
രാജമാണിക്യം തെറിച്ചു; ഭൂമി ഏറ്റെടുക്കല്‍ അട്ടിമറി പൂര്‍ണം
Wednesday 5 February 2020 4:48 AM UTC
പത്തനംതിട്ട Feb 5 : ഹാരിസണ്‍സ് ഉള്‍പ്പെടെ തോട്ടം മേഖലയില്‍ കുത്തക കമ്പനികള്‍ കൈയടക്കിയ ആറുലക്ഷം ഏക്കര്‍ സര്‍ക്കാര്‍ഭൂമി ഏറ്റെടുക്കാനുള്ള നടപടികളില്‍നിന്നു റവന്യൂ സ്‌പെഷല്‍ ഓഫീസര്‍ എം.ജി. രാജമാണിക്യത്തെ പുറത്താക്കി.
ഇതോടെ, വമ്പന്‍മാര്‍ ഉള്‍പ്പെട്ട അനധികൃതഭൂമി ഇടപാട് കേസില്‍ അട്ടിമറി പൂര്‍ത്തിയായി!
കുത്തക കമ്പനികളുടെ ദീര്‍ഘകാലമായുള്ള ആവശ്യമാണു കഴിഞ്ഞ 31-ന് ഇറക്കിയ ഉത്തരവിലൂടെ സര്‍ക്കാര്‍ നടപ്പാക്കിയത്. ഭൂമി ഏറ്റെടുക്കല്‍ നടപടി നിര്‍ണായകഘട്ടത്തില്‍ എത്തിനില്‍ക്കേ, രാജമാണിക്യത്തെ നീക്കിയതിനെതിരേ റവന്യൂ വകുപ്പില്‍ത്തന്നെ വന്‍പ്രതിഷേധമുയര്‍ന്നു.
രാജമാണിക്യം വഹിച്ചിരുന്ന സ്‌പെഷല്‍ ഓഫീസര്‍, ഭൂമി ഏറ്റെടുക്കല്‍ ചുമതലകള്‍ ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറി എ. കൗശികനു കൈമാറി.
ഹാരിസണ്‍സ് കേസില്‍ ഹൈക്കോടതി നിര്‍ദേശപ്രകാരം, 2013 ഏപ്രില്‍ 24-നാണ് രാജമാണിക്യത്തെ സ്‌പെഷല്‍ ഓഫീസറായി അന്നത്തെ യു.ഡി.എഫ്. സര്‍ക്കാര്‍ നിയമിച്ചത്.
2015-ല്‍ തോട്ടം മേഖലയിലെ മുഴുവന്‍ അനധികൃതഭൂമിയും ഏറ്റെടുക്കാനുള്ള ചുമതല അദ്ദേഹത്തിനു നല്‍കി. ഇതുസംബന്ധിച്ചു രാജമാണിക്യം സമര്‍പ്പിച്ച റിപ്പോര്‍ട്ട് മൂന്നുവര്‍ഷമായി സര്‍ക്കാര്‍ പൂഴ്‌ത്തിയിരിക്കുകയാണ്.
തോട്ടങ്ങളുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലുണ്ടായിരുന്ന കേസുകളില്‍ ഹാജരായ ഗവ. പ്ലീഡര്‍ സുശീല ആര്‍. ഭട്ടിന്റെ വാദങ്ങളാണു സ്‌പെഷല്‍ ഓഫീസറെ നിയമിക്കുന്നതില്‍ കലാശിച്ചത്.
പിന്നീടു വന്ന ഇടതുസര്‍ക്കാര്‍ ഗവ. പ്ലീഡര്‍ സ്‌ഥാനത്തുനിന്നു സുശീലയെ നീക്കി. രാജമാണിക്യത്തെയും നീക്കണമെന്നു തോട്ടമുടമകള്‍ ആവശ്യപ്പെട്ടെങ്കിലും പ്രതിഷേധം ഭയന്നു സര്‍ക്കാര്‍ മടിച്ചു.
ഉപരിപഠനത്തിനായി അമേരിക്കയിലായിരുന്ന രാജമാണിക്യം മടങ്ങിയെത്തിയിട്ട് മാസങ്ങളായെങ്കിലും സ്‌പെഷല്‍ ഓഫീസറായി ചുമതലയേല്‍ക്കാന്‍ അനുവദിച്ചില്ല.
ഹാരിസണ്‍സിന്റെ പക്കലുള്ള ഒരു ലക്ഷത്തിലേറെ ഏക്കര്‍ അനധികൃതഭൂമി ഏറ്റെടുക്കാന്‍ സിവില്‍ കോടതികളെ സമീപിക്കുന്നതിനുള്ള നടപടി പുരോഗമിക്കുകയാണ്.
സംസ്‌ഥാനത്തെ മലയോരമേഖലകളിലെ മുന്‍സിഫ് കോടതികളില്‍ നൂറുകണക്കിനു കേസുകളാണു ഫയല്‍ ചെയ്യേണ്ടത്. അതിനിടെയാണു രാജമാണിക്യത്തെ നീക്കിക്കൊണ്ടു പൊതുഭരണവകുപ്പ് ഉത്തരവിറക്കിയത്.
CLICK TO FOLLOW UKMALAYALEE.COM