റാപ്പിഡ്‌ ടെസ്‌റ്റ് കിറ്റ്‌ മെയ്‌ഡ് ഇന്‍ കേരള , വികസിപ്പിച്ചത്‌ രാജീവ്‌ ഗാന്ധി ബയോടെക്‌നോളജി സെന്റര്‍ – UKMALAYALEE

റാപ്പിഡ്‌ ടെസ്‌റ്റ് കിറ്റ്‌ മെയ്‌ഡ് ഇന്‍ കേരള , വികസിപ്പിച്ചത്‌ രാജീവ്‌ ഗാന്ധി ബയോടെക്‌നോളജി സെന്റര്‍

Monday 6 April 2020 3:38 AM UTC

തിരുവനന്തപുരം April 6 : കോവിഡ്‌-19 വൈറസിന്റെ സാന്നിധ്യം 15 മിനിട്ടില്‍ കണ്ടെത്താനുതകുന്ന റാപ്പിഡ്‌ ടെസ്‌റ്റ്‌ കിറ്റ്‌ തിരുവനന്തപുരത്തെ രാജീവ്‌ ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയിലെ (ആര്‍.ജി.സി.ബി) ശാസ്‌ത്രജ്‌ഞര്‍ വികസിപ്പിച്ചു.

ഇന്ത്യന്‍ മെഡിക്കല്‍ ഗവേഷണ കൗണ്‍സിലിന്റെ (ഐ.സി.എം.ആര്‍) അംഗീകാരം ലഭ്യമാകുന്ന മുറയ്‌ക്ക്‌ 10 ദിവസത്തിനകം നിര്‍മാണവും ഇവ ഉപയോഗിച്ചുള്ള പരിശോധനയും ആരംഭിക്കാന്‍ കഴിയും.

ഇപ്പോള്‍ സംസ്‌ഥാനത്തു നടത്തുന്നത്‌ സാമ്പിളുകള്‍ ലാബുകളിലെത്തിച്ച്‌ യന്ത്രസഹായത്തോടെയുള്ള പി.സി.ആര്‍. പരിശോധനകളാണ്‌. ഈ പി.സി.ആര്‍. കിറ്റിന്‌ 4,000 രൂപ വരെ വിലയുള്ളപ്പോള്‍ ആര്‍.ജി.ബി.സി. വികസിപ്പിച്ച കിറ്റിന്‌ 380 രൂപ മാത്രമാണു വില.

പി.സി.ആറില്‍ പരിശോധനാഫലമറിയാന്‍ മൂന്നു മണിക്കൂറിലേറെ വേണ്ടിവരും.

രാജീവ്‌ ഗാന്ധി സെന്ററിലെ ശാസ്‌ത്രജ്‌ഞന്‍ ഡോ. രാധാകൃഷ്‌ണന്‍ ആര്‍. നായരുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘം രണ്ടാഴ്‌ചത്തെ ശ്രമഫലമായാണ്‌ കിറ്റ്‌ വികസിപ്പിച്ചത്‌.

അംഗീകാരത്തിനും നിര്‍മാണാനുമതിക്കുമായി ഇത്‌ ബുധനാഴ്‌ചയോടെ ഐ.സി.എം.ആറിനു കൈമാറും.

അനുമതി ലഭിച്ചാലുടന്‍ ഉല്‍പ്പാദനം തുടങ്ങാന്‍ കളമശേരി കിന്‍ഫ്ര പാര്‍ക്കില്‍ ആര്‍.ജി.ബി.സിയുടെ നിര്‍മാണ യൂണിറ്റായ യൂ ബയോടെക്‌നോളജീസില്‍ ഒരുക്കം പൂര്‍ത്തിയായതായി ആര്‍.ജി.ബി.സി. ഡയറക്‌ടര്‍ പ്രഫ.എം. രാധാകൃഷ്‌ണ പിള്ള അറിയിച്ചു.

പരിശോധന ഇങ്ങനെ

ഗര്‍ഭപരിശോധനാ കിറ്റ്‌ പോലുള്ള ലളിതമായ സ്‌ട്രിപ്പാണിത്‌
മൂന്നു വരകളെ (ലൈന്‍) അടിസ്‌ഥാനമാക്കിയാണു പരിശോധന
വിരല്‍ത്തുമ്പില്‍നിന്ന്‌ ഒരു തുള്ളി രക്‌തം സ്‌ട്രിപ്പില്‍ പതിപ്പിക്കും.

രക്‌തം വീഴുമ്പോള്‍ കണ്‍ട്രോള്‍ ലൈന്‍ തെളിഞ്ഞാല്‍ കിറ്റ്‌ പ്രവര്‍ത്തനക്ഷമം.

ഐ.ജി.എം. ലൈന്‍ തെളിയുന്നത്‌ വൈറസ്‌ ബാധിച്ചാല്‍ ശരീരം ഉല്‍പ്പാദിപ്പിക്കുന്ന ആന്റിബോഡികളുടെ സാന്നിധ്യം വ്യക്‌തമാക്കും.
ഐ.ജി.ജി. ലൈനിലൂടെ ശരീരത്തിന്റെ രോഗപ്രതിരോധശേഷി തിരിച്ചറിയാം.

പോസിറ്റീവാണെങ്കില്‍ അഞ്ചു മിനറ്റിലും നെഗറ്റീവാണെങ്കില്‍ 15 മിനിറ്റിലും ഫലമറിയാം.

കിറ്റ്‌ ഉപയോഗിക്കാന്‍ പ്രത്യേക പരിശീലനം വേണ്ട.
ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്‌ കിറ്റുമായി വീടുകളില്‍ പോയി പരിശോധന നടത്താം.

30 ദിവസത്തിനകം 60 ലക്ഷം കിറ്റുകള്‍ നിര്‍മിക്കാം.
നിലവില്‍ കിറ്റുകള്‍ ഇറക്കുമതി ചെയ്യുകയാണ്‌.

CLICK TO FOLLOW UKMALAYALEE.COM