യൂണിവേഴ്‌സിറ്റി കോളജിന്‌ പുതിയ പ്രിന്‍സിപ്പല്‍ – UKMALAYALEE

യൂണിവേഴ്‌സിറ്റി കോളജിന്‌ പുതിയ പ്രിന്‍സിപ്പല്‍

Thursday 18 July 2019 1:57 AM UTC

തിരുവനന്തപുരം July 18: വിദ്യാര്‍ഥിക്കു കുത്തേറ്റ സംഭവത്തിനും ഉത്തരക്കടലാസ്‌ വിവാദത്തിനും പിന്നാലെ, യൂണിവേഴ്‌സിറ്റി കോളജിലെ താല്‍ക്കാലിക പ്രിന്‍സിപ്പലിന്റെ കസേര തെറിച്ചു.

താല്‍ക്കാലികചുമതലക്കാരനായ കെ. വിശ്വംഭരനു പകരം തൃശൂര്‍ ഗവണ്‍മെന്റ്‌ കോളജ്‌ പ്രിന്‍സിപ്പല്‍ ഡോ.സി.സി. ബാബുവിനെ നിയമിച്ചു. അടുത്ത തിങ്കളാഴ്‌ച കോളജില്‍ അധ്യയനം പുനരാരംഭിക്കും.

യൂണിവേഴ്‌സിറ്റി കോളജിലെ മിക്ക പ്രശ്‌നങ്ങള്‍ക്കും കാരണം പ്രിന്‍സിപ്പലിന്റെ നിലപാടില്ലായ്‌മയാണെന്ന ആരോപണങ്ങളുടെ പശ്‌ചാത്തലത്തിലാണു വിശ്വംഭരന്റെ സ്‌ഥാനചലനം.

കാമ്പസില്‍ വിദ്യാര്‍ഥിക്കു കുത്തേറ്റതറിഞ്ഞില്ലെന്ന പ്രിന്‍സിപ്പലിന്റെ പ്രതികരണം വിവാദമായിരുന്നു. യൂണിവേഴ്‌സിറ്റി കോളജിനൊപ്പം മറ്റ്‌ ആറു സര്‍ക്കാര്‍ കോളജുകളിലും സ്‌ഥിരം പ്രിന്‍സിപ്പല്‍മാരെ നിയമിച്ചു.

യൂണിവേഴ്‌സിറ്റി കോളജിലെ പരീക്ഷാക്രമക്കേടുകളില്‍ ഒരുവിഭാഗം അധ്യാപകര്‍ക്കു പങ്കുണ്ടെന്നും വിദ്യാര്‍ഥി നേതാക്കള്‍ക്കുവേണ്ടി മറ്റു വിദ്യാര്‍ഥികളെക്കൊണ്ടു പരീക്ഷയെഴുതിക്കുന്നതായും “സേവ്‌ യൂണിവേഴ്‌സിറ്റി കോളജ്‌ കാമ്പയിന്‍ കമ്മിറ്റി” വൈസ്‌ ചാന്‍സലര്‍ക്കു നല്‍കിയ നിവേദനത്തില്‍ ആരോപിച്ചു.

വിദ്യാര്‍ഥി നേതാക്കളുടെ മൂന്നുവര്‍ഷത്തെ ഉത്തരക്കടലാസ്‌ കൈയക്ഷരം പരിശോധിച്ചാല്‍ തട്ടിപ്പു കണ്ടെത്താം.

ഇതു സംബന്ധിച്ച അന്വേഷണവും ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കണമെന്നു കമ്മിറ്റി ചെയര്‍മാന്‍ ആര്‍.എസ്‌ ശശികുമാര്‍, കണ്‍വീനര്‍ ഷാജര്‍ ഖാന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

CLICK TO FOLLOW UKMALAYALEE.COM