രാത്രി ഇരുണ്ട് വെളുത്തപ്പോള്‍ തുഷാര്‍ ദേശീയനേതാവ് – UKMALAYALEE

രാത്രി ഇരുണ്ട് വെളുത്തപ്പോള്‍ തുഷാര്‍ ദേശീയനേതാവ്

Wednesday 3 April 2019 3:31 AM UTC

KOCHI April 3: ഹിന്ദുമേഖലയില്‍ നിന്നും ഓടിയൊളിച്ചെന്ന് രാഹുല്‍ഗാന്ധിക്കെതിരേ ബിജെപി നടത്തുന്ന പ്രചരണത്തെ എതിരേ മത്സരിക്കാന്‍ ബിജെപിയ്ക്ക് സ്ഥാനാര്‍ത്ഥിയില്ലെന്ന വാദം കൊണ്ടു പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ്.

വയനാട്ടില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന രാഹുലിനെ നേരിടാന്‍ എന്‍ഡിഎ യുടെ ഘടക കക്ഷിയായ ബിഡിജെഎസ് തലവന്‍ തുഷാറിനെയാണ് നിയോഗിച്ചത്. ഇത് കോണ്‍ഗ്രസ് മറ്റിടങ്ങളിലും ബിജെപിയ്‌ക്കെതിരേ ആയുധമാക്കിയേക്കും.

രാഹുല്‍ ഹിന്ദുസമൂഹത്തെ പേടിച്ച് ന്യുനപക്ഷങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള സുരക്ഷിത മണ്ഡലം തേടി ഓടിയെന്നാണ് ബിജെപിയുടെ പ്രധാന ആക്ഷേപം.

എന്നാല്‍ ബിജെപിയ്ക്ക് കാര്യമായ സ്വാധീനമില്ലാത്ത കേരളത്തില്‍ രാഹുലിന് എതിരേ മത്സരിക്കാന്‍ ബിജെപിയ്ക്ക് സ്ഥാനാര്‍ത്ഥി പോലുമില്ല എന്ന വാദം ഉന്നയിക്കാനാകും ബിജെപി ശ്രമിക്കുക.

രാഹുലിനെപോലെയുള്ള ഒരു ദേശീയ നേതാവ് മത്സരിക്കുമ്പോള്‍ അദ്ദേഹത്തിനെതിരേ നിര്‍ത്തുവാന്‍ സ്വന്തം പാര്‍ട്ടിയില്‍ നിന്നും ഒരാളെ കണ്ടെത്താന്‍ കഴിയാത്തത് പ്രാദേശിക ഘടകത്തില്‍ തന്നെ എതിര്‍പ്പുകള്‍ ഉയരുന്നതിന് കാരണമായിട്ടുണ്ട്.

മത്സരിക്കാനില്ലെന്ന നിലപാട് എടുത്തിരുന്ന തുഷാര്‍ ഒറ്റ രാത്രി കൊണ്ടാണ് ദേശീയ നേതാവിലേക്ക് ഉയര്‍ന്നത്്. മത്സരിക്കാനില്ലെന്ന തുഷാറിന്റെ മനസ്സ് മാറ്റിയത് ബിജെപി ദേശീയ നേതൃത്വത്തിന്റെയും അമിത്ഷായുടേയും ഇടപെടലാണ്.

ഡല്‍ഹിയില്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം ഉപാധികളോടെയായിരുന്നു തുഷാര്‍ മത്സരിക്കാന്‍ തയ്യാറായത്. തൃശൂരില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് പറഞ്ഞുകേട്ട തുഷാര്‍ ഒരു രാത്രി ഇരുണ്ട് വെളുത്തപ്പോള്‍ രാഹുലിനെതിരേ എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥിയുമായി.

സംസ്ഥാന നേതൃത്വത്തെ വരെ ഞെട്ടിച്ചായിരുന്നു തുഷാര്‍ വയനാട്ടില്‍ എത്തിയത്. രാഹുലിനെതിരേ മത്സരിക്കാന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി വേണമെന്നായിരുന്നു സംസ്ഥാന ഘടകത്തിന്റെ താല്‍പ്പര്യം. തിരുവനന്തപുരത്തും പത്തനംതിട്ടയിലും പരിഗണിച്ച ശേഷം ഒഴിവാക്കപ്പെട്ട ശ്രീധരന്‍ പിള്ളയുടെ പേര് പരിഗണിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ സംസ്ഥാന നേതൃത്വത്തിന്റെ ആവശ്യത്തിന് മുകളില്‍ കേന്ദ്ര നേതൃത്വം തുഷാറിന് വേണ്ടി ഇടപെടുകയായിരുന്നു. വയനാട്ടില്‍ മത്സരിക്കാനുള്ള തുഷാറിന്റെ നീക്കം വിജയം കണ്ടതും അമിത്ഷായുമായി നടത്തിയ ചര്‍ച്ചയാണ്.

തുഷാര്‍ വയനാട്ടില്‍ എത്തിയത് തങ്ങളുടെ അറിവോടെ പോലുമായിരുന്നില്ല എന്നത് ബിജെപി സംസ്ഥാന ഘടകത്തില്‍ മുറുമുറുപ്പിന് കാരണമായിട്ടുണ്ട്. രാഹുലിനെ പോലെയൊരു സ്ഥാനാര്‍ത്ഥിയോട് മത്സരിക്കുമ്പോള്‍ സ്വന്തം പാര്‍ട്ടിക്ക് സ്ഥാനാര്‍ത്ഥിയില്ല എന്നത് ബിജെപിയെ വിഷമിപ്പിക്കുന്നത് ചെറുതായിട്ടല്ല.

ഒന്നുകില്‍ കേരളത്തിന് പുറത്തു നിന്നും സ്ഥാനാര്‍ത്ഥിയെ കൊണ്ടു വരിക. അല്ലെങ്കില്‍ കേരളത്തിലെ തന്നെ കരുത്തരായ നേതാക്കളെ ഉപയോഗിക്കുക എന്നതായിരുന്നു ബിജെപിയുടെ ആവശ്യം. എന്നാല്‍ അതിനും മുകളില്‍ കളിച്ചായിരുന്നു തുഷാര്‍ വെള്ളാപ്പള്ളി വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയായത്.

നേരത്തേ തന്നെ ബിഡിജെഎസിന് നല്‍കിയ സീറ്റാണ് വയനാടെങ്കിലും ഇപ്പോള്‍ അവിടെ സാഹചര്യം മാറിയിട്ടുണ്ട്. വയനാട് സീറ്റില്‍ ബിജെപിയ്ക്ക് കാര്യമായ സ്വാധീനം ഇല്ലെങ്കിലും ഇന്ത്യയില്‍ ഉടനീളം കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുപിഎ യും ബിജെപിയുടെ എന്‍ഡിഎയും തമ്മിലാണ് പ്രധാന മത്സരം.

അതുകൊണ്ടു തന്നെ രാഹുലിനെതിരേ മത്സരിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ കിട്ടുന്ന ദേശീയ ശ്രദ്ധയാണ് തുഷാര്‍ ലക്ഷ്യമിടുന്നതും.

CLICK TO FOLLOW UKMALAYALEE.COM