
രാഹുലിന്റെ പ്രധാനമന്ത്രിപദമെന്ന മോഹം തകര്‍ക്കാന്‍ സി.പി.എം
Tuesday 2 April 2019 1:21 AM UTC
ന്യൂഡല്‍ഹി April 2: വയനാട്ടില്‍ മത്സരിക്കുന്നതില്‍നിന്നു പിന്തിരിപ്പിക്കാന് പഠിച്ചപണി പതിനെട്ടും പയറ്റിയിട്ടും നടക്കാതായതോടെ പ്രധാനമന്ത്രിപദമെന്ന രാഹുലിന്റെ മോഹം തകര്‍ക്കാന്‍ സി.പി.എമ്മിന്റെ കരുനീക്കം.
കോണ്‍ഗ്രസിനെ ഒഴിവാക്കിയുള്ള ബദല്‍ മുന്നണിക്കാണു ശ്രമം. ബി.എസ്.പി. അധ്യക്ഷ മായാവതിയെ മുന്‍നിര്‍ത്തിയുള്ള ലക്ഷ്യത്തിലേക്കു സി.പി.എം. നേതാക്കള്‍ പ്രാദേശികകക്ഷികളുമായി ചര്‍ച്ച തുടങ്ങി.
ഉത്തര്‍പ്രദേശില്‍ ബി.ജെ.പിക്കെതിരേ എസ്.പിയുമായി കൈകോര്‍ത്തു വിശാലസഖ്യത്തിനു തയാറായപ്പോള്‍ മായാവതി സ്വപ്നം കണ്ടതു പ്രധാനമന്ത്രിസ്ഥാനംതന്നെ.
മായാവതിക്ക് ഇക്കാര്യത്തില്‍ എസ്.പി. നേതാവ് അഖിലേഷ് യാദവിന്റെ പിന്തുണ ലഭിക്കുമെന്നും സി.പി.എം. കണക്കുകൂട്ടുന്നു. ഒപ്പം വൈ.എസ്.ആര്. കോണ്‍ഗ്രസ്, ആര്.ജെ.ഡി, ടി.ആര്.എസ്. എന്നിവരുടെ പിന്തുണയും പ്രതീക്ഷിക്കുന്നു.
തമിഴ്നാട്ടില്‍ കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയായ ഡി.എം.കെയും പ്രധാനമന്ത്രിപദം സ്വപ്നംകാണുന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജിയും ഈ നീക്കത്തോട് സഹകരിക്കാന്‍ ഇടയില്ല.
രാഹുലിനെ ആദ്യമായി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത് ഡി.എം.കെ. അധ്യക്ഷന്‍ എം.കെ. സ്റ്റാലിനാണ്.
കഴിഞ്ഞ അഞ്ചു വര്‍ഷവും പാര്‍ലമെന്റിനകത്തും പുറത്തും ബി.ജെ.പിക്കെതിരേ കോണ്‍ഗ്രസിനൊപ്പം യോജിച്ചുനീങ്ങിയ സി.പി.എമ്മിന് രാഹുലിന്റെ ഇപ്പോഴത്തെ തീരുമാനം കനത്ത ആഘാതമായി.
കോണ്‍ഗ്രസുമായി സഖ്യത്തിനും ധാരണയ്ക്കുമായി എക്കാലവും വാദിച്ച ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണു കനത്ത തിരിച്ചടി നേരിട്ടത്.
യെച്ചൂരിയുടെ കോണ്‍ഗ്രസ് അനുകൂല സമീപനവും നീക്കുപോക്കുപോലും വേണ്ടെന്ന കേരള ഘടകത്തിന്റെ നിലപാടും തമ്മിലുള്ള ഏറ്റുമുട്ടലില്‍ സി.പി.എമ്മിനുള്ളില്‍ വിഭാഗീയത രൂക്ഷമായതു മിച്ചം..!
സി.പി.എമ്മിന് ആകെ പ്രതീക്ഷയുള്ള കേരളത്തില്‍ നിലവിലുള്ള സീറ്റെങ്കിലും നേടാന്‍ പാടുപെടുമ്പോഴാണ് രാഹുലിന്റെ രംഗപ്രവേശം. നിലവില്‍ സി.പിഎമ്മിന് ആകെയുള്ള ഒന്‍പത് ലോക്സഭാ അംഗങ്ങളില്‍ അഞ്ചുപേര്‍ കേരളത്തില്‍നിന്നാണ്.
രണ്ട് അംഗങ്ങളുള്ള ത്രിപുരയില്‍ ബി.ജെ.പി. ആധിപത്യം നേടിയതോടെ പ്രതീക്ഷയില്ല. മറ്റു രണ്ട് അംഗങ്ങള്‍ പ്രതിനിധീകരിക്കുന്ന പശ്ചിമ ബംഗാളിലാകട്ടെ സി.പി.എമ്മിന്റെ സിറ്റിങ് സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടുമുണ്ട്. ധാരണയ്ക്കുള്ള ശ്രമം ബംഗാളില്‍ പരാജയപ്പെടുകയായിരുന്നു.
ബിഹാറില്‍ ആര്.ജെ.ഡി സഖ്യത്തിന്റെ ഭാഗമാകാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഒഡിഷയില്‍ കോണ്‍ഗ്രസുമായി ചേരാന്‍ നീക്കം നടത്തിയെങ്കിലും വിഫലമായി.
അതേസമയം, തമിഴ്നാട്ടില്‍ ഡി.എം.കെ- കോണ്‍ഗ്രസ്- മുസ്ലിംലീഗ് മുന്നണിയുടെ ഭാഗമായി രണ്ടു സീറ്റില്‍ സി.പി.എം. മത്സരിക്കുന്നുണ്ട്.
CLICK TO FOLLOW UKMALAYALEE.COM