യു.എന്‍.എയിലെ സാമ്പത്തിക ക്രമക്കേട് ആരോപണത്തില്‍ കേസ് എടുക്കാന്‍ ഡി.ജി.പിയുടെ ഉത്തരവ് – UKMALAYALEE

യു.എന്‍.എയിലെ സാമ്പത്തിക ക്രമക്കേട് ആരോപണത്തില്‍ കേസ് എടുക്കാന്‍ ഡി.ജി.പിയുടെ ഉത്തരവ്

Tuesday 11 June 2019 2:08 AM UTC

തിരുവനന്തപുരം June 11: നേഴ്‌സിംഗ് സംഘടനയായ യുണൈറ്റഡ് നേഴ്‌സസ് അസോസിയേഷനിലെ സാമ്പത്തിക ക്രമക്കേടില്‍ കേസെടുക്കാന്‍ ഡി.ജി.പിയുടെ നിര്‍ദ്ദേശം. ക്രൈംബ്രാഞ്ച് എ.ഡി.ജി.പിയുടെ ശിപാര്‍ശയിലാണ് ഉത്തരവ്.

യുണൈറ്റഡ് നേഴ്‌സസ് അസോസിയേഷന്റെ അക്കൗണ്ടില്‍ നിന്ന് മൂന്ന് കോടിയിലധികം രൂപ ദേശീയ പ്രസിഡന്റ് ജാസ്മിന്‍ ഷാ വെട്ടിപ്പ് നടത്തിയെന്നാണ് ആരോപണം.

വന്‍ സാമ്പത്തിക ക്രമക്കേട് നടന്നുവെന്ന ആരോപണമായതിനാല്‍ കേസെടുത്ത് ഓഡിറ്റ് നടത്തണമെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ ശിപാര്‍ശ. നാളെ കേസ് രജിസ്റ്റര്‍ ചെയ്യും.

ഇത്തരമൊരു പരാതിയില്‍ അന്വേഷണം നടത്തണമെങ്കില്‍ കേസെടുത്ത് വരവുചെലവ് കണക്കുകള്‍ ഓഡിറ്റ് ചെയ്യണം. എന്നാല്‍ മാത്രമേ ക്രമക്കേട് നടന്നിട്ടുണ്ടോയെന്ന് വ്യക്തമാകൂ എന്നായിരുന്നു ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്.

കേസില്‍ സമഗ്രമായ അന്വേഷണവും രേഖകളുടെ ഫോറന്‍സിക് പരിശോധനയും ആവശ്യമാണെന്ന് ക്രൈംബ്രാഞ്ച് എ.ഡി.ജി.പി നല്‍കിയ ശിപാര്‍ശയില്‍ പറയുന്നു. നിലവിലെ അന്വേഷണത്തോട് ജാസ്മിന്‍ ഷാ സഹകരിക്കുന്നില്ലെന്നും ശിപാര്‍ശയില്‍ പറയുന്നു.

യു.എന്‍.എയുടെ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തൃശൂര്‍ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിയാണ് ആദ്യം അന്വേഷണം നടത്തിയത്.

പ്രാഥമികാന്വേഷണത്തില്‍ ക്രമക്കേട് കണ്ടെത്താനായില്ല. തുടര്‍ന്ന് അന്വേഷണം തൃപ്തികരമല്ലെന്ന് പരാതി ഉന്നയിച്ചതിനെ തുടര്‍ന്നാണ് തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്.പിക്ക് അന്വേഷണം കൈമാറിയത്.

CLICK TO FOLLOW UKMALAYALEE.COM