‘രാക്കിളി പൊന്മകളെ… നിന് പൂവിളി യാത്രാമൊഴിയാണോ…’ പാടിത്തീര്‍ക്കും മുമ്പ് പിതാവ് തലേന്ന് വിടവാങ്ങി
Tuesday 28 May 2019 3:39 AM UTC
കൊല്ലം May 28: വിവാഹ ചടങ്ങിനിടയില്‍ പിടയുന്ന മനസ്സുമായി ആള്‍ക്കൂട്ടത്തിനിടയില്‍ ആര്‍ച്ച തിരഞ്ഞത് അച്ഛന്റെ മുഖമാണ്. എന്നാല്‍ ഉടന്‍ വരുമെന്ന് പറഞ്ഞ് ആശ്വസിപ്പിച്ചു ബന്ധുക്കള്‍ വരനൊപ്പം യാത്രയാക്കി.
അച്ഛന് അപ്പോള്‍ കൊല്ലം ജില്ല ആശുപത്രിയിലെ മോര്‍ച്ചറിയിലെ ഇരുട്ടില്‍ തനിച്ചായിരുന്നു. അച്ഛന്റെ മരണവിവരം ഇന്ന് സംസ്ക്കാരത്തിന് തൊട്ടുമുമ്പ് മാത്രം ആര്ച്ചമേയയും ഭാര്യ സുഷമയെയും അറിയിച്ചാല്‍ മതിയെന്നായിരുന്നു ബന്ധുക്കളുടെ തീരുമാനം.
മകള്‍ ആര്‍ച്ചയുടെ വിവാഹത്തലേന്നു സ്വീകരണച്ചടങ്ങില്‍ പാടിക്കൊണ്ടിരിക്കെയാണു തിരുവനന്തപുരം കരമന പോലീസ് സ്റ്റേഷനിലെ എസ്.ഐ. നീണ്ടകര പുത്തുന്‍തുറ താഴത്തുരുത്ത് ചാമ്പോളില്‍ വീട്ടില്‍ വിഷ്ണുപ്രസാദി(55)നെത്തേടി മരണമെത്തിയത്.
സ്വീകരണച്ചടങ്ങിന്റെ ഭാഗമായി നടന്ന ഗാനമേളയുടെ വേദിയിലേക്കു സുഹൃത്തുകള്‍ നിര്‍ബന്ധിച്ചപ്പോഴാണ് വിഷ്ണുപ്രസാദ് കയറിയത്.
‘അമരം’ എന്ന സിനിമയിലെ ”രാക്കിളി പൊന്മകളെ”എന്നു തുടങ്ങുന്ന ഗാനമാണ് അദ്ദേഹം തെരഞ്ഞെടുത്തത്. ”രാക്കിളി പൊന്മകളെ…നിന് പൂവിളി യാത്രാമൊഴിയാണോ നിന് മൗനം… പിന്‍വിളിയാണോ…” പാടുന്നതിനിടയില്‍ കുഴഞ്ഞുവീണു.
ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിവരം വരന്റെ ബന്ധുക്കളില്‍ ചിലരെയും അടുത്ത ബന്ധുക്കളെയും മാത്രമാണ് അറിയിച്ചത്.
വിവാഹമേളം ഉയരേണ്ട വീട് ശോകമായെങ്കിലും ആര്‍ച്ചയെ ഒന്നും അറിയിച്ചില്ല. പിടയുന്ന മനസ്സുമായി ആര്ച്ചയിരുന്നു. പരിമണം ദുര്‍ഗാദേവി ക്ഷേത്രം വക ഓഡിറ്റോറിയത്തിലെ കതിര്‍മണ്ഡപത്തില്‍ വരന് കടയ്ക്കല്‍ സ്വദേശി വിഷ്ണുപ്രസാദ് ആര്‍ച്ചയുടെ കഴുത്തില്‍ താലികെട്ടി.
തുടര്‍ന്ന് ഇരുവരും വരന്റെ വീട്ടിലേക്ക് പോയി. വിവാഹത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതിനാല്‍ മരണവിവരം ബന്ധുക്കള്‍ വീട്ടുകാരെ അറിയിച്ചില്ല.
അത്യാസന്ന നിലയില്‍ ചികിത്സയിലാണെന്നേ പറഞ്ഞുള്ളു. അടുത്ത വര്‍ഷം സര്‍വീസില്‍ നിന്നും വിരമിക്കാനിരിക്കെയാണ് വിഷ്ണുപ്രസാദിന്റെ മരണം. പത്തു വര്‍ഷം മുന്‍പ് വിഷ്ണു പ്രസാദിനു ഹൃദയാഘാതം ഉണ്ടായെങ്കിലും പിന്നീട് പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല.
മൂത്തമകന് അനു അടുത്തിടെ പുറത്തുവന്ന പോലീസ് കോണ്‍സ്റ്റബിള്‍ റാങ്ക് പട്ടികയിലുണ്ട്. ആര്യ രണ്ടാമത്തെ മകളാണ്.
ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്നു െവെകിട്ട് നാലിനു വീട്ടുവളപ്പില്‍ സംസ്കരിക്കും.
CLICK TO FOLLOW UKMALAYALEE.COM