രാജ്യത്ത് ഇന്ന്  വ്യാപക അക്രമങ്ങള്‍ക്ക് സാധ്യത: സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ മുന്നറിയിപ്പ് – UKMALAYALEE

രാജ്യത്ത് ഇന്ന്  വ്യാപക അക്രമങ്ങള്‍ക്ക് സാധ്യത: സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

Thursday 23 May 2019 3:19 AM UTC

ന്യൂഡല്‍ഹി May 23: രാജ്യത്ത് ഇന്ന് വ്യാപക അക്രമ സംഭവങ്ങള്‍ക്ക് സാധ്യതയെന്ന് കേന്ദ്രസര്‍ക്കാരിന്റെ മുന്നറിയിപ്പ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ഇതേതുടര്‍ന്ന് ചീഫ് സെക്രട്ടറിമാര്‍ക്കും ഡിജിപിമാര്‍ക്കും ആഭ്യന്തര മന്ത്രാലയം കത്തയച്ചു. വോട്ടെണ്ണല്‍ ദിനമായ ഇന്ന്  നഗരങ്ങളിലെ സുരക്ഷ ശക്തിപ്പെടുത്തിയിട്ടുണ്ട്.

നിയമവാഴ്ച ഉറപ്പുവരുത്തണമെന്നും ക്രമസമാധാന നില തകരാതിരിക്കാന്‍ സംസ്ഥാനങ്ങള്‍ ശ്രദ്ധിക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

നേരത്തെ ഒരു മാസത്തോളം നീണ്ടു നിന്ന വോട്ടെടുപ്പിനിടെ ബംഗാളില്‍ ഉള്‍പ്പെടെ നിരവധി അക്രമസംഭവങ്ങള്‍ നടന്നതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

വോട്ടെടുപ്പിന്റെ ഏഴു ഘട്ടങ്ങളിലും ബംഗാളില്‍ അക്രമസംഭവങ്ങള്‍ നടമാടിയിരുന്നു. അവസാന ഘട്ടത്തിനു തൊട്ടുമുമ്പ് ബിജെപി ദേശീയ അധ്യക്ഷന്റെ റാലിയ്ക്കു നേരെ സംഘര്‍ഷം ഉണ്ടായതോടെ തെരുവില്‍ ബിജെപി- തൃണമുല്‍ സംഘര്‍ഷം അതിരൂക്ഷമാകുകയും ഇതേതുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരസ്യ പ്രചാരണം റദ്ദാക്കുകയും ചെയ്തിരുന്നു.

തുടര്‍ന്ന് വോട്ടെടുപ്പില്‍ കേന്ദ്രത്തിന്റെ ഇടപെടല്‍ ഉണ്ടാകാതെ സമാധാനപരമായി വോട്ടെടുപ്പ് നടത്തുമെന്ന് ഉറപ്പു വരുത്തണമെന്നും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയയ്ക്കുകയും ചെയ്തു.

CLICK TO FOLLOW UKMALAYALEE.COM