രാമചന്ദ്രനില്ലെങ്കില്‍ ഒരാനയുമില്ലെന്ന്‌ ഉടമകള്‍; തൃശൂര്‍ പൂരം പ്രതിസന്ധിയില്‍ – UKMALAYALEE

രാമചന്ദ്രനില്ലെങ്കില്‍ ഒരാനയുമില്ലെന്ന്‌ ഉടമകള്‍; തൃശൂര്‍ പൂരം പ്രതിസന്ധിയില്‍

Thursday 9 May 2019 2:55 AM UTC

തൃശൂര്‍ May 9: കേരളത്തില്‍ ആദ്യമായി ഫാന്‍സ്‌ അസോസിയേഷന്‍ രൂപീകരിക്കപ്പെട്ട ഗജരാജന്‍ തെച്ചിക്കോട്ടുകാവ്‌ രാമചന്ദ്രനു തൃശൂര്‍ പൂരത്തില്‍ വിലക്കേര്‍പ്പെടുത്തിയതിനെച്ചൊല്ലി കേരളത്തില്‍ വിവാദത്തിന്റെ മാലപ്പടക്കം! സംസ്‌ഥാനത്തെ നാട്ടാനകളില്‍ ഏറ്റവും തലയെടുപ്പുള്ള രാമചന്ദ്രനില്ലാതെ പൂരം പൂര്‍ണമാവില്ലെന്നാണു പൂരപ്രേമികളുടെ വാദം.

13 പേരെയും രണ്ടു കൂട്ടാനകളെയും കൊലപ്പെടുത്തിയിട്ടുള്ള രാമചന്ദ്രനെ എഴുന്നള്ളിക്കുന്നത്‌ അപകടകരമാണെന്നു വനംമന്ത്രി പറയുന്നു. ആനയുടെ പ്രായാധിക്യവും വലതുകണ്ണിന്റെ കാഴ്‌ചക്കുറവും വനംവകുപ്പ്‌ ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍, രാമചന്ദ്രന്റെ വിലക്ക്‌ നീക്കിയില്ലെങ്കില്‍ തൃശൂര്‍ പൂരമടക്കം ഒരുത്സവത്തിനും ശനിയാഴ്‌ച മുതല്‍ ആനകളെ വിട്ടുനല്‍കേണ്ടെന്നാണ്‌ ഉടമകളുടെ തീരുമാനം. തൃശൂരില്‍ ചേര്‍ന്ന ആനയുടമ ഫെഡറേഷന്‍ സംസ്‌ഥാനസമിതിയുടെ അടിയന്തരയോഗമാണ്‌ ഈ തീരുമാനമെടുത്തത്‌.

ഉത്സവാഘോഷങ്ങള്‍ അട്ടിമറിക്കാനാണു സര്‍ക്കാര്‍ ശ്രമമെന്നും തെച്ചിക്കോട്ടുകാവ്‌ രാമചന്ദ്രന്റെ വിലക്കിനു പിന്നില്‍ വനംവകുപ്പ്‌ ഉദ്യോഗസ്‌ഥരുടെ ഗൂഢാലോചനയുണ്ടെന്നും ഫെഡറേഷന്‍ സംസ്‌ഥാന ജനറല്‍ സെക്രട്ടറി പി. ശശികുമാര്‍ ആരോപിച്ചു.

ആനയുടമകള്‍ തീരുമാനത്തില്‍ ഉറച്ചുനിന്നാല്‍ തൃശൂര്‍ പൂരത്തെ ഉള്‍പ്പെടെ ബാധിക്കും. തൃശൂര്‍ പൂരത്തിന്റെ വിവിധ എഴുന്നള്ളിപ്പുകള്‍ക്കായി നൂറോളം ആനകളെയാണ്‌ അണിനിരത്തുന്നത്‌.

മുഖ്യസംഘാടകരായ പാറമേക്കാവ്‌, തിരുവമ്പാടി ദേവസ്വങ്ങള്‍ക്കു മാത്രം 80 ആനകളെങ്കിലും വേണം. രാവിലെ എട്ടു ഘടകപൂരങ്ങള്‍ക്കും ആനയെഴുന്നള്ളിപ്പുണ്ട്‌.

അതേസമയം, ആനയുടമകളുടെ നിലപാട്‌ ദൗര്‍ഭാഗ്യകരമാണെന്നു മന്ത്രി വി.എസ്‌. സുനില്‍കുമാര്‍ പ്രതികരിച്ചു.

തെച്ചിക്കോട്ടുകാവ്‌ രാമചന്ദ്രന്റെ വിലക്ക്‌ നീക്കുന്നതു സംബന്ധിച്ചു കോടതിവിധി വരാനിരിക്കേ ഉടമകളുടെ തീരുമാനം ശരിയായില്ല. കോടതിവിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്‌ഥമാണ്‌. ഉത്സവങ്ങള്‍ അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെന്നും സുനില്‍കുമാര്‍ പറഞ്ഞു.

ആനയെ എഴുന്നള്ളിക്കുന്ന വിഷയത്തില്‍ ആവേശപ്രകടനങ്ങള്‍ക്കല്ല, ജനസുരക്ഷയ്‌ക്കാണു സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നതെന്നു വനംമന്ത്രി കെ. രാജു പറഞ്ഞു. ഉത്സവങ്ങളും പൂരങ്ങളും തടസമില്ലാതെ നടത്താനുള്ള നടപടിയാണു സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം ഫെയ്‌സ്‌ബുക്ക്‌ പോസ്‌റ്റില്‍ വ്യക്‌തമാക്കി.

തെച്ചിക്കോട്ടുകാവു രാമചന്ദ്രന്റെ വിലക്കില്‍ പ്രതിഷേധമുണ്ടെങ്കിലും ആനയുടമകളുടെ തീരുമാനം പുനഃപരിശോധിക്കണമെന്നു തിരുവമ്പാടി, പാറമേക്കാവ്‌ ദേവസ്വങ്ങള്‍ ആവശ്യപ്പെട്ടു. പൂരത്തിന്‌ ആനകളെ വിട്ടുനല്‍കാന്‍ തയാറാണെന്ന്‌ ഗുരുവായൂര്‍ ദേവസ്വം അറിയിച്ചു.

പൂരം നടത്തിപ്പ്‌ സംബന്ധിച്ച്‌ ആനയുടമകളുമായി ഇന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തിരുവനന്തപുരത്തു ചര്‍ച്ചനടത്തും. ചര്‍ച്ചയില്‍ മന്ത്രിമാരായ വി.എസ്‌. സുനില്‍കുമാറും കെ. രാജുവും പങ്കെടുക്കും.

വിവാദങ്ങള്‍ക്കു പിന്നില്‍ ഹീനമായ രാഷ്‌ട്രീയ ലക്ഷ്യങ്ങളാണുള്ളതെന്നും ജനസുരക്ഷയ്‌ക്കാണു സര്‍ക്കാര്‍ പ്രാധാന്യം കല്‍പ്പിക്കുന്നതെന്നും മന്ത്രി കടകംപള്ളി പറഞ്ഞു. ആനയുടമകള്‍ തീരുമാനത്തില്‍നിന്നു പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

CLICK TO FOLLOW UKMALAYALEE.COM