യു.എ.പി.എ കേസ്: പ്രതികളില്‍ നിന്ന് പിടിച്ചെടുത്തത് മാവോയിസ്റ്റ് രഹസ്യരേഖയെന്ന് പോലീസ്; പകര്‍പ്പ് പുറത്ത് – UKMALAYALEE

യു.എ.പി.എ കേസ്: പ്രതികളില്‍ നിന്ന് പിടിച്ചെടുത്തത് മാവോയിസ്റ്റ് രഹസ്യരേഖയെന്ന് പോലീസ്; പകര്‍പ്പ് പുറത്ത്

Tuesday 5 November 2019 4:37 AM UTC

കോഴിക്കോട് Nov 5: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത വിദ്യാര്‍ത്ഥികളില്‍ നിന്ന് പിടിച്ചെടുത്തത് മാവോയിസ്റ്റ് രഹസ്യരേഖയെന്ന് പോലീസ്. ശത്രുവിന്റെ തന്ത്രങ്ങളും മാര്‍ഗങ്ങളും വിവരിക്കുന്ന രഹസ്യരേഖയില്‍ സംഘടനാ പ്രവര്‍ത്തനങ്ങള്‍ രഹസ്യമായി സൂക്ഷിക്കണമെന്നും നിര്‍ദ്ദേശിക്കുന്നു.

നഗരത്തിലും ഗ്രാമത്തിലും സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ പ്രത്യേകം വിവരിക്കുന്നുണ്ട്. രഹസ്യരേഖയുടെ പകര്‍പ്പ് ദൃശ്യമാധ്യമങ്ങളിലൂടെ പോലീസ് പുറത്തുവിട്ടു.

കോഴിക്കോട് പന്തീരാങ്കാവില്‍ മാവോയിസ്റ്റ് അനുകൂല ലഘുലേഖ വിതരണം ചെയ്തുവെന്ന് ആരോപിച്ച് താഹ ഫസല്‍, അലന്‍ ശുഹൈബ് എന്നീ യുവാക്കളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും സി.പി.എം പ്രവര്‍ത്തകരാണ്.

പതിനഞ്ച് ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്ത ഇരുവരുടെയും ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കും. ഇതിനിടെ ഇവര്‍ക്കെതിരെ യു.എ.പി.എ ചുമത്തിയത് പുനഃപരിശോധിക്കാന്‍ പ്രോസിക്യൂഷന്‍ സമയം തേടി.

പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് പ്രോസിക്യൂഷന്‍ അപൂര്‍വ നടപടി സ്വീകരിച്ചത്. ഇതോടെയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് ബുധനാഴ്ചത്തേക്ക് മാറ്റിയത്.

ഇതിനിടെ യുവാക്കള്‍ക്കെതിരെ കൂടുതല്‍ ആരോപണങ്ങളുമായി പോലീസ് രംഗത്ത് വന്നു. അറസ്റ്റിലായവര്‍ സി.പി.ഐ മാവോയിസ്റ്റ് പ്രവര്‍ത്തകരാണെന്ന് പോലീസ് ആരോപിച്ചു.

ഇവര്‍ മാവോയിസ്റ്റുകളുടെ കോഡ് ഭാഷ ഉപയോഗിച്ചിട്ടുണ്ടെന്നും മാവോയിസ്റ്റ് യോഗങ്ങളില്‍ പങ്കെടുത്തിട്ടുണ്ടെന്നും പോലീസ് ആരോപിക്കുന്നു.

അറസ്റ്റിലായിരിക്കുന്ന അലനും താഹയും വയനാട്ടിലും പാലക്കാടും എറണാകുളത്തുമാണ് മാവോയിസ്റ്റ് അനുകൂല യോഗങ്ങളില്‍ പങ്കെടുത്തത്. ഇതിന്റെ തെളിവായി യോഗത്തിന്റെ മിനിട്‌സ് ഉണ്ടെന്നും പോലീസ് പറയുന്നു.

സായുധ പോരാട്ടം നടത്തേണ്ടത് എങ്ങനെയാണെന്നുള്ള പുസ്തകങ്ങള്‍ ഇരുവരുടെയും പക്കല്‍ നിന്ന് ലഭിച്ചിട്ടുണ്ട്. യു.എ.പി.എ കേസില്‍ നേരത്തെ ഉള്‍പ്പെട്ടവര്‍ക്കൊപ്പമുള്ള ചിത്രങ്ങളും ഇവരുടെ പക്കല്‍ നിന്ന് ലഭിച്ചു.

പ്രതികള്‍ ആശയവിനിയമം നടത്തുന്നതിനായാണ് മാവോയിസ്റ്റ് ഭാഷ ഉപയോഗിച്ചത്. മാവോയിസ്റ്റ് അംഗങ്ങളുമായുള്ള ആശയവിനിയമം കോഡ് ഭാഷയിലായിരുന്നു.

ഈ കോഡ് ഭാഷ അടങ്ങുന്ന നോട്ട് ബുക്ക് താഹയുടെ വീട്ടില്‍ നിന്ന് കണ്ടെത്തി. ഈ നോട്ട്ബുക്ക് വായിക്കാന്‍ വിദഗ്ധരുടെ സഹായം തേടിയിട്ടുണ്ട്.

സംഭവത്തില്‍ ഉള്‍പ്പെട്ട മൂന്നാമനായി തിരച്ചില്‍ ശക്തമാക്കിയിരിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.

CLICK TO FOLLOW UKMALAYALEE.COM