന്ന മാര്‍ജിനല്‍ സ്റ്റാന്‍ഡിംഗ് ഫെസിലിറ്റി നിരക്കും കാല്‍ശതമാനം കൂട്ടിയിട്ടുണ്ട്.

പണപ്പെരുപ്പ നിരക്ക് വര്‍ധനവില്‍ ആശങ്ക പ്രകടപ്പിച്ച ആര്‍.ബി.ഐ, കേന്ദ്രസര്‍ക്കാര്‍ വിളകളുടെ തങ്ങുവില വര്‍ധിപ്പിച്ചത് പണപ്പെരുപ്പ നിരക്ക് ഉയര്‍ത്തിയേക്കുമെന്ന മുന്നറിയിപ്പും നല്‍കി.

ഏപ്രില്‍-സെപ്തംബര്‍ മാസങ്ങളിലെ ഡിജിപി വര്‍ധന 7.5-7.6 ആയിരിക്കുമെന്നും 2019 സാമ്പത്തിക വര്‍ഷത്തില്‍ 7.4 ശതമാനത്തില്‍ എത്തുമെന്നും സൂചിപ്പിച്ചു. നിരക്ക് വര്‍ധനവിനെ ആറംഗ അവലോകന സമിതിയിലെ അഞ്ചു പേരും അനുകൂലിക്കുകയായിരുന്നു.

ആര്‍.ബി.ഐ പലിശ നിരക്ക് ഉയര്‍ത്തിയത് ഭവന, വാഹന വായ്പകളെ ബാധിക്കും. സാധാരണക്കാര്‍ ഏറ്റവുമധികം ആശ്രയിക്കുന്ന ഇത്തരം വായ്പകളുടെ പലിശ നിരക്കും ഉയര്‍ന്നേക്കും.

2013 ഒക്‌ടോബറിനു ശേഷം ഈ വര്‍ഷമാണ് നിരക്കുകള്‍ വര്‍ധിപ്പിക്കുന്നത്. നാലു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ജൂണില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ റിപ്പോ നിരക്കില്‍ 25 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ച് 6.25 ശതമാനത്തില്‍ എത്തിയിരുന്നു.

മണ്‍സൂണ്‍ ഏറ്റക്കുറച്ചില്‍ കാര്‍ഷിക ഉത്പാദനത്തെ പ്രതികൂലമായി ബാധിച്ചേക്കുമെന്ന് ആര്‍.ബി.ഐ വ്യക്തമാക്കി.

വര്‍ധിച്ചുവരുന്ന ക്രൂഡ് ഓയില്‍ വിലയും പണപ്പെരുപ്പ നിരക്കിനെ ദോഷമായി ബാധിക്കുന്നതായി ആര്‍.ബി.ഐ ചെയര്‍മാന്‍ ഉര്‍ജിത് പട്ടേല്‍ വ്യക്തമാക്കി.

CLICK TO FOLLOW UKMALAYALEE.COM