യൂണിവേഴ്സിറ്റി കോളജ് തുറന്നു , 18 വര്‍ഷത്തിനുശേഷം കെ.എസ്.യു. യൂണിറ്റ് രൂപീകരിച്ചു
Tuesday 23 July 2019 3:18 AM UTC
തിരുവനന്തപുരം July 23 : വിദ്യാര്‍ഥിക്കു കുത്തേറ്റതിനെ തുടര്‍ന്നു പത്തു ദിവസമായി അടച്ചിട്ടിരുന്ന യൂണിവേഴ്സിറ്റി കോളജ് ഇന്നലെ തുറന്നു. കനത്ത പോലീസ് സംരക്ഷണയിലാണു കോളജില്‍ ക്ലാസുകള്‍ ആരംഭിച്ചത്.
തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിച്ചാണു വിദ്യാര്‍ഥികളെയും അധ്യാപകരെയും കടത്തിവിട്ടത്. ഇനി മുതല്‍ ഇങ്ങനെയായിരിക്കുമെന്നു പുതിയ പ്രിന്‍സിപ്പല്‍ സി.സി. ബാബു അറിയിച്ചു.
കവാടത്തിലും പുറത്തും കനത്ത പോലീസ് സംരക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം എ.ഐ.എസ്.എഫിനും ഫ്രറ്റേണിറ്റി മൂവ്മെന്റിനും പിന്നാലെ ഇന്നലെ കെ.എസ്.യു. യൂണിറ്റ് രൂപീകരിച്ചു. പതിനെട്ടു വര്‍ഷത്തിനു ശേഷമാണു കെ.എസ്.യു. കോളജില്‍ യൂണിറ്റ് രൂപീകരിച്ചത്.
യൂണിവേഴ്സിറ്റി കോളജ് പ്രശ്നത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് അഭിജിത്തിന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമര വേദിയിലായിരുന്നു യൂണിറ്റ് രൂപീകരിച്ചുകൊണ്ടുള്ള പ്രഖ്യാപനം.
അമല്‍ചന്ദ്രനാണ് പ്രസിഡന്റ്. ആര്യ എസ്. നായര്‍ (വൈസ് പ്രസിഡന്റ്). എസ്. അച്യുത് (സെക്രട്ടറി). കോളജില്‍ ഒരു സംഘടന മതിയെന്ന എസ്.എഫ്.ഐ. വാദം അംഗീകരിക്കാന്‍ കഴിയില്ലെന്നു കെ.എസ്.യു. ഭാരവാഹികള്‍ പറഞ്ഞു. ഭയം കാരണമാണു മറ്റു സംഘടനകളിലേക്കു കുട്ടികള്‍ വരാത്തത്.
കൂടുതല്‍ കുട്ടികള്‍ കെ.എസ്.യുവിലേക്ക് വരുമെന്നാണു പ്രതീക്ഷിക്കുന്നത്. കൊടിയുമായി കാമ്പസില്‍ കടക്കുന്നതില്‍ നിന്നു കെ.എസ്.യു. പ്രവര്‍ത്തകരെ പോലീസ് വിലക്കി. ക്യാമ്പസില്‍ കൊടിമരം വയ്ക്കുന്നതു കോളജ് അധികൃതരുമായി ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്നും കെ.എസ്.യു. നേതൃത്വം വ്യക്തമാക്കി.
കൊടിമരം സ്ഥാപിക്കാന്‍ എ.ഐ.എസ്.എഫും, പ്രിന്‍സിപ്പലിന്റെ അനുമതി തേടിയിട്ടുണ്ട്. അതേസമയം കുത്തേറ്റ അഖില്‍ ചന്ദ്രനെ കൂടി ഉള്‍പ്പെടുത്തി രൂപീകരിച്ച എസ്.എഫ്.ഐ. അഡ്ഹോക്ക് കമ്മിറ്റി ഇന്നലെ കോളജിനുള്ളില്‍ രജനി എസ്.ആനന്ദ് ദിനമാചരിച്ചു ശക്തി തെളിയിച്ചു.
വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചുകൊണ്ടു നടത്തിയ പ്രകടനത്തോടെയായിരുന്നു എസ്.എഫ്.ഐ. പ്രവര്‍ത്തനം പുനരാരംഭിച്ചത്.
നേരത്തെ യൂണിറ്റ് കമ്മിറ്റി ഭാരവാഹികളായ നസീം, ശിവരഞ്ജിത്ത് അടക്കമുള്ളവര്‍ കുത്തുക്കേസില്‍ പ്രതിയായതോടെ എസ്.എഫ്.ഐ. നേതൃത്വം യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടുകയായിരുന്നു.
CLICK TO FOLLOW UKMALAYALEE.COM